പെട്ടന്ന് ഒട്ടും പ്രതീക്ഷിക്കാതെ അവൾ ജനൽ ചാരിയടച്ചു, ഇനിയും ഇങ്ങനെ നിന്നാൽ എനിക്കവളോട് പ്രണയം തോന്നിപോകും, എന്നവൾക്ക് മനസ്സിലായിക്കാണും. അടഞ്ഞ ജനലിൽ അല്പൻനേരം നോക്കിയ, ഞാൻ കൈ ഉയർത്തി അതിൽ നിരാശയോടെ ഒന്ന് തഴുകി. സ്വന്തം സഹധര്‍മ്മണിയെ ഒരിക്കൽ പോലും അറിഞ്ഞൊന്നു തൊട്ടിട്ടില്ലാത്ത ഒരു പതിയുടെ തലോടൽ, അവൾ അടഞ്ഞ ജനലിനപ്പുറത്തു, പാളികളിൽ നെറ്റിതടം ചേർത്ത് ഇതേപോലെത്തന്നെ നിൽപ്പുണ്ടെന്നു എനിക്ക് ഉറപ്പായിരുന്നു.
“മീനാക്ഷി….” (വിറയ്ക്കുന്ന കണ്ഠതോടെ ഞാൻ വിളിച്ചു)
ഉണ്ണിയേട്ടൻ പൊയ്ക്കോ… നേരം ഒരുപാടായി (അവളുടെ ശബ്ദവും വിറയ്ക്കുന്നുണ്ടായിരുന്നു)
ഞാൻ തിരിഞ്ഞു നടന്നു. സിരകളിൽ ഇന്നുവരെ തോന്നാത്ത ഒരു ചോരയോട്ടം. മനസ്സിൽ സുഖമുള്ളൊരു തണുപ്പ്. മനോവ്യാപാരങ്ങളിൽ മുഴുകി നടന്ന ഞാൻ, പക്ഷെ നടക്കുന്ന സ്ഥലം ഓർത്തില്ല. കാലുതെറ്റി ഉരുണ്ടുപെരണ്ട് താഴെവീണു. മൂക്കിൽ പുതുമണ്ണിന്റെ ഗന്ധം. പെട്ടന്ന് തന്നെ അടച്ച ജനൽ മലർക്കെ തുറന്ന്, അവൾ ആശങ്കയോടെ എന്നെനോക്കി. കവിളുകൾ ഉണ്ണിയപ്പം കുത്തിനിറച്ച്, നെയ്യിൽ പൊരിച്ച ഒരു വലിയ ഉണ്ണിയപ്പം കണക്കെ ഉരുണ്ടു നിൽപ്പുണ്ട്. ആ കണ്ണുകൾ കരിനീല ആകാശത്തിൽ പരൽമീനുകൾ നീന്തുംപോലെ തോന്നിച്ചു. അഴിഞ്ഞു വീണ കേശഭാരം രാകാറ്റിൽ ഇളകിയാടി. അവൾ അരയ്ക്കു മുകളിൽ പകുതിയോളം, ജനലിനു പുറത്താണ്. ഈശ്വര ഈ പെണ്ണ് അവിടന്നങ്ങാൻ വീണാലോ. ഞാൻ വേഗം അവളെ സമാധാനിപ്പിക്കാൻ കൈ ഉയർത്തിക്കാട്ടി പറഞ്ഞു,
: ഒന്നും പേടിക്കണ്ട ഞാൻ ചെറിയ ഒരു സ്‌കിൽ ഇട്ടതാണ്. എനിക്കിതൊക്കെ പുല്ലാണ്.
അവൾ പോയില്ല, ഞാൻ പറഞ്ഞതു വിശ്വസിച്ചും ഇല്ല. ഞാൻ മുഖത്തെ പുല്ലും, മണ്ണും തുടച്ചു മതിലുംചാടി കാറിനടുത്തേക്ക് നടന്നു.
കാർ മുന്നോട്ടു പോകുമ്പോൾ റിയർവ്യൂ കണ്ണാടിയിൽ നോക്കി, അവൾ അനങ്ങാതെ അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു മിഴിപോലും ചിമ്മാതെ,
“ഒബ്ജെക്ട്സ് ഷോൺ ഇൻ ദി മിററർ, ആർ ക്ലോസ്സർ ദാൻ ദേ അപ്പിയർ.” (കണ്ണാടിയിൽ കാണുന്ന വസ്തുക്കൾ, നിങ്ങൾ കാണുന്നതിലും വളരെയടുത്താണ്)
കണ്ണാടിയിൽ അവളോട് ചേർത്തെഴുതിയ വാചകം ഞാൻ വായിച്ചു….
*****************************
ഇന്നലെ കട്ടിലിൽ ആണ് കിടന്നതു, ചിന്തകളെ വകഞ്ഞുമാറ്റി കടന്നുവന്ന ഉറക്കം ഉഗ്രരൂപിയായിരുന്നു, അതുകൊണ്ടു തന്നെ രാവിലെ പതിവിലും കൂടുതൽ ഉന്മേഷം തോന്നി, ജീവിതത്തിന്റെ താളം തിരിച്ചു കിട്ടിയതുപോലെ.