വേണ്ടായിരുന്നു, ഒന്നും വേണ്ടായിരുന്നു. എങ്കിലും അവളുടെ മുഖത്തു അവസാനം അവശേഷിച്ചതൊരു പുഞ്ചിരിയായിരുന്നു. ഇതൊക്കെ ലോകത്തു ആർക്കെങ്കിലും സംഭവിക്കുന്ന കാര്യങ്ങൾ ആണോ, പാവം ഉണ്ണിയേട്ടൻ. എന്റെ നല്ലതിന് വേണ്ടി ചെയ്തതാണ്, ഇങ്ങനൊരു അബദ്ധത്തിൽ ചെന്ന് വീഴുമെന്ന് വിചാരിച്ചു കാണില്ല.
അവൾ വെറുതെ ഓരോന്ന് ആലോചിച്ചു ചിരിച്ച് എഴുന്നേറ്റു.
വരണ്ട മുഖത്തു തണുത്ത വെള്ളം വീണപ്പോൾ അവൾക് ഒരു ആശ്വാസം തോന്നി, കാലാവസ്ഥയും ഭക്ഷണവും ശരിയായി വരുമായിരിക്കും, ഭക്ഷണം കുറഞ്ഞതിൽ പിന്നെ എപ്പോഴും ക്ഷീണം ആണ്. ഒന്നും ചെയ്യാൻ മൂഡില്ല. ആകെ ഉള്ള ആശ്വാസം കുമുദം ആണ്. അവൾക്കാണെങ്കി എപ്പോഴും പിടിപ്പതു പണിയുണ്ട്, അവൾ വെറുതെ ഇരുന്നൊന്നു കണ്ടിട്ടില്ല, പക്ഷെ എന്റെ എല്ലാ കാര്യങ്ങളും അവൾക്കറിയാം, ഇടയ്ക്കിടയ്ക്ക് ഓടിവന്നു മുറി മലയാളത്തിൽ, തമിഴും കൂട്ടി എന്തൊക്കെയോ പറയും ചിലതു എനിക്ക് മനസ്സിലാവില്ല. എങ്കിലും ആളുകളെ മനസിലാക്കാൻ ഭാഷ ഒരു അവശ്യഘടകം അല്ലല്ലോ. അവൾ അവിടെ ഇല്ലെങ്കിലും അവൾ എല്ലാം അറിയുന്നുണ്ടായിരിക്കും. ഇടയ്ക്കു തോന്നും അവൾക്കു തലയ്ക്കു പിന്നിലും കണ്ണുകൾ ഉണ്ടെന്നു, ഉള്ളിലേക്ക് ചൂഴ്ന്നിറങ്ങാൻ മാത്രം മൂർച്ചയുള്ളവ.
വീണ്ടും ഒരു വട്ടംകൂടി വെള്ളം മുഖതൊഴിച്ചു, വെള്ളം ചുവപ്പു വർണ്ണത്തിൽ ഒഴുകിയിറങ്ങി, പൊള്ളുന്ന ചൂടിൽ നിന്നും പെട്ടന്ന് തണുപ്പിലേക്കുള്ള മാറ്റം അവളുടെ മൂക്കിലെ മൃദുലമായ ഞരമ്പുകൾക്കു ഉൾകൊള്ളാൻ കഴിഞ്ഞില്ല. അവ പൊട്ടി പ്രതിഷേധം ചുവപ്പു വർണ്ണത്തിൽ അറിയീച്ചു.
ചൂട് ശരീരത്തിന് താങ്ങാൻ പറ്റുന്നതിലും അപ്പുറം ആണ്.ഹോസ്റ്റൽ വെള്ളവും തലയ്ക്കു പിടിക്കുന്നില്ല, അവൾ മുടിപിടിച്ചു നോക്കി വരണ്ടു ചകിരിപോലെ ജടപിടിച്ചിരിക്കുന്നു, നാളെ എണ്ണതേച്ചു നേരേയാക്കണം.
യാതൊരുവിധ സന്തോഷവും തോന്നുന്നില്ല, തൻമാത്രം ലോകത്തിൻറെ ഏതോ ഒരുകോണിൽ ഒറ്റപെട്ടു പോയതുപ്പോലെ.
അവൾ വീണ്ടും കട്ടിലിൽ പോയിരുന്നു, അതാണ് ഇപ്പോൾ അവളുടെ ഒരേഒരു അഭയകേന്ദ്രം. അത്ഭുതമെന്നെ പറയേണ്ടതുള്ളൂ അവിടെ അങ്ങനെ ഇരുന്നപ്പോൾ അരവിന്ദന്റെ മനസ്സിലൂടെ മിന്നിമറഞ്ഞ അതെ ചിന്ത അവളിലൂടെയും കടന്നു പോയി,
“ഈ നശിച്ചമാസം വേഗം ഒന്ന് കടന്നു പോയിരുന്നെങ്കിൽ”
എങ്കിലും തനിക്ക് ഈ മാസം മറക്കാൻ പറ്റില്ല ജീവിതത്തിൽ ഒരിക്കലും, അവൾ വീണ്ടും താലിയിൽ പിടിച്ചു മുഖത്തിനു നേരെ വച്ചു ആത്മഗതം പറഞ്ഞു തുടങ്ങി.