ലക്ഷ്മി അമ്മാൾ ചൂടാവും എന്ന് പ്രതീക്ഷിച്ചാണ് ഞാൻ അവരുടെ മുഖത്തേക്ക് നോക്കിയത്. പക്ഷെ ഞാൻ അവിടെ കണ്ടത് തിരുവാതിരക്കു വച്ച നിറദീപമെന്നോണം ഒരു നിറഞ്ഞ പുഞ്ചിരിയാണ്.
: ആവി മോനെ, ഒന്നിച്ചു ജീവിക്കാൻ എല്ലാവര്ക്കും കഴിഞ്ഞെന്നു വരില്ല, ഓരോരുത്തരും ഓരോ തരം വ്യക്തികളല്ലേ. അതുകൊണ്ടു ദാമ്പത്യ ജീവിതത്തിൽ നിന്നൊരു പിൻവാങ്ങലും വേണ്ടത് തന്നെ.
(അവർ വീണ്ടും ഒരു ശാന്തമായ ചിരിയോടെ പറഞ്ഞു തുടർന്നു)
എങ്കിലും നല്ല സ്നേഹിതരായി ഇരിക്കാമല്ലോ ഈ ജീവിതകാലം മുഴുവൻ. ജീവിതം വളരെ ചെറുതാണ് ആവി, അത് നമ്മൾ മനസ്സിലാക്കി വരുമ്പോഴേക്കും വളരെ വൈകിയിരിക്കും. ഈ ചരട് ഒരു അടയാളമാണ്, നമ്മൾ ഒരിക്കൽ അന്തമായി പരസ്പരം സ്നേഹിച്ചിരുന്നു, ഏതു മോശം അവസ്ഥയിലും നമ്മൾ അത് തുടർന്നുകൊണ്ടിരിക്കും എന്ന മൗനമായ വാക്ക്.
അവരുടെ വാക്കുകൾ എന്റെ മനസ്സിൽ ചിന്തയുടെ കടന്നൽകൂടു പൊട്ടിച്ചു, ചെവിയിൽ മൂളക്കം നിറഞ്ഞു.
വാക്ക്, ഞാൻ കൊടുത്ത വാക്ക്. അതാണ് എന്നെ വേട്ടയാടുന്നത്. ഏതു മോശം അവസ്ഥയിലും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അവൾക്കൊപ്പം ഉണ്ടാവും എന്ന വാക്ക്.
സ്നേഹിതൻ, മീനാക്ഷിയുടെ സ്നേഹിതൻ. എനിക്കെന്തുകൊണ്ട് ജീവിതകാലം മുഴുവൻ അവൾക്കു സ്നേഹിതൻ ആയിക്കൂടാ. എന്ത് കൊണ്ടോ ആ ചിന്ത എനിക്കു വല്ലാത്തൊരു ഊർജം നൽകി.
ലക്ഷ്മി അമ്മാൾ പോയതും ചുവന്നുതുടുത്ത സന്ധ്യയെ, രാത്രി കറുത്ത കമ്പളം പുതപ്പിച്ചതും അറിയാതെ ഞാൻ ഹാളിലെ തണുത്ത തറയിൽ കിടന്നു മനക്കോട്ട കെട്ടി.
*********************************
അതെ സമയം കോളേജ് ഹോസ്റ്റലിൽ…..
കോളേജ് വിട്ടു തളർന്നു റൂമിലെത്തി മീനാക്ഷി ബാഗ് ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു കട്ടിലിൽ കയറി കാൽമുട്ടുകളിൽ തലയൂന്നി പൊട്ടിപൊളിഞ്ഞ ചുവരിൽ നോക്കിയിരുന്നു. എല്ലാത്തിനോടും ദേഷ്യം, എല്ലാവരോടും ദേഷ്യം. ദേഷ്യം അടക്കാൻ പറ്റണില്ല.
ഒടുക്കത്തെ ചൂടും, ഭാഷയറിയാത്ത മനുഷ്യരും, വായിൽ വയ്ക്കാൻ കൊള്ളാത്ത ഭക്ഷണവും, വൃത്തിയും വെടുപ്പെന്നുള്ളത് ഈ ഹോസ്റ്റലിൽ ആർക്കും അറിയ തന്നെ ഇല്ലന്ന് അവൾക്കു തോന്നി. വല്ലാത്തൊരു അപരിചിത ലോകത്താണ് താൻ വന്നുപെട്ടിരിക്കുന്നത്. വരണ്ടീരുന്നില്ലന്ന ചിന്ത അവളിൽ കടന്നുപ്പെട്ടു.
പെട്ടന്ന് അവൾ എന്തോ ആലോചിച്ചു ആ താലി പുറത്തെടുത്തു. ഊരികളയണോ ഉണ്ണിയേട്ടൻ പറഞ്ഞപോലെ. അവൾ രണ്ടു ഭാഗത്തെയും നൂലിൽ പിടിച്ചു, സോഡാമൂടി പമ്പരംപോലെ ആ താലിയൊന്നു കറക്കി നോക്കി, മനസ്സിൽ പലതരം ആശങ്കകൾ മിന്നിമറഞ്ഞു, അതവളുടെ നിർമലമായ മുഖത്തും പ്രതിഫലിച്ചു.