മീനാക്ഷി കല്യാണം 2 [നരഭോജി]

Posted by

എന്നിരുന്നാലും അപ്പോൾ ആ നിമിഷം എന്നെയും ഈ ഭൂമിയെയും തന്നെ ഒരു പട്ടമെന്നോണം ബന്ധിപ്പിച്ചു നിർത്തുന്ന  ഒരേഒരകലം ആ ഒരുമുഴം മഞ്ഞചരടാണെന്നു എനിക്ക് തോന്നി പോയി .

ഞാൻ നിസഹായനായി, ആ തിരക്കുകൾക്കിടയിൽ ആരാലും ശ്രദ്ധിക്കപെടാതെ സോഫയിൽ ചാരി പതിഞ്ഞിരുന്നു, ഇടതുകൈ അതിൽ  കയറ്റിവച്ച് അക്ഷരാർത്ഥത്തിൽ തളർന്നു വീണുകിടന്നു .

 

പ്രണയം …… കാറ്റിൽ പ്രണയം താളം കെട്ടി കിടന്നു, എന്താണെന്നു തന്നെ തിരിച്ചറിയപ്പെടാതെ.

ഞാൻ ശ്വാസം വലിച്ചു, കിട്ടുന്നില്ല , ശക്തിയിൽ ഒന്നുരണ്ടു വട്ടംകൂടി വലിച്ചു, ഇല്ല കിട്ടുന്നില്ല. ഞാൻ ദയനീയമായി ശബ്‍ദം ഉണ്ടാക്കി വീണ്ടും വലിക്കാൻ നോക്കി ഇല്ല രക്ഷ ഇല്ല , എന്റെ കണ്ണ് നിറഞ്ഞു , ഞാൻ എല്ലാവരെയും നോക്കി , എല്ലാവരും ഭയന്നു വിറങ്ങലിച്ചു നിൽപ്പാണ്‌ . ഞാൻ ഇടതുവശത്തു ഒരു ഓരത്ത് ഇട്ടിരിക്കുന്ന മരത്തിന്റെ കബോർഡിലേക്കു കൈ ചൂണ്ടി , നിമിഷനേരത്തിൽ കാര്യം മനസ്സിലായ അഭി ചാടി എഴുന്നേറ്റു അതിൽ കിടന്നിരുന്ന ഇൻഹേലർ എടുത്തു എനിക്ക് കൈയിൽ വച്ച് തന്നു. രണ്ടു ഷോട്ട് എടുത്തു ഞാൻ എല്ലാവരെയും നോക്കി നിഷ്കളങ്കമായി പുഞ്ചിരിച്ചു. മീനാക്ഷി ഒഴിച്ച് എല്ലാവരും നോർമൽ ആയി. അവൾ അപ്പോഴും വിറക്കുന്നുണ്ടായിരുന്നു, അഞ്ജനമെഴുതാത്ത ആ മിഴികൾ അപ്പോഴും നിറഞ്ഞു നില്പുണ്ടായിരുന്നു.

വലിവ് പണ്ടും ഉള്ളതാണ്,പാരമ്പര്യം ആയി കിട്ടിയതാണ്, അമ്മക്കും ഉണ്ടായിരുന്നു , ഇത്ര ഭീകരം ആവാറില്ല, ഇന്നത്തെ ടെൻഷൻ ആവും കാരണം.

മീനാക്ഷിയെ നിർബന്ധിച്ചു റൂമിൽ കിടന്നുറങ്ങാൻ വിട്ടു , ഞങ്ങൾ പിന്നെയും കുറെ നേരം അങ്ങനെ ഇരുന്നു മദ്യം തീർന്നു , എല്ലാവരും ഫ്ലാറ്റ് ആയി .

അത്യാവശ്യം ഫിറ്റായ അഭി എന്നെന്നോട് അടുത്ത് സോഫയിൽ ചാരി ഇരുന്നു. പറഞ്ഞു തുടങ്ങി.

അഭി : സത്യം പറഞ്ഞാൽ ഇന്ന് ഞാൻ വളരെ സന്തോഷവാനാണെടാ, ഈ കല്യാണം , ഒളിച്ചോട്ടം , ബഹളം , ഒന്നും എന്നെ ബാധിച്ചിട്ടേ ഇല്ല, നിന്നെ കാണാൻ പറ്റി , നിന്റെ ഒപ്പം കുറച്ചു നേരം പണ്ടത്തെ പോലെ  ഇരിക്കാൻ പറ്റി. ഞങ്ങൾ ഒക്കെ ഇത്രനാൾ മരിച്ചപോലെ ആയിരുന്നെടാ , അച്ഛനെ നീ കാണണം ഒരുപാട് മാറിപോയി, ഒരു ജീവശവം പോലെ ആയി മാറി, അന്ന് മരിച്ചത് അമ്മ മാത്രം അല്ല , ഞങ്ങൾ എല്ലാവരും ആയിരുന്നു , നമ്മൾ എല്ലാവരും ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *