മീനാക്ഷി
Meenakshi bY Shambu
മാനേജിംഗ് ഡയറക്ടറുടെ വേക്കേന്‍സി പത്രത്തില്‍ കണ്ട നമ്പറിലേക്ക് വിളിച്ചു. തരക്കേടില്ലാത്ത ശമ്പളം കമ്പനി വക താമസം, ഭക്ഷണം, വാഹനം എന്നൊക്കെ കേട്ടപ്പോള്‍ കോരിത്തരിച്ചു. എം ബി എ കഴിഞ്ഞ് റിസള്‍ട്ട് പോലും വന്നിട്ടില്ലാത്ത എന്നോട് ‘അതൊന്നും കുഴപ്പമില്ല, ഞങ്ങള്‍ ഇന്റര്‍വ്യൂ പെര്‍ഫോര്‍മന്‍സ് മാത്രമേ നോക്കുന്നുള്ളൂ’ എന്ന്‍ പറഞ്ഞത് ഏറെ ആശ്വാസമായി. പക്ഷെ ഒരു കുഴപ്പം രണ്ട് വര്‍ഷത്തെ ബോണ്ട് ഉണ്ട്. അതൊന്നും കാര്യമാക്കാതെ കന്നി ഇന്റര്‍വ്യൂ പാസ് ആയ സന്തോഷത്തില്‍ കോണ്ട്രാക്റ്റ് ഒപ്പിട്ടു.
ഹെഡ് ഓഫീസില്‍ നിന്നും കമ്പനി വക കാറില്‍ ജോലി സ്ഥലത്തേക്ക് എന്നെ കൊണ്ടുപോയി. കണ്ടാല്‍ നല്ലൊരു വീട് പോലെ തോന്നിക്കുന്ന ഓഫീസ് കെട്ടിടം. വണ്ടിയില്‍ നിന്ന്‍ ഇറങ്ങിയപ്പോള്‍ മനസ്സിലായി അതൊരു വീട് തന്നെയാണ്. ഒരു വൃദ്ധ സദനം. ദൈവമേ ഇത്തരം ട്രാജടികള്‍ സിനിമയിലെ കണ്ടിട്ടുള്ളു. ഇവിടുത്തെ ആളുകളുടെ പ്രശ്നങ്ങള്‍ തീര്‍ക്കുക, കണക്ക് കൊടുക്കുക ഇതൊക്കെയാണ് എന്റെ ധര്‍മ്മം. പാതി ചത്ത എനിക്ക് എന്നെ പരിചയപ്പെടാന്‍ വന്ന അമ്മമാര്‍ എന്താണ് ചോദിച്ചതെന്നോ ഞാനെന്താണ് മറുപടി കൊടുത്തത് എന്നോ ഒരു ഓര്‍മ്മയുമില്ല.
ദിവസങ്ങള്‍ കൊണ്ട് ഞാനും അവിടത്തെ ഒരു അന്തേവാസിയായി മാറി. മക്കള്‍ വലുതായപ്പോള്‍ ഇറക്കി വിട്ട അമ്മമാരെ കുറിച്ച് മാത്രമേ പുറം ലോകത്ത് അറിയൂ. എന്തിന് ഇറക്കി വിട്ടു എന്ന്‍ അധികമാരും ചിന്തിക്കാറില്ല. മക്കളുടെ ഭാഗത്ത് പൂര്‍ണ്ണമായും തെറ്റ് ചാര്‍ത്തി സമൂഹം അവരെ തരം താഴ്ത്തുകയാണ് പതിവ്.
ഇവിടെ പരിചയപ്പെട്ട ഒരമ്മ മരുമകളും അവര്‍ക്കുണ്ടായ മോളും കുടുംബത്തിനു ശാപമാണെന്ന് ഏതോ മന്ത്രവാദി പറഞ്ഞത് അനുസരിച്ച് അവരെ കൊല്ലാന്‍ നോക്കി. ഭാഗ്യത്തിന് തക്ക സമയത്ത് മകന്‍ കണ്ട് പിടിച്ചത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി. കുടുംബത്തില്‍ നിന്നും പുറത്താക്കിയ അവരെ ബന്ധുക്കളും സ്വന്തക്കാരും കയ്യൊഴിഞ്ഞു. അവസാനം ഈ സദനത്തില്‍ അഭയം പ്രാപിച്ചു. ഇപ്പോള്‍ മകനും മരുമകളും ഇറക്കി വിട്ടു എന്ന്‍ പറഞ്ഞ് ഗാര്‍ഹിക പീഡനം മറ്റ് വകുപ്പുകളൊക്കെ ചേര്‍ത്ത് കേസ് കൊടുത്തിരിക്കുകയാണ്. കൂടെ സത്യമെന്തെന്ന് തിരക്കാക്കാത്ത, തിരക്കാന്‍ ആഗ്രഹിക്കാത്ത കുറെ ജനങ്ങളും മീഡിയയും.