അവളുടെ കാതിലേക്കും ആ മഴയുടെ ഇരമ്പൽ എത്തിച്ചേർന്നു.
മഴയെ പ്രണയിക്കുന്നവൾ.
അതാണവളുടെ പേര്.
എന്നും മഴ അവൾക്കൊരു ലഹരിയാണ്.
സിരകളെ മത്തു പിടിപ്പിക്കുന്ന ഒരുതരം ഉന്മാദ ലഹരി.
ആ മഴ നനയാൻ അവൾ കൊതിച്ചു.
ആഗ്രഹം മനസിലെ കടിഞ്ഞാൺ പൊട്ടിച്ചു വെളിവായതും അവൾ കിടന്ന കിടപ്പിൽ നിന്നും എണീക്കാൻ നോക്കി.
പക്ഷെ സാധിക്കുന്നില്ല.
അവൾ പിന്നെയും ശ്രമിച്ചു.
സാധിച്ചില്ല.
ഒടുക്കം ശക്തിയിൽ അവൾ എണീറ്റു നിന്നു.
കാന്തത്തിൽ നിന്നും അടർന്നു മാറുന്ന പോലെ.
പക്ഷെ മുന്നിലുള്ള കാഴ്ച കണ്ടു ആ പെണ്കുട്ടി നടുങ്ങി.
വെള്ളപുതപ്പിച്ചു കിടത്തിയ എന്റെ ശരീരം.
എനിക്ക് പാകമായ ഒരു പെട്ടിയും.
എന്തിനാണ് ഞാൻ കണ്ണടച്ചു കിടക്കുന്നത്?
കാരണം ഞാൻ ഉറങ്ങുകയാണ്.
ദീർഘമായ ഉറക്കം.
ഒരിക്കലും ഉണരാത്ത ഉറക്കം.
അനന്തമായ ഉറക്കം.
സ്വന്തം മൃതദേഹത്തിലേക്ക് അവളുടെ കണ്ണുകൾ പാഞ്ഞു.
എന്തായിരുന്നു ആ മുഖത്തു തെളിഞ്ഞത് ?
ഒരു തരം നിസംഗതാ ഭാവം മാത്രം.
കറുത്തിരുണ്ട സന്ധ്യ.
കോരിച്ചോരിയുന്ന മഴ ആ പള്ളി മുറ്റത്തിനെയാകെ നനച്ചുകൊണ്ടിരുന്നു.
ആകെ ഇരുട്ട് മൂടിയ അന്തരീക്ഷം.