“അതുശരി നിനക്കിതൊക്കെ ചെയ്തുതരുവേം വേണം, എന്നിട്ട് നിനക്കെന്നെ കുറ്റം പറയുവേം വേണം അല്ലേടീ?”
ഞാന്‍ അവിടെനിന്നും എണീറ്റ് ഡ്രെസ്സിംഗ് മേശയുടെ വലിപ്പു തുറന്നു, അതിലെ ടൈറ്റൻ ബോക്സിലെ കറുത്ത നിറമുള്ള കപ്പിൾ വാച്ചിൽ എന്‍റെ എടുത്ത് കയ്യില്‍ കെട്ടി അവളുടേത് അവൾക്കുനേരെ നീട്ടി. സാരിയെല്ലാം ഭാഗിയായി പിന്നുകുത്തി വയർ കാണാത്തരീതിയിലാക്കി എന്‍റെ കയ്യിലിരുന്ന വാച്ചുവാങ്ങിക്കെട്ടി, കണ്ണാടിയുടെ മുന്നിലേയ്ക്ക് നിന്നു കണ്ണെഴുതി ഒരു കുഞ്ഞ് പൊട്ടും തൊട്ട് അലമാരിയുടെ മുന്നിലേയ്ക്ക് പോയി. അലമാരിയിൽ നിന്നും അവളുടെ ബാഗും കോട്ടും പിന്നെ എന്‍റെ ബാഗുമെടുത്ത് ഞങ്ങള്‍ താഴേയ്ക്കിറങ്ങി.
താഴേയ്ക്ക് ചെല്ലുമ്പോൾ ചാച്ചന്‍ ഒരുങ്ങി ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു. ഹാളിലെ കീ ഹാങ്ങറിൽ നിന്നും ജീപ്പ് കോംപസ്സിന്‍റെ ചാവിയെടുത്ത് മുറ്റത്ത് കിടക്കുന്ന ചുവന്ന വണ്ടിയിലേക്ക് കയറി. ചാച്ചൻ മുന്നിലും ചിന്നു പിന്നിലും സ്ഥാനം പിടിച്ചു. മുത്തിനെ വഴക്കുപറഞ്ഞിറക്കിക്കൊണ്ട് വാതിലും പൂട്ടി അമ്മച്ചിയും വന്നു.
” വീട് പൂട്ടിയല്ലോല്ലെ?”
“ആം പൂട്ടി “
ഒന്നുകൂടെ ഉറപ്പിച്ചുകൊണ്ട് അമ്മച്ചി ചാച്ചനോട് പറഞ്ഞു.
“എന്നാ പോവാം “
ഞങ്ങളുടെ സ്വന്തം കുരുവിക്കൂട്ടിൽ നിന്നും മലയിറങ്ങി ജീപ്പ് കോമ്പസ്സ് മുന്നോട്ട് നീങ്ങുമ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി, താഴ്വാരത്തുനിന്നു പിന്നെയും കോട കേറിവരുന്നുണ്ടായിരുന്നു.