അനിയത്തിയെ വീട്ടിൽ മുത്ത് എന്നാണ് വിളിക്കാറ്
“ഇപ്പൊ എണീറ്റതെ ഒള്ളു ചാച്ചാ, പല്ലുതേക്കാൻ കേറീട്ടുണ്ട്”
ഒരു കയ്യിലെ ചായ എനിക്ക് തന്നുകൊണ്ട് അവൾ എന്‍റെ അടുത്തുവന്നിരുന്നു പത്രം വായിക്കാൻ കൂടി. രാവിലെ എല്ലാരുംകൂടെ തിണ്ണയിൽ ഇരുന്നു ചായകുടി പതിവുള്ളതാണ്.
“അങ്ങേപ്പറമ്പിൽ വാഴക്ക് കുറച്ച് പണിയുണ്ടാരുന്നു, ആ ദിനേശനെ കണ്ടിട്ട് കുറച്ചുപേരെ കൂട്ടി വരാൻ പറഞ്ഞേരെ “
പത്രം മടക്കിവെച്ച് അമ്മച്ചിയുടെ കയ്യിൽ നിന്നും ചായ വാങ്ങുന്നതിനിടെ ചാച്ചൻ പറഞ്ഞു.
“വൈകീട്ട് അങ്ങാടിയിൽ കാണുവാണേൽ നേരിട്ട് പറയാം”
” ശനിയാഴ്ച തൊട്ട് തുടങ്ങിക്കോട്ടെ, പിന്നെ ആ ചൂട്ടെല്ലാംകൂടെ വാരിക്കൂട്ടി കത്തിച്ചു പറമ്പൊക്കെ ഒന്നു വൃത്തിയാക്കണം, മഴയുടെ തോർച്ചനോക്കി കത്തിച്ചാ മതി പൊകഞ്ഞു കത്തിക്കോളും “
“ഞാൻ പുള്ളിയോട് പറയാം”
“സീതാമ്മേ …”
നീട്ടിവിളിച്ചുകൊണ്ട് അകത്തുനിന്നും മുത്തിറങ്ങിവന്നു. നേരെ വന്നു ചിന്നുവിന്‍റെ മടിയിലേക്ക് തലവച്ചു തിണ്ണയിൽ കിടന്നു.
“എന്‍റെ ചായ തട്ടിക്കളയും ഈ പെണ്ണ്”
കപട കോപത്തോടെ അവളുടെ കവിളുപിടിച്ചു കുലുക്കിക്കൊണ്ട് ചിന്നു പറഞ്ഞു.
“കെട്ടിക്കാൻ പ്രായമായ കൊച്ചാ, കുഞ്ഞുകളി ഇതുവരെ മാറിയില്ല, അതെങ്ങനാ എല്ലാത്തിനും നീ സപ്പോർട്ട് അല്ലെ?”
“അത് പോട്ടെ അമ്മച്ചി ഇവിടെയല്ലാതെ വേറെ എവിടാ അവൾക്ക് ഇങ്ങനെ ഒക്കെ നടക്കാൻ പറ്റുന്നെ, അല്ലെടി പെണ്ണെ?”
ഞാനും മുത്തും തമ്മിൽ 7 വയസ്സിന്‍റെ വ്യത്യാസം ഉണ്ട് , എന്നെക്കാളും രണ്ടുവയസ്സിനു മൂത്തതാണ് ചിന്നു അവൾക്ക് ഈ ജനുവരിയിൽ 29 വയസ്സായി. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ആറുമാസം കഴിഞ്ഞു ചിന്നു വന്നുകയറിയ അന്നുതൊട്ട് അവളുടെ പുറകെ തന്നാ മുത്ത്, അമ്മച്ചിടെ അടുത്ത് അധികം കൊഞ്ചാൻ സമ്മതിക്കാത്തത്കൊണ്ട് അവളുട കുസൃതിയും കൊഞ്ചലും ഒക്കെ ഇപ്പൊ ചിന്നുവിന്‍റെ അടുത്താണ്. ചിലനേരത്തെ മട്ടും ഭാവവും കണ്ടാൽ അമ്മയും മോളും പോലാണ് , പലപ്പോഴും അസൂയയോടെ അവരെ ഞാൻ നോക്കിനിന്നിട്ടുണ്ട്.
“ഇന്ന് വ്യാഴാച അല്ലെ? വൈകീട്ട് അമ്പലത്തിൽ പോകുമ്പോൾ ഞാനും വരും”
“പറയുന്ന കേട്ടാ തോന്നും ആദ്യായിട്ട വരണെന്നു, എപ്പോഴും നീ വരണതല്ലേ?”
ഇവിടെ ഇങ്ങനൊക്കെയാണ് മതത്തിൽ തളച്ചിടാത്ത ദൈവവിശ്വാസികളാണ് എല്ലാവരും, പള്ളിയിൽ പോകേണ്ടവർ പള്ളിയിലും അമ്പലത്തിൽ പോകേണ്ടവർ അമ്പലത്തിലും പോകും ഒന്നിനും ഒരു തടസ്സമോ നിർബന്ധമോ ഇല്ല.
ചായകുടികഴിഞ്ഞു വർത്താനം നിർത്തി അവർ അടുക്കളയിലേക്ക് പോയി. 8.30 ആയപ്പോഴേക്കും എല്ലാവരും കാപ്പികുടി കഴിഞ്ഞു, പോകാന്‍ ഉള്ള പരിപാടിയിൽ ആയി. കഴിച്ച പാത്രങ്ങളൊക്കെ എടുത്ത് പെൺപട