ഞാൻ നേരെ അടുക്കളയിൽ ചെന്നു. അപ്പോൾ അവിടെ ഒരു സ്ത്രീ പണിയെടുക്കുന്നുണ്ട്. വേലക്കാരി ആയിരിക്കും. എന്നെ കണ്ടപ്പോൾ അവർ ഒരു ചിരി തന്നു. ഞാൻ തിരിച്ചും ചിരിച്ചു. ” കുഞ്ഞു നേരത്തെ എണീറ്റല്ലോ”
ഞാൻ : ” ചേച്ചിയുടെ പേര് ”
അവർ : ” സുമ ”
ഞാൻ : ” സുമ ചേച്ചി ഇവിടെ സ്ഥിരം ആണോ ”
സുമ : ” അഞ്ചാറു കൊല്ലമായി ഇവിടെ ആണ് കുഞ്ഞേ. ”
ഞാൻ : ” ഹ്മ്മ്. ഇവരൊക്കെ എപ്പോളാ എണീക്കുന്നെ ”
സുമ : ” സാർ രാവിലെ എണീക്കും. പിള്ളേർ എല്ലാരും വൈകും. മോൾ ഒരു കാര്യം ചെയ്യ് ഇത് കൊണ്ട് പോയി റോഷൻ കുഞ്ഞിന് കൊടുക്ക് ” അവർ എന്റെ നേരെ ഒരു കപ്പ് ചായ നീട്ടി.
ഞാൻ ചായയുമായി ചെന്ന് എന്റെ റോഷനെ ഉണർത്തി.
റോഷൻ : ” നീ നേരത്തെ എണീറ്റോ ”
ഞാൻ : ” ഹ്മ്മ് ”
ഞാൻ ആ വീടിന്റെ അന്തരീക്ഷം മുഴുവൻ പഠിച്ചു. നല്ല കാര്യപ്രാപ്തിയും സമർത്യവും ഉള്ള മാധവൻ എന്ന റോഷന്റെ അച്ഛൻ ഒറ്റയാളാണ് ഈ സമ്പത്തിനു ഒക്കെ കാരണം. മക്കൾ മൂന്നു പേരും പിടിപ്പു കേട്ടവർ ആണെന്ന് മനസിലായി. ഞാൻ സുമചേച്ചിയോട് രഹസ്യമായി പലതും ചോദിച്ചു. ഒന്നുമില്ലായ്മയിൽ നിന്നും തുടങ്ങിയതാണത്രേ മാധവൻ. ഇപ്പൊ എല്ലാം കൂടി 30 ബസ്സ് ഉണ്ട്. ഏറ്റവും ഇളയ കുട്ടി അതായത് ജിജിൻ, അവന്റെ ജനനത്തോടെ അമ്മ മരിച്ചു. പിന്നെ പുള്ളി ഒറ്റയ്ക്കായി. മക്കളെ എല്ലാം നല്ല രീതിയിൽ പഠിപ്പിച്ചു. എന്നാൽ എല്ലാവരും നന്നായി ഉഴപ്പി. റോഷൻ പഠിക്കാൻ ഒട്ടും മിടുക്കൻ അല്ലാഞ്ഞത് കൊണ്ട് ഒടുക്കം ചില ബസ്സുകൾ നോക്കാൻ റോഷനെ ഏല്പിച്ചു. എന്നാൽ റോഷന്റെ സാമർഥ്യം ഇല്ലായ്മ കാരണം പലരും റോഷനെ പറ്റിക്കുന്നു. എളുപ്പം ചാഞ്ചാടുന്ന മനസ്സാണ് റോഷന് അതുകൊണ്ട് തന്നെ ആരെങ്കിലും സങ്കടം പറഞ്ഞാൽ റോഷൻ അലിയും. അതുപോലെ കളക്ഷൻ ന്റെ കാര്യത്തിൽ റോഷനെ പറ്റിക്കാനും എളുപ്പം ആണ്. മകന്റെ പിടിപ്പുകേട് അച്ഛന് തലവേദന തന്നെയാണ്.
രണ്ടാമത്തെ മകൻ സാജൻ ആവട്ടെ മഹാപോക്കിരി. ആരോടും സൗഹൃദം ഇല്ല. അച്ഛനെ പോലും അനുസരണ ഇല്ല. ആവശ്യം ഇല്ലാതെ മറ്റുള്ളവരെ ഉപദ്രവിക്കും. കല്യാണസമയത്തൊക്കെ റോഷന്റെ അനിയൻ എന്ന രീതിയിൽ ഞാൻ അവനോടു സംസാരിച്ചപ്പോൾ ഒക്കെ ഒന്ന് ചിരിക്കുക പോലും ചെയ്യാതെ മറുപടി ഒക്കെ ഒറ്റ വാചകങ്ങളിൽ അവൻ ഒതുക്കിയത് കണ്ടപ്പോൾ തന്നെ എന്തോ പന്തികേട് തോന്നി. കോളേജിൽ തല്ലുണ്ടാക്കിയപ്പോൾ അവനെ അവിടെ നിന്നും പറഞ്ഞു വിട്ടു. പിന്നെ മുറിയ്ക്കകത്ത് കേറി ഒറ്റ ഇരിപ്പായി. ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം പുറത്തു വരും. കുളി ഒക്കെ വല്ലപ്പോഴും ആണെന്നാണ് സുമ പറയുന്നത്. പിന്നെ റോഷനോട് മാത്രം അവന് എന്തോ സ്നേഹം ഉണ്ട്. റോഷൻ പറയുന്നത് മാത്രേ അവൻ വകവയ്ക്കു. ജിജിനെ അവന് കണ്ണെടുത്താൽ കണ്ടുകൂടാ. ജിജിനെ കയ്യിൽ കിട്ടിയാൽ ഉപദ്രവിക്കാനും അവന് മടിയില്ല.
പിന്നെ ഉള്ളത് ജിജിൻ. ഒരു തൊട്ടാവാടി ചെക്കൻ. ചെറിയ കാര്യങ്ങൾക്ക് പോലും കരയും. 19 വയസ്സേ ഉള്ളു. അവനും പക്ഷെ പഠിക്കാൻ മോശം. ഇപ്പൊ അവൻ ബിടെക് കമ്പ്യൂട്ടർ സയൻസ് ചെയ്യുന്നു. ഒന്നാം വർഷം ആണ്. കാശെറിഞ്ഞു തന്നെ ഒപ്പിച്ചെടുത്ത സീറ്റ് ആണ്. അവന്റെ ഭാവി എന്താകും എന്ന് അച്ഛന് ആശങ്ക ഉണ്ട്. അവന്റെ പക്വത ഇല്ലായ്മ ആണ് പ്രധാന പ്രശ്നം.