കാളി എന്തൊക്കെയോ പ്രാചീന ഭാഷ പോലെ ഒരു ഭാഷയിൽ ഉരുവിട്ടു ഞാൻ അത് കേട്ട് നിന്നു. കുറച്ച് കഴിഞ്ഞപ്പോൾ എന്നോട് ഏറ്റു പറയാൻ കാളി ആവശ്യപ്പെട്ടു. ഞാൻ അതുപോലെ ചെയ്തു. അവസാനം എന്റെ തള്ളവിരൽ ആ കല്ലിന്റെ അറ്റത്തെ കൂർത്ത ഭാഗം കൊണ്ട് കാളി മുറിപ്പെടുത്തി.
” ആാാാ ”
കാളി എന്റെ രക്തം ആ വിഗ്രഹം പോലത്തെ കല്ലിൽ തേച്ചു പിടിപ്പിച്ചു.
കാളി : ” മുത്തമ്മയെ സാക്ഷി നിർത്തി നിനക്ക് അഞ്ചു ദിവസത്തേക്ക് ഞാൻ ബൊമ്മനെ വിട്ടുതരുന്നു. ഇനി ബൊമ്മനെ തിരികെ കൃത്യം 5 ദിവസം കഴിഞ്ഞു തിരികെ ഏൽപ്പിക്കാം എന്ന് നീ സത്യം ചെയ്യ് ”
ഞാൻ അതുപോലെ ചെയ്തു. കാളി എന്നെ ഒന്ന് പുണർന്നു ചിരിച്ചു.
ഞങ്ങൾ തിരികെ വന്നപ്പോൾ പല്ലവിയും ധന്യയും ചീരുവും ചക്കിയും ഒക്കെ കൂടി നിന്ന് തമാശ പറഞ്ഞു ചിരിക്കുകയാണ്.
ഞാൻ ചിണ്ടനെ അടുത്തേക്ക് വിളിച്ചു.
ഞാൻ : ” ചിണ്ടാ ഇനി മുതൽ കാളി ആയിരിക്കും നിങ്ങളുടെ തലവി ”
ചിണ്ടൻ ഉടനെ തന്നെ കാളിയുടെ മുന്നിൽ കുനിഞ്ഞു നിന്ന് വണങ്ങി.
കാളി : ” ഇനി നിങ്ങൾ അവിടെ കഴിയണ്ട. എല്ലാവർക്കും ഇവിടെ കുടിലുകൾ പണിയാം. നീ ഇപ്പൊ തന്നെ പോയിട്ട് വൈകുന്നേരം ആകുമ്പോൾ തന്നെ എല്ലാവരെയും ഇങ്ങോട്ട് കൂട്ടികൊണ്ട് വരിക. പിന്നെ കയ്യിലുള്ള സാദനങ്ങൾ ഒന്നും അവിടെ ഉപേക്ഷിക്കണ്ട എല്ലാം കൊണ്ടുവരിക. ഇവിടെയും അതൊക്കെ ആവശ്യം വരും ”
ചിണ്ടൻ തലയാട്ടി പെട്ടെന്ന് തന്നെ അവന്റെ കൂടെ ഉള്ള ആളുകളെ കൂട്ടി നടന്നു നീങ്ങി.
ഞാൻ : ” എന്നാൽ ഞങ്ങൾ നിൽക്കുന്നില്ല, മടങ്ങുന്നു ”
കാളി : ” ഏയ് അതുപറ്റില്ല. ഇന്ന് ഇവിടെ തങ്ങി നാളെ പോകാം ”
ഞാൻ : ” ഇല്ല കാളി ചെയ്യാൻ കണക്കുകൾ ബാക്കിയാണ് ”
കാളി ഒരുപാട് നിർബന്ധം പിടിച്ചെങ്കിലും ഞാൻ പോകണം എന്ന് വാശി പിടിച്ചത് കൊണ്ട് കാളി സമ്മതിച്ചു.
ഞങ്ങൾ സമയം പാഴാക്കിയില്ല ചീരുവിനും ചക്കിക്കും കാളിക്കും ചുംബനങ്ങൾ സമ്മാനിച്ച് ബൊമ്മൻ ഞങ്ങളുടെ കൂടെ യാത്രയായി. ആദ്യമായി ആ കാട് വിട്ട് പുറത്ത് വരുന്ന ഒരാളെ പോലെ ഉത്സാഹം ഒന്നും ആ മുഖത്ത് ഞാൻ കണ്ടില്ല മാത്രമല്ല നേരിയ ഒരു വിഷമം അവിടെ ഇല്ലാതെയുമില്ല.
ഞങ്ങളുടെ കൂടെ ഒരുപറ്റം ആണുങ്ങളെ കാളി അയച്ചു. അവർ ഞങ്ങളുടെ കൂടെ മലയുടെ അടിഭാഗം വരെ വന്നു എന്നിട്ട് ബൊമ്മനോട് യാത്ര പറഞ്ഞ് തിരികെ പോയി.
ഞങ്ങളുടെ ഇന്നോവ കാർ കണ്ടു ബൊമ്മൻ ഒന്ന് ഞെട്ടി.
ബൊമ്മൻ : ” ഇതാണ് കാർ എന്ന സാധനം. ഇതിനകത്ത് കയറി ഇരുന്നാണ് നമ്മൾ പോവുക. ”
ബൊമ്മന് മനസിലായില്ല.
ഞാൻ അതിന്റെ ഡോർ തുറന്നു കാണിച്ചു. ബൊമ്മൻ അപ്പോളും സംശയിച്ചു നിൽക്കുകയാണ്. ഞാൻ പിന്നിലെ ഡോർ തുറന്ന് ബൊമ്മനോട് അകത്തേക്ക് കയറാൻ പറഞ്ഞെങ്കിലും ബൊമ്മൻ മടിച്ചു നിന്നു. ഒരു കാര്യം നിങ്ങൾ ഓർക്കണം ആകെ ഒരു മരവുരി പോലത്തെ ഒരു സാധനം മാത്രമാണ് ബൊമ്മന്റെ വേഷം. ഈ വേഷത്തിൽ ഒരാളെ കാറിൽ കണ്ടാൽ അറിയാല്ലോ നമ്മുടെ നാട്ടുകാർ സംശയിക്കും. പോലിസ് ഒരിക്കലും അറിയരുത്.
മടിച്ചു നിൽക്കുകയാണ് ബൊമ്മൻ.