“മിണ്ടാതെ ഉരിയാടാതെ പോയി കത്തിച്ചിട്ടു വാ ….” അശ്വതി മന്ദം ..മന്ദം കാവിലേക്കു നടന്നു.. ഉള്ളിൽ അവൾ ഓം നമഃ ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം ഉരുവിട്ട് കൊണ്ടിരുന്നു….
കാട്ടുമരങ്ങളാലും കാട്ടുവള്ളികളാലും ഇടതൂർന്ന കിടക്കുന്ന ഗന്ധർവ്വൻ കാവ്…. എങ്ങും താളം കെട്ടി കിടക്കുന്ന മൂകത.. അകലെ നിന്ന് മരക്കൊമ്പിൽ ഇരുന്നു കരയുന്ന മൂങ്ങയുടെ കുറുകൽ ശബ്ദം….
അശ്വതി വലതു കാൽ എടുത്തു കാവിലെ തൃപ്പടിയിൽ വച്ച് ഉള്ളിലേക്ക് കയറി. കാവിലെ തറയിൽ 2 കരിങ്കൽ ശില്പങ്ങൾ. ഒന്നിൽ ഗന്ധർവ്വനെ ആവാഹിച്ചു കുടിയിരിതിയിരിക്കുന്നു. മറ്റൊന്നിൽ അതെ ഗന്ധർവ്വനെ പ്രണയിച്ച ഒരു പെൺകുട്ടിയുടെ ആത്മാവിനെയും.. എല്ലാം ‘അമ്മയും മുത്തച്ഛനും പറഞ്ഞുകേട്ട അറിവ് മാത്രമേ അശ്വതിക്കൊള്ളു. തറയിൽ വിളക്ക് കൊളുത്തി അവൾ തിരിഞ്ഞു നടന്നു…
അപ്പോളേക്കും ഏകദേശം വെളിച്ചം വീണിരുന്നു. കിഴക്കുന്നിന്നും സൂര്യൻ പതിയെ തലപൊക്കി നോക്കി..
അശ്വതി ഉമ്മറത്തെക്കു കേറി തിണ്ണയിൽ വച്ച കിണ്ടി എടുത്തു കാലു കഴുകി. കയ്യിലിരുന്ന വിളക്ക് തിണ്ണയിൽ വച്ചു. ഉമ്മറത്തെ ചാര് കസേരയിൽ അശ്വതിയുടെ പ്രവർത്തികൾ എല്ലാം ഒരു ചെറുചിരിയോടെ നോക്കി കിടക്കുകയായിരുന്നു മുത്തച്ഛൻ ശേഖരൻ തിരുമേനി.
തന്റെ കൈകളിലെ വെള്ള തുള്ളികൾ മുത്തച്ഛന്റെ മുഖത്തേക്കു കുടഞ്ഞു തെറിപ്പിച്ചു അശ്വതി അകത്തേക്ക് ഓടി. “നിനക്ക് ഞാൻ ശരിയാക്കി തരാടി കാന്താരി..” അകത്തേക്ക് നോക്കി ഒരു ചെറു ചിരിയോടെ മുത്തച്ഛൻ വിളിച്ചു പറഞ്ഞു.