ആ സമയത്ത് ദക്ഷിണ ചൈനാക്കടലിന്റെ ഭാഗത്തായിരുന്നു വിമാനം. വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിലെ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന് ക്വാലലംപൂരിലെ കൺട്രോൾ സ്റ്റേഷനിൽനിന്നും നൽകിയ നിർദേശത്തിനുള്ള മറുപടിയായാണ് വിമാനത്തിൽ നിന്ന് സന്ദേശം എത്തിയത്. ഒപ്പം കൺട്രോൾ സ്റ്റേഷനിലുള്ളവർക്ക് ശുഭരാത്രിയും പൈലറ്റ് നേർന്നു. എന്നാൽ വിമാനത്തിൽനിന്ന് ഹോചിമിൻസിറ്റി സ്റ്റേഷനിലേക്ക് സന്ദേശം ഒന്നും എത്തിയില്ല. പൈലറ്റുമായി ബന്ധപ്പെടാൻ എയർ ട്രാഫിക് കൺട്രോൾ ജീവനക്കാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവർ മലേഷ്യൻ അധികൃതർക്ക് വിവരം കൈമാറി. മലേഷ്യയുടെ കിഴക്കൻ തീരത്ത് വിയറ്റ്നാം അതിർത്തിക്ക് സമീപം എത്തിയപ്പോഴാണ് വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്.
ഇതിന് പിന്നാലെ വിമാനത്തിൽനിന്ന് സിഗ്നൽ നൽകുന്ന ട്രാൻസ്പോണ്ടർ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടു. ഇത് ബോധപൂർവമാണെന്നാണ് കരുതുന്നത്. പിന്നീട് ഉപഗ്രത്തിലേക്ക് വിമാനത്തിൽ നിന്ന് സിഗ്നൽ ലഭിച്ചിരുന്നു. എന്നാൽ ഏത് പ്രദേശത്താണെന്ന് കൃത്യമായി തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. വിമാനം ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്ത് തകർന്നുവീണിരിക്കാമെന്ന നിഗമനത്തിലാണ് വിദഗ്ധരെല്ലാം ആദ്യഘട്ടത്തിൽ എത്തിച്ചേർന്നത വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ തിരച്ചിൽ സംരംഭമായിരുന്നു എംഎച്ച് 370-ന് വേണ്ടി നടത്തിയത്.
വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായ മലേഷ്യയ്ക്കും വിയറ്റ്നാമിനും ഇടയ്ക്കുള്ള കടൽമേഖലയായിരുന്നു ആദ്യഘട്ടത്തിൽ തിരച്ചിൽ നടത്തിയത്. എംഎച്ച് 370 ആ മേഖലയിൽ എവിടെ എങ്കിലും തകർന്നുവീണിട്ടുണ്ടാകും എന്ന് തന്നെയാണ് തുടക്കത്തിൽ കരുതിയിരുന്നത്. കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ മേഖലയിലെ വിവിധ രാജ്യങ്ങളും പങ്കുചേർന്നിരുന്നു. പിന്നീട് വിവിധ ഏജൻസികകളും ഇതിൽ പങ്കാളികളായി.
കാര്യമായ വിവരങ്ങൾ ഒന്നും ലഭിക്കാതെ വന്നതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്. ഉപഗ്രഹ സിഗ്നൽ ലഭിച്ചുവെന്ന് കരുതപ്പെടുന്ന മധ്യ ഏഷ്യൻ പ്രദേശം മുതൽ ഓസ്ട്രേലിയിയയുടെ തെക്കൻ തീരത്ത് വരെ ഇതെത്തി. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഏതാണ്ട് 1,20,000 ചതുരശ്ര കിലോമീറ്റർ പരിധിയിലാണ് ലഭ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഉപയോഗിച്ച് തിരച്ചിൽ നടത്തിയത്.
ഓസ്ട്രേലിയ, മലേഷ്യ, ചൈന സർക്കാരുകൾ ഒരു വർഷത്തോളം സംയുക്തമായാണ് ഇതിന് നേതൃത്വം നൽകിയത്. തിരച്ചിലിനിടയിൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരങ്ങളിൽ നിന്ന് നിരവധി വിമാനാവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ മേഖലയിൽനിന്ന് കണ്ടെടുത്ത അവശിഷ്ടങ്ങൾ കാണാതായ വിമാനത്തിന്റേതാണെന്നും സ്ഥിരീകരിച്ചിരുന്നു.
The End.