“നിന്റെ ഭർത്താവിന് ഒരു ചേട്ടനും ഒരു അനിയത്തിയുമാണുള്ളത്. നിന്റെ ഭർത്താവിന്റെ ചേട്ടന്റെ വാമഭാഗമാണ് മോളേ ഞാൻ…പേര്…’ചിത്ര’!!”
“വൗ…ചിത്ര… സൂപ്പർ പേര്…ചേച്ചിക്ക് ഈ പേരല്ലാതെ വേറൊരു പേരും ചേരും എന്ന് എനിക്ക് തോന്നുന്നില്ല…!!”
ഞങ്ങൾ കൈകോർത്ത് നിന്ന് പൊട്ടിച്ചിരിച്ചു…
പെട്ടെന്നായിരുന്നു ഞാനും ചിത്ര ചേച്ചിയും തമ്മിൽ അടുത്തത്. ആദ്യമായി കെട്ടിയോന്റെ വീട്ടിലെത്തിയ എന്റെ മനസിലെ പരിഭ്രമം ഇല്ലാതാക്കിത്തന്ന ആളാണ് ചിത്രചേച്ചി. ഭർത്താവിന്റെ ചേട്ടന്റെ ഭാര്യ എന്നതിലുരി എന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന രീതിയിലായിരുന്നു ചിത്രച്ചേച്ചി എന്നോട് പെരുമാറിയിരുന്നത്. അമ്മായിയമ്മ പോരിൽ നിന്നും നാത്തൂൻ പോരിൽ നിന്നും എന്നെ എപ്പോഴും രക്ഷിച്ചിരുന്നത് ചിത്രേച്ചി ആയിരുന്നു.
കെട്ടിയോന്റെയും ചേട്ടന്റെയും മദ്യപാനം ഏറ്റവും കൂടുതൽ ബാധിച്ചത് ഞങ്ങളെ ആയിരുന്നു. ഉറക്കമില്ലാത്ത രാത്രികൾ. പലപ്പോഴും ചിത്രച്ചേച്ചി സ്വീകരണ മുറിയിലെ സോഫയിൽ ഉറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. ഭാര്യ എന്നാൽ ജോലിയെടുക്കാൻ മാത്രമുള്ള ഒരു വസ്തു എന്ന രീതിയിലായിരുന്നു തറവാട്ടിലുള്ള എല്ലാവരുടെയും മനോഭാവം.
അങ്ങനെ ഒരു ദിവസം…
കുടിച്ചു ബോധംകെട്ടുകിടന്ന എന്റെ ഭർത്താവിനെ മുറിയിൽ വന്നു കിടക്കാൻ പറഞ്ഞ എന്നെ ‘ഉറക്കത്തിൽ വിളിച്ചെഴുനേൽപ്പിച്ചു’ എന്ന കാരണം പറഞ്ഞ് അയാൾ പൊതിരെത്തല്ലി. അതു കണ്ടു നിന്ന എന്റെ നാത്തൂനും അമ്മായിയമ്മയും ചിരിയടക്കാൻ പാടുപെടുന്നത് ഞാൻ കണ്ടു. അല്ലെങ്കിലും ആരാൻറമ്മക്ക് പ്രാന്തുപിടിച്ചാൽ കാണാൻ നല്ല രസമായിരിക്കുമല്ലോ. അടുക്കളയിൽ നിന്നിരുന്ന ചിത്രച്ചേച്ചിയുടെ അടുത്തേക്ക് ഞാൻ കരഞ്ഞു കൊണ്ട് ഓടി. ചിത്രേച്ചിയെ പുറകിലൂടെ കെട്ടിപ്പിടിച്ച് ഞാൻ കരഞ്ഞു.
“എന്താ കുട്ടീ എന്ത് പറ്റി!”
“എനിക്ക് മടുത്തു ചിത്രേച്ചി, ഞാൻ ചാവാൻ പോവാ!!”
“ഞാൻ കേട്ടു അവിടത്തെ പുകില്. ഇവന്മാരെല്ലാം കള്ള് കുടിച്ചാ പിന്നെ ഇതാ അവസ്ഥ. മോള് വിഷമിക്കാതെ എല്ലാത്തിനും പരിഹാരം ഉണ്ടാവും…”
എന്റെ നെറുകയിൽ തലോടിക്കൊണ്ട് ചേച്ചി പറഞ്ഞു.
അന്ന് രാത്രി…
തറവാട്ടിൽ എല്ലാവരും ഉറങ്ങിക്കമായിക്കഴിഞ്ഞിരുന്നു. എന്നോടുള്ള ദേഷ്യത്തിന് എന്റെ ഭർത്താവ് എന്നെ മുറിക്ക് പുറത്താക്കി കതക് കുറ്റിയിട്ടു. എപ്പോഴാണ് സോഫയിൽ കിടന്ന് ഞാനുറങ്ങിപ്പോയതെന്ന് എനിക്കറിയില്ല. പെട്ടെന്ന് നനുനനുത്ത പഞ്ഞി പോലെയുള്ള ആ കൈ എന്നെ തലോടുന്നത് ഞാൻ പാതി മയക്കത്തിൽ അനുഭവിച്ചറിഞ്ഞു. ഞെട്ടിയെഴുനേറ്റ എന്റെ മുന്നിൽ ഒരു മാലാഖയേപ്പോലെ ചിത്രേച്ചി നിന്നിരുന്നു…