“ചളി വേണ്ട. രണ്ടു മുട്ട താ” ദാ കേറിയിരിക്കുന്നു അധികാരഭാവം.
“ഇല്ല, തീര്‍ന്നു. രണ്ടെണ്ണമേ ഉള്ളാരുന്നു”
അവള്‍ ദുഖിതയായി എന്നെ നോക്കി. മുട്ടയൊന്നും ഈ രാജ്യത്ത് കിട്ടാനില്ല. അമുക്കന്‍ പിള്ള എങ്ങനെയോ ഒപ്പിച്ചതാണ്, ഒടുക്കത്തെ വിലയ്ക്ക് വില്‍ക്കാന്‍. അവളുടെ ദുഃഖം കണ്ടപ്പോള്‍ എനിക്ക് അലറി ചിരിക്കാന്‍ തോന്നി. ഇവളുടെയും ദരിദ്രവാസി അമ്മയുടെയും മുന്‍പില്‍ കൊണ്ടുവച്ച് എനിക്ക് മുട്ട തിന്നണം. പെട്ടെന്നുതന്നെ ഞാനെന്റെ തീരുമാനം മാറ്റി. ബോധമില്ലാത്ത എനിക്ക് ചിലനേരങ്ങളില്‍ ബോധമുണ്ടാകാറുണ്ട്. പുറത്ത് പോകാത്ത എനിക്ക് എവിടെ നിന്ന് മുട്ടകിട്ടി എന്നിവര് ചോദിച്ചാല്‍? പിള്ളയുടെ കടയിലെ മോഷണം ഇവര്‍ അറിഞ്ഞു കാണില്ല. അറിയാന്‍ അധികസമയവും വേണ്ടി വരില്ല. ഇനി പോലീസെങ്ങാനും വരുവോ? നട്ടെല്ലിലൂടെ ഒരു തരിപ്പ് പടര്‍ന്നു കയറുന്നു. ഇവളെ പിണക്കി അയയ്ക്കുന്നത് ബുദ്ധിയല്ല!
“നവ്യെ” പോകാനായി തിരിഞ്ഞ അവളെ ഞാന്‍ വിളിച്ചു.
അവള്‍ നിന്നു.
“ആന്റി പറഞ്ഞിട്ടാണോ”
“എന്നാലെ നീ തരുത്തുള്ളോ?”
“അല്ല ചുമ്മാ ചോദിച്ചതാ”
“എനിക്ക് മണം കിട്ടി. പച്ചക്കറി തിന്നു മടുത്തു” അവള്‍ ദയനീയമായി എന്നെ നോക്കി.
“മുട്ടതരാം; പക്ഷെ ആന്റിയോട് പറയരുത്”
“ഇല്ല”
“ഇവിടെ വച്ചേ കഴിക്കാവൂ”
അവള്‍ മൂളി.
“പിന്നെ, മുട്ടയ്ക്ക് പകരം നീയെനിക്ക് എന്തുതരും”
അവളുടെ ചോര തുടിക്കുന്ന മുഖസൌന്ദര്യം കൊതിയോടെ നോക്കി ഞാന്‍ ചോദിച്ചു.
“എന്ത് വേണം നിനക്ക്”
എന്റെ ഉള്ളു കുളിര്‍ത്തു. ഒരുപാട് ആക്രാന്തങ്ങള്‍ ഒരേപോലെ മനസ്സിലേക്ക് വന്നു. പക്ഷെ ഭക്തവത്സലാ, ആക്രാന്തം ആപത്താണ് എന്ന് അശരീരി മുഴങ്ങുന്നു.
“എന്തും തരുമോ?”
നവ്യ ഒരു നിമിഷം ആലോചിച്ചു; പിന്നെ അലസമായി തലയാട്ടി.
എന്റെ ദേഹം പെരുത്തു. ഇതാണ് അവസരം. ഇവളോടുള്ള ആഗ്രഹം അറിയിക്കാന്‍ ഇതാണ് സന്ദര്‍ഭം. പക്ഷെ കണ്ണാടിയില്‍ കാണാറുള്ള എന്റെ രൂപം മനസ്സിലേക്ക് വന്നപ്പോള്‍ ഞാനൊന്ന് പരുങ്ങി. അവള്‍ കാറിത്തുപ്പിയിട്ട് ചെന്ന് ആന്റിയോട് പറഞ്ഞാല്‍? വാടക കൊടുത്താലും അതോടെ ആ മറുത എന്നെ ഇറക്കിവിടും. ഞാന്‍ ത്രിശങ്കു സ്വര്‍ഗ്ഗത്തിലായി. അവളോട് മനസ്സ് തുറക്കാന്‍ മുട്ടയിലൂടെ വഴി തെളിഞ്ഞിട്ടും ഇനിയും പ്രശ്നങ്ങള്‍ വാലെവാലെ നില്‍ക്കുകയാണ്.