എന്റെ ഭാഗ്യത്തിന് ചെവികള്‍ എന്നെ സഹായിച്ചു. പിള്ളയുടെ കൂര്‍ക്കംവലി അവ കൃത്യമായി വലിച്ചെടുത്ത് എന്റെ തലച്ചോറിലേക്ക് സന്ദേശമയച്ചു. സാധാരണ കൂര്‍ക്കമായിരുന്നില്ല അത്. കുറെ നേരം ഒരേ താളത്തില്‍ വലിച്ചിട്ട് ഒരു ക്ലച്ചുപിടുത്തം ഉണ്ട്; അതാണെന്നെ ഉണര്‍ത്തിയത്. ചില കണ്ടം ചെയ്യാറായ ലൈലാന്റ് ലോറികളുടെ ഗിയര്‍ മാറുന്നതിനേക്കാള്‍ ഉച്ചത്തിലുള്ള, കട്ടര്ര്ര്ര്ര്‍.. എന്നൊരു ശബ്ദം; അതെന്നെ ഉണര്‍ത്തി. സമയം എത്രായി എന്നൊരു പിടിയും ഉണ്ടായിരുന്നില്ല എന്നത് രണ്ടാമത്തെ കാര്യം; ഒന്നാമത്തെ കാര്യം എവിടെയാണ് ഞാനെന്നു എനിക്ക് മനസ്സിലായില്ല എന്നതാണ്. പൊതുവേ ഈ സമയത്ത് ആ കുടൂസ്സ് മുറിയിലെ ഒടിഞ്ഞ കട്ടിലില്‍ ഉറങ്ങുന്ന ഞാന്‍ കണ്ണ് തുറന്നപ്പോ ഇതാ ഏതോ ചവിട്ടുപടിയില്‍ ഇരിക്കുന്നു! നിലവിളിക്കാഞ്ഞത് ആരുടെയോ മനനേര്.
സ്ഥലകാലബോധം വീണ്ടുകിട്ടിയപ്പോള്‍ എന്റെ കാതില്‍ ചന്ദ്രന്‍ പിള്ളയുടെ കൂര്‍ക്കസംഗീതമെത്തി. ഞാന്‍ മൂട് പൊക്കി മൂരിനിവര്‍ന്നു.
പിന്നെ എല്ലാം വളരെപ്പെട്ടെന്നായിരുന്നു. ചന്ദ്രന്‍ പിള്ളയുടെ കടയിലെ എനിക്ക് വേണ്ടതില്‍ അധികം സാധനങ്ങളും പണവും ഘട്ടം ഘട്ടമായി എന്റെ വീട്ടിലെത്തി. ജീവിതത്തിലാദ്യമായി ഞാന്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിച്ച ഏക രാവായി ആ ദിവസം മാറി. എല്ലാം കഴിഞ്ഞപ്പോള്‍ ഞാനൊരു വീഴ്ച്ചയായിരുന്നു കട്ടിലിലേക്ക്..
ഇജ്ജാതി ഒരുറക്കം ഞാനെന്റെ ജന്മത്ത് ഉറങ്ങിയിട്ടില്ല. മനസുഖത്തോടെയുള്ള ഉറക്കം; കാശിനു കാശ്, അരിക്കരി എണ്ണയ്ക്കെണ്ണ.
ഉണര്‍ന്നപ്പോള്‍ സമയം പതിനൊന്നു കഴിഞ്ഞിരുന്നു. എഴുന്നേറ്റ പാടെ പല്ലുപോലും തേക്കാതെ പഴങ്കഞ്ഞി കുടിച്ചു. ബാക്കിയെല്ലാം പിന്നീടാണ് ചെയ്തത്. തുടര്‍ന്ന്‍ ഉടന്‍തന്നെ അരി കഴുകിയിട്ടു. പിന്നെ പിള്ളയുടെ കടയില്‍ നിന്നും എത്തിച്ച സാധനങ്ങളില്‍ നിന്നും പരിപ്പെടുത്തു കഴുകി വെള്ളത്തിലിട്ടു. ഒരു ട്രേ മുട്ട മാത്രമേ ഉള്ളായിരുന്നു അവിടെ. അത് ഇപ്പോള്‍ ഇവിടെ സുഖമായിരിപ്പുണ്ട്. എന്ത് ഭംഗിയാണ് മുട്ട കാണാന്‍?
ഉച്ചയ്ക്ക് മുട്ട ഓംലറ്റ് ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോള്‍ പടിയില്‍ ശബ്ദം. ഹ്മം, വാടക ചോദിക്കാന്‍ വരുവാരിക്കും നശൂലം തള്ള. അത്യാര്‍ത്തിക്കാരി മറുത. കാശെടുത്ത് അവളുടെ മോന്തയ്ക്കെറിയണം. ഞാന്‍ തീ കുറച്ച് വച്ചിട്ട് പുറത്തിറങ്ങി.
ആന്റിയല്ല, നവ്യയായിരുന്നു പുറത്ത്. അവളെ കണ്ടതും എന്നെ ആക്രാന്തം കീഴ്പ്പെടുത്തി.
“നീ മുട്ട ഉണ്ടാക്കുവാണോ” പതിവില്ലാത്ത വിധം നല്ല മയത്തിലാണ് ചോദ്യം. ഞാന്‍ മൂളി.
“എവിടുന്നാടാ മുട്ട?”
ങേ! നവ്യ പുഞ്ചിരിക്കുന്നോ എന്നെ നോക്കി? അതും ഇത്ര മധുരമായി!
“കോഴി ഇട്ടത്”