ഞാൻ ഇത്രയും പറഞ്ഞ് കൊണ്ട് അയാളുടെ തലക്കിട്ട് ഒരു തട്ടും വച്ച് കൊടുത്തു..
പെട്ടന്ന് തിരിഞ്ഞു നോക്കിയ അയാളുടെ മുഖം കണ്ടപ്പോൾ ഞാൻ അപ്പോ വടി ആയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി.. വെയിറ്റർ ആണെന്ന് കരുതി ഞാൻ സംസാരിച്ചത് എന്റെ സ്വന്തം പപ്പയോട് തന്നെ ആയിരുന്നു…
പപ്പ ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങി പോയി..
അന്ന് വീട്ടിൽ കയറിയില്ല ആൻഡ്രൂസിന്റെ വീട്ടിൽ കിടന്നു…
രാവിലെ ഒന്നും അറിയാത്ത മട്ടിൽ വീട്ടിലേക്ക് ചെന്നപ്പോൾ അളിയനും ചേച്ചിയും വന്നിട്ടുണ്ട് എന്ന് മനസ്സിലായി…
ഗെയിറ്റ് തുറന്നപ്പോൾ തന്നെ കാര്യസ്ഥൻ ചന്ദ്രേട്ടനെ കണ്ടു…
“ചന്ദ്രേട്ടാ…”
“ആ കുഞ്ഞേ.. നീ ഇത് എവിടെ ആയിരുന്നു..??”
“അതൊക്കെ പറയാം.. അകത്ത് എന്താ അവസ്ഥ.. പപ്പ കലിപ്പിൽ ആണോ..??”
“എന്റെ കുഞ്ഞേ നല്ല കലിപ്പിലാ.. കുഞ്ഞങ്ങോട്ട് ചെല്ല് ഇല്ലെങ്കിൽ ഇനിയും കുഴപ്പാവും…”
ഇനിയെന്ത് കുഴപ്പം ആവാൻ.. ഏതായാലും ധൈര്യം സംഭരിച്ച് ഞാൻ അകത്തേക്ക് കയറി ചെന്നു…
അമ്മച്ചിയും പപ്പയും ചേച്ചിയും അളിയനും നിരന്ന് ഇരിക്കുന്നുണ്ട്.. പിന്നെ ഒരു യുദ്ധം ആയിരുന്നു… ഓരോരുത്തരും മാറി മാറി എന്നെ ശകാരിച്ചു കൊണ്ടിരുന്നു..
അവസാനം അവർക്ക് ബോറടിചിട്ടാണോ അതോ നാക്കിലെ വെള്ളം വറ്റിയത് കൊണ്ടാണോ അറിയില്ല അവർ സംസാരം നിർത്തി..
അപ്പോ വിചാരണ കഴിഞ്ഞു ഇനി വിധി പറഞ്ഞാൽ മതി.. അങ്ങനെ വിധിയും വന്നു….
“ഷൈനി നീ പോകുമ്പോ ഇവനെ കൂടി അങ്ങ് കൊണ്ട് പൊയ്ക്കോ… ഇനി ഇവൻ ഇവിടെ നിന്നാൽ ശരിയാവില്ല.. ഇവന്റെ കൂട്ടുകാരൻ ഉണ്ടല്ലോ ആൻഡ്രൂ അവനെയും കൂട്ടിക്കോ…”
“ശരി പപ്പാ.. ഇവൻ മാരുടെ കാര്യം ഞാൻ നോക്കി കൊള്ളാം…”
ഇടയ്ക്ക് കയറി അമ്മച്ചി ചോദിച്ചു..
“അപ്പോ ഇവരുടെ പഠിത്തം ഒക്കെ എങ്ങനെ..??”
“അത് കുഴപ്പം ഇല്ല.. ഒരു യൂണിവേഴ്സിറ്റിക്ക് കീഴിൽ ആണെങ്കിൽ കോളേജ് മാറാം.. ഇനി ഏതായാലും തേർഡ് ഇയർ അല്ലെ.. അപ്പോ ഇനി മുതൽ അവൻ അവിടെ കോളേജിൽ പോയാൽ മതി.. അഡ്മിഷൻ ഒക്കെ ഞാൻ റെഡി ആക്കാം..”
അളിയൻ ആണ് അത് പറഞ്ഞത്.. എന്ത് സ്നേഹമുള്ള അളിയൻ…
ഈ വിധിയോട് എനിക്ക് കടുത്ത പ്രതിഷേധം ഉണ്ടായിരുന്നു എങ്കിലും പുറത്ത് കാട്ടാൻ പറ്റില്ല..
കൂട്ടുകാരെ ഒക്കെ വിട്ടു പിരിയുന്ന സങ്കടം ഉണ്ട്.. പിന്നെ ആൻഡ്രൂ കൂടെ ഉണ്ടല്ലോ..
അവൻ ഉണ്ടെങ്കിൽ ഞാൻ ചന്ദ്രനിൽ വരെ പോയി വരും…..