ഇന്ന് ആകാശത്തിന് തെളിച്ചം കൂടുതൽ ഉള്ളത് പോലെ അവന് തോന്നി… ഇന്നത്തെ സൂര്യൻ അവന് വേണ്ടി ആയിരുന്നു ഉദിച്ചത്… അവന്റെ വേഗത്തെ പ്രതിരോധിക്കുന്ന കാറ്റിന് പോലും വല്ലാത്ത കുളിർമ്മ അനുഭവപ്പെട്ടു…
ശ്വേത വർണത്തിൽ ഉള്ള അവന്റെ വസ്ത്രം അവന് സ്വയം ഒരു മാലാഖയായി മാറിയ പൊലെ ഒരു അനുഭൂതി ഉണ്ടാക്കി… ചിറകുകൾ ഉള്ള എങ്ങും സന്തോഷം വാരി വിതറുന്ന മാലാഖ…
പെട്ടന്നാണ് അവൻ സിഗ്നൽ ചുവപ്പ് കത്തി നിൽക്കുന്നത് കണ്ടത്… ഒരു ഭയം ഉള്ളിൽ ഇരച്ചു കയറി… കണ്ണിൽ ഇരുട്ടടച്ചു… തന്റെ സർവ്വ ശക്തിയുമെടുത്ത് അവൻ ബ്രേക്കിൽ ആഞ്ഞു ചവിട്ടി….
വലതുവശത്ത് നിന്നും പാഞ്ഞു വന്ന കറുത്ത നിറത്തിലുള്ള ഒരു ജീപ്പ് അവന്റെ ബൈക്കിന് അരികെ വന്ന് നിന്നു… അല്പം കൂടി സ്പീഡ് ആ ജീപ്പിന് ഉണ്ടായിരുന്നെങ്കിൽ അവിടെ തീർന്നേനെ രാഹുലിന്റെ ജീവൻ…
വിട്ടുമാറാത്ത ഭയത്തോടെ അവൻ കണ്ണുകൾ പതിയെ തുറന്നു… രണ്ടെണ്ണം പൊട്ടിക്കണം എന്ന മനോഭാവത്തോടെ ജീപ്പിന്റെ ഡോർ വലിച്ചടച്ചു വന്ന ഒരു ചെറുപ്പക്കാരൻ രാഹുലിന്റെ ഭയചകിതമായ മുഖം കണ്ടപ്പോൾ ഒന്ന് നിന്നു…
തന്റെ ദേഷ്യം ചിലപ്പോൾ അവനെ വീണ്ടും അപകടത്തിൽ ചാടിച്ചേക്കാം എന്നായിരുന്നു അപ്പോൾ ആ ചെറുപ്പക്കാരൻ ചിന്തിച്ചത്…
” വല്ലതും പറ്റിയോ മച്ചാനെ…. ” അയാൾ അല്പം ആകുലതയോടെ ചോദിച്ചു…
മറുപടി പറയാൻ പറ്റാത്ത വിധം അവൻ പാതറിയതിനാൽ അയാളെ നോക്കാനല്ലാതെ വേറെ ഒന്നും മിണ്ടാൻ അവൻ കഴിഞ്ഞില്ല…
പുറകിൽ നിന്ന് പലപല ശബ്ദത്തിൽ ഉള്ള വലിയ ഹോൺ ശബ്ദം മുഴങ്ങി കേട്ടു…
” ഒന്ന് നിർത്താടാ നായ്ക്കളെ… അവന് എന്തെങ്കിലും പറ്റിയോ എന്ന് നോക്കട്ടെ…. ”
വണ്ടിയിൽ നിന്ന് ഒന്ന് ഇറങ്ങാൻ പോലും മടിച്ചു നിന്നവർ അയാളുടെ ഒച്ച കേട്ടപ്പോൾ ഒന്നടങ്ങി….
ഹോണിൽ നിന്നും കയ്യെടുക്കാനുള്ള മനോഭാവം എങ്കിലും ചിലർ കാണിച്ചു… രാഹുൽ ബൈക്ക് ഒന്ന് സൈഡ് ആക്കി വണ്ടിയിൽ നിന്ന് ഇറങ്ങി… ശ്വാസം നേരെ വലിച്ചു വിട്ടു…
” സോറി ബ്രോ… പെട്ടന്ന് സിഗ്നൽ വീണത് കണ്ടില്ല…… ”
“ജീപ്പ് എടുത്ത് മാറ്റടാ…”
അപ്പോഴേക്കും അടുത്ത വശത്തുള്ളവരുടെ മുറവിളിയും ഉയർന്നുവന്നു…
അവനെ ഒന്ന് സമാധാനിപ്പിക്കണം എന്നുണ്ടായിരുന്നു അയാൾക്ക്. ഈ ടെൻഷൻ അവനെ വീണ്ടും ഒരു അപകടത്തിലേക്ക് തള്ളി വിടുമോ എന്ന ഒരു ഭയം അയാളുടെ മനസ്സിൽ തോന്നിയിരിക്കണം… എങ്കിലും ആ നിമിഷം അയാൾക്ക് അതിന് കഴിഞ്ഞില്ല…
” നോക്കി പോ ബ്രോ… ” പതുക്കെ പോയാ മതി… ജസ്റ്റ് മിസ് ആണ്… ”
അത്രയും പറഞ്ഞുകൊണ്ട് അയാൾ ജീപ്പുമായി പോയി…
പുറകെ വന്ന വാഹനങ്ങൾ എല്ലാം രാഹുലിനെ ഒരു അവജ്ഞയോടെ നോക്കുന്നുണ്ടായിരുന്നു… പലരും എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്… അടുത്ത സിഗ്‌നൽ വീഴുന്നത് വരെ അവൻ അവിടെ തന്നെ നിന്നു… അതിനു ശേഷം അവൻ വണ്ടിയെടുത്ത് പതിയെ ഓടിക്കാൻ തുടങ്ങി…
അവൻ പരമാവധി പതുക്കെയായിരുന്നു ഓടിച്ചത്… ഉള്ളിലെ ഭയം അവനെ വല്ലാതെ തളർത്തിയിരുന്നു… നേരത്തെ അവളുടെ അടുത്ത് എത്തണം എന്ന് കരുതിയാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെങ്കിലും വിചാരിച്ചതിനെക്കാൾ വൈകിയാണ് അവൻ തൃശൂർ എത്തിയത്…
ഒരു ചെറിയ മരത്തണലിൽ വണ്ടി നിർത്തി അവൻ രേഷ്മയെ വിളിച്ചു… ” ഞാൻ എത്തി …. “
കുറ്റബോധം 9 [Ajeesh]
Posted by