ഞാൻ മദ്യപിക്കാറില്ല എന്നാണ് ഞാൻ അവളോട് പറഞ്ഞിട്ടുള്ളത്
അവൾ അത് ഇപ്പോഴും വിശ്വസിക്കുന്നുണ്ടാകാം…
സജീഷിന് കുറ്റബോധം തോന്നി…
റോഷൻ എന്ന വ്യക്തി എന്താണ് എന്ന് അവൾക്ക് നന്നായി അറിയാം… ഞാൻ ഇപ്പോഴും അവൾക്ക് കൊടുത്തത് വാക്കുകൾകൊണ്ട് കെട്ടിപ്പടുത്ത ഒരു മായക്കൊട്ടാരം പോലെ സ്ഥിരത ഇല്ലാത്തതാണ് എന്ന് അവന് തോന്നി…
അയാൾ ഒരു നല്ല ഭർത്താവാണ്…
ഒരിക്കൽ എന്റെ എല്ലാമെല്ലാമായവൾക്ക് വേണ്ടി ജനിച്ചവൻ…
സജീഷ് കവർ മടക്കി കയ്യിൽ എടുത്ത് തിരികെ നടന്നു…
അമ്മയും സോഫിയും കാണാതെ ഗ്ലാസ്സ് കഴുകി വച്ച് കവർ തന്റെ കിടപ്പുമുറിയിലെ അലമാരയുടെ മുകളിലായി അടുക്കി വച്ച പുസ്തകങ്ങളുടെ ഇടയിൽ പൂഴ്ത്തി…
കൈകളിലേക്ക് ഒന്ന് ഊതി മണം ഉണ്ടോ എന്ന് അവൻ പരിശോധിച്ചു…
” വൈറ്റ് റം ആയതുകൊണ്ട് മണം ഒട്ടും ഉണ്ടായിരുന്നില്ല… ”
അമ്മ അറിയും എന്ന ഭയം വേണ്ട…
അവൻ നേരെ ഉമ്മറത്തേക്ക് ചെന്നു…
സോഫി അമ്മയുടെ കൈ പിടിച്ച് യാത്ര പറഞ്ഞ് കൊണ്ടിരിക്കുകയാണ്…
” പോട്ടെ അമ്മേ… പിന്നെ ഒരിക്കൽ വരാം… ”
അവൾ സജീഷിന്റെ മുഖത്ത് നോക്കി പരിഭാവത്തോടെ ഉള്ള ഒരു നോട്ടം…
” പോട്ടെടാ… ”
സജീഷ് തല കുലുക്കി…
ഞാൻ ഇന്ന് കുടിക്കണ്ടായിരുന്നു എന്ന് അവന് തോന്നി…
ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ…
” അപ്പൊ ശരി സജീഷേ… ”
റോഷനും യാത്ര പറഞ്ഞു…
റോഷനും സോഫിയും പടിയിറങ്ങി നടന്നു നീങ്ങി…
സജീഷും അവന്റെ അമ്മയും അവർ പോകുന്നതും നോക്കി നിന്നു…
ദിവസങ്ങൾ വീണ്ടും കടന്നു പോയി…
ഒരു ഇരുനില വീടിന്റെ കൊണ്ട്രാക്ട് ഏറ്റെടുക്കാൻ ഉള്ള അവസാന ഘട്ട ചർച്ചയിൽ ആണ് സജീഷ്…
ഉടമസ്ഥൻ വിദേശത്ത് ജോലി ഉള്ള ആളാണ്… അയാൾക്ക് അയാളുടെ ഭാവനയിൽ ഉള്ള പോലെ തന്നെ വീട് പണിയണം…
പ്ലാനും കാര്യങ്ങളും എല്ലാം നോക്കി പണിക്ക് എത്ര ദിവസം പിടിക്കും എന്ന കാര്യത്തിൽ ഒരു ധാരണയിലെത്തി… പൈസ അയാൾക്ക് ഒരു പ്രശ്നമല്ല…
എങ്കിലും ഇത്രയും വലിയ ഒരു വീട് പണിയാൻ കരാർ ആദ്യമായി ആണ് എടുക്കുന്നത്… ഉള്ളിൽ ഒരു ഭയം ഇല്ലാതില്ല… ആശാനെ ഒന്ന് വിളിച്ചലോ… സജീഷിന്റെ ഉള്ളിൽ ഒരു ചിന്ത ഉണർന്നു…
സ്വന്തമായി പണി ചെയ്യാൻ തുടങ്ങുന്നത് കൊണ്ട് നമ്മൾ തമ്മിൽ ഒരു വിരോധവും ഉണ്ടാകില്ല എന്ന് ആശാൻ വാക്ക് തന്നതാണ്… ഒന്ന് വിളിച്ചാൽ ആശാന്റെ വാക്കുകൾ ചിലപ്പോൾ തനിക്ക് ഒരു ധൈര്യം തന്നേക്കാം…
സജീഷ് ചിന്തിച്ചു…
” എന്നാൽ നമുക്ക് ഉറപ്പിക്കല്ലേ ??? ”
മുതലാളി വീണ്ടും ചോദിച്ചു…
പെട്ടന്ന് സജീഷിന്റെ ഫോൺ മുഴങ്ങി…
സോഫി ആണ്…