കുറ്റബോധം 13 [Ajeesh]

Posted by

അവൻ ആസ്വദിച്ചു കിടന്നു…
പെട്ടന്ന് ഒരു വെളിപാട് പോലെ അവൻ ഞെട്ടി ഉണർന്നു…
സ്വപ്നം ആയിരുന്നില്ല… സോഫി അതാ മുൻപിൽ…
” നീ എന്താ ഇവിടെ??? ”
സോഫി അവന്റെ കട്ടിലിൽ പതിയെ കിടന്നു…
” എന്താടാ… ഞാൻ ഇപ്പൊ ഇങ്ങോട്ട് വരാനും പാടില്ലേ??? ”
സജീഷ് തന്റെ കണ്ണുകൾ വീണ്ടും ഒന്ന് തിരുമ്മി…
” ടാ സ്വപ്നം ഒന്നും അല്ല… ഇത് ഞാൻ തന്നെയാണ്… ”
” ഇച്ഛായൻ വന്നിട്ടുണ്ട്… അപ്പൊ ഞങ്ങൾ രണ്ട് പേരുംകൂടി ഇങ്ങ് പൊന്നു… ”
സജീഷ് ചുറ്റും നോക്കി…
” എന്നിട്ട് പുള്ളിക്കാരൻ എവിടെ??”
ഉമ്മറത്ത് ഉണ്ട്…
വാ… പരിചയപ്പെടുത്തി തരാം… ”
സോഫി സജീഷിനെ ഉന്തി മുൻപിലേക്ക് കൊണ്ടുവന്നു…
റോഷൻ അമ്മയോട് കാര്യമായ എന്തോ സംഭാഷണത്തിൽ ആണ്
സജീഷ് ഉമ്മറത്തേക്ക് കടന്നു വന്നു…
” ആ എണീപ്പിച്ചോ അവള് ??? ”
റോഷൻ അവനെ കണ്ടപാടെ ചോദിച്ചു…
” ഏയ്… കുഴപ്പമില്ല… ”
ഞാൻ എഴുന്നേൽക്കാൻ തുടങ്ങായിരുന്നു… ”
മറുപടി കേട്ടതും അമ്മ അവനെ ഒന്ന് ഇരുത്തി നോക്കി…
സജീഷ് അത് കാര്യമാക്കിയില്ല…
അവൻ മാന്യത ചമഞ്ഞ് തന്നെ നിന്നു…
റോഷന്റെ പൂര്ണകായ രൂപം സജീഷ് ഒന്ന് ഇരുത്തി നോക്കി..സോഫിയുടെ ഭർത്താവിനെ അവൻ ആദ്യമായി കാണുകയാണ്…
നിഷ്കളങ്കമായ മുഖം… ആർക്കും അയാളെ എളുപ്പം പറ്റിക്കാൻ പറ്റും എന്ന് മുഖത്ത് എഴുതി വച്ചിരിക്കുന്ന പോലെ …
സംസാരത്തിലും ഒരു ചെറു തമാശ എപ്പോഴും ഉള്ള പോലെ തോന്നി…
അത് സോഫിയും മുൻപ് തന്നോട് പറഞ്ഞിട്ടുണ്ട്…
” ഇച്ഛായൻ പാവം ആണ് ടാ… ആർക്കും എളുപ്പം വഞ്ചിക്കാ… ”
പക്ഷെ ആരും അതിന് തുനിയില്ല… അങ്ങനെ ചെയ്തിട്ട് ആ മുഖത്തേക്ക് ഒന്ന് നോക്കാൻ ആർക്കും പറ്റില്ല… അത്രക്ക് പാവാ എന്റെ ഇച്ഛായൻ… ”
അവളുടെ വാക്കുകൾ സജീഷ് ഓർത്തു…
അന്ന് ഭർത്തവിനോടുള്ള സ്നേഹക്കൂടുത്തലിന്റെ പുറത്ത് പറഞ്ഞതാവും എന്ന മട്ടിൽ അവൻ കാര്യമായി എടുത്തിരുന്നില്ല…
” നീ എന്നതാടാ ഇങ്ങനെ മിണ്ടാതെ നിക്കണേ… ? ”
റോഷൻ സജീഷിന്റെ മുഖത്ത് തന്നെ നോക്കികൊണ്ട് ചോദിച്ചു…
” ഏയ് ആദ്യമായി കാണുന്നെന്റെ ഒരു ചളിപ്പ് ആണ്… ”
സജീഷ് ഒരു ഇളി പാസാക്കി…
റോഷൻ അവന്റെ നിപ്പും നോട്ടവും ഒക്കെ കൗതുകത്തോടെ നോക്കുകയാണ്… എന്റെ സോഫി ആദ്യം അടിയറവ് പറഞ്ഞ കഥാപാത്രം അല്ലെ… എന്താണ് അവന്റെ പ്രത്യേകത എന്ന് അറിയാൻ റോഷനും ഒരു മോഹം ഉണ്ടായിരുന്നു…
സജീഷ് ഇടക്കിടെ ഇടക്കണ്ണിട്ട് സോഫിയെ നോക്കുന്നുണ്ട്…
എന്നെ എങ്ങനെ ഫേസ് ചെയ്യണം എന്ന ധാരണ അവന് തീരെ കിട്ടിയിട്ടില്ല എന്ന് റോഷന് വ്യക്തമായി… അല്ലെങ്കിലും മുൻ കാമുകിയുടെ ഭർത്താവിനെ കാണുമ്പോൾ ഒരാൾക്ക് ഇത്തരത്തിൽ അല്ലാതെ എങ്ങനെയാണ് പെരുമാറാനാവുക….
” നിങ്ങൾ എന്തെങ്കിലും കഴിച്ചോ ” സജീഷ് സോഫിയെ നോക്കി ചോദിച്ചു…
പെട്ടന്ന് എന്തോ അബദ്ധം പറ്റിയ മട്ടിൽ അവൻ തന്റെ അമ്മയെ നോക്കി… അമ്മയുടെയും മുഖം വാടിയിരുന്നു… വീട്ടിൽ ഒന്നും ഇരിപ്പില്ല എന്ന് റോഷന് മനസ്സിലായി…
” ആ അതൊന്നും വേണ്ടന്നെ…
ഞങ്ങൾ കഴിച്ചതാടാ ഉവ്വേ…” റോഷൻ ഇരുന്നിടത്ത് നിന്ന് എണീറ്റു…
” നീ ഇങ്ങ് വാ… നമുക്ക് ഒന്ന് കറങ്ങീട്ട് വരാം… “

Leave a Reply

Your email address will not be published. Required fields are marked *