[കുറ്റബോധം 12 [Ajeesh]

Posted by

അവളുടെ ആ നോട്ടത്തിൽ ഒരുപാട് കാര്യങ്ങൾ ഇനിയും പറയാൻ ബാക്കി വച്ചതിന്റെ വെമ്പൽ ഉണ്ടായിരുന്നു… അതിനുള്ള അവസരം ഇനിയും ഉണ്ടാകില്ലെന്നുള്ള നിരാശയുണ്ടായിരുന്നു… രേണുകക്ക് ഒരു ചെറിയ പ്രതീക്ഷ തോന്നിത്തുടങ്ങിയിരുന്നു…
അവർ തന്റെ മകളുടെ തോളിൽ പിടിച്ചുകൊണ്ട്‌ തല താഴ്ത്തി പതിയെ പറഞ്ഞു…
” സാരമില്ല മോളെ… നിനക്ക് ഒരു വിഷമം ഉണ്ടെന്ന് അറിഞ്ഞാൽ അവൾ ഇനിയും വരും… ”
രേഷ്മ നിറഞ്ഞ കണ്ണുകളോടെ അമ്മയെ നോക്കി… അവളുടെ മുഖം ചുവന്ന് തുടുത്ത് വന്നു…
എന്റെ കൂടെ നിന്ന എനിക്ക് വേണ്ടി എല്ലാം ചെയ്ത് തന്ന എന്റെ അമ്മക്കും അച്ഛനും ഞാൻ ഒന്നും ചെയ്തില്ലല്ലോ എന്ന തോന്നൽ അവളിൽ ആദ്യമായി ഉണ്ടായി…
മനസ്സിൽ ഒരു നേരിയ കുറ്റബോധം അവളെ വേട്ടയാടാൻ തുടങ്ങി…
എരിയുന്ന മനസ്സിലേക്ക് മറ്റൊരു തീപ്പൊരി പോലെ…
പക്ഷെ ആ നിമിഷം തന്റെ അമ്മയെ അഭിമുഖീകരിക്കാൻ അവൾക്ക് വലിയ ജാള്യത തോന്നി… പെട്ടന്ന് ഒരു രക്ഷപ്പെടലിനെന്ന പോലെ അവൾ മുറിക്കുള്ളിൽ കയറി കഥകടച്ച് ഇരുന്നു…
ആൻസി കട്ടിലിൽ ചാരി വച്ചിരുന്ന തലയണ എടുത്ത് നെഞ്ചോട് ചേർത്ത് അവൾ ചിന്തയിൽ മുഴുകി…
മരത്തണലിൽ ഇരുന്ന് പുല്ലാങ്കുഴൽ വായിക്കുന്ന രാഹുലിന്റെ മുഖം അവളുടെ അടഞ്ഞ കണ്ണിനുള്ളിൽ തെളിഞ്ഞു വന്നു… അവന്റെ ആ കള്ളച്ചിരി, ഓടക്കുഴൽ വായിച്ചുകഴിയുമ്പോൾ മതിമറന്നുള്ള ആ ഇരുത്തം, ആരും കൊതിക്കുന്ന അവന്റെ കണ്ണുകൾ, ഇടക്കിടക്ക് പറയാറുള്ള കള്ളങ്ങൾ, അവന്റെ ചുംബനത്തിന്റെ ചൂട്…
അങ്ങനെ എല്ലാം അവൾക്ക് ഇന്നാലെയെന്നപോലെ മനസ്സിൽ തെളിഞ്ഞു വന്നു…
പക്ഷെ ഇത്തവണ ആ ഓർമ്മകൾ അവൾക്ക് ഒരു അസ്വസ്ഥത ഉണ്ടാക്കി… അവൾ സ്വയം മറക്കാൻ ശ്രമിച്ചു… കട്ടിലിനോട് ചേർത്ത് ഇട്ടിരിക്കുന്ന ചെറിയ ടേബിളിൽ അവന്റെ ഓടക്കുഴൽ ഇരിക്കുന്നത് അവൾ കണ്ടു… അവൾ പെടുന്നനെ മുഖം തിരിച്ചു… അതിലേക്ക് നോക്കുമ്പോൾ അവൾക്ക് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു… പക്ഷെ എന്തോ വീണ്ടും വീണ്ടും അത് എടുക്കാൻ ആണ് അവളുടെ മനസ്സ് ആവശ്യപ്പെട്ടത്…
അവൾ ആ ഓടക്കുഴൽ എടുത്തു… നെഞ്ചോട് ചേർത്ത് പിടിച്ചു… അവളുടെ ഇറുക്കിയടച്ച കണ്ണുകളിൽ നിന്നും കണ്ണീർ വരുന്നുണ്ടായിരുന്നു… പെടുന്നനെ അവൾ കണ്ണുകൾ തുറന്നു… അപ്പോൾ ആ കണ്ണുകളിൽ ഒരു നിശ്ചയധാർഷ്ട്യം ഉണ്ടായിരുന്നു…
അവൾ ആ ഓടക്കുഴൽ ടേബിളിൽ വലിപ്പിൽ വച്ച്‌ അത് വലിച്ചടച്ചു…
അവളിൽ നിന്ന് ഒരു ദീർഘനിശ്വാസം പുറത്ത് വന്നിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *