രാധ കുഞ്ഞൂട്ടനെ അവന്റെ വീട്ടിൽ കൊണ്ടാക്കി….അവന്റെ ഷർട്ടും മുണ്ടും മാറ്റിയുടുപ്പിച്ചു….അവൾക്കവനെ ഇപ്പോൾ പേടിയില്ല..
കുഞ്ഞുട്ടേട്ടൻ പഴയ കുഞ്ഞുട്ടേട്ടൻ ആയി മാറിയിരുന്നെങ്കിൽ…അവൾ ആശിച്ചു,
മാറ്റിയെടുക്കും ഞാൻ എന്റെ കുഞ്ഞുട്ടേട്ടനെ, അവളുടെ കണ്ണിൽ നിശ്ചയദാർഢ്യം നിഴലിച്ചു, ഒപ്പം പ്രത്യാശയുമ്.
മൂകനായി ചിന്തയിൽ മുഴുകിയിരിക്കുന്ന ഭർത്താവിനെ ലളിത ശ്രദ്ധിച്ചു,
“കുറേ നേരമായല്ലോ ഒരാലോചന? എന്ത് പറ്റി?”
ചന്ദ്രൻ ഒന്നും മിണ്ടിയില്ല….എന്താണ് പറയേണ്ടത് എന്ന് വാസ്തവത്തിൽ അയാൾക്ക് നിശ്ചയം ഉണ്ടായിരുന്നില്ല….പക്ഷെ ഇത് മകന്റെ ജീവൻ വച്ചുള്ള കാര്യമാണ്….
“അവളെവിടെ?”
“അപ്പുറത്ത് പോയേക്കണ്, എന്തേ?”
“ഇന്ന് വരും വഴി ആ ചെറുക്കനെ കണ്ടിരുന്നു, സിദ്ധാർത്ഥന്റെ മകനെ”
“എന്നിട്ട്?”
“അവൻ അന്ന് പറഞ്ഞ കാര്യം എന്തായി എന്ന് ചോദിച്ചു”.
“അതു നടക്കില്ലെന്നു അന്ന് തന്നെ പറഞ്ഞതല്ലേ, ആ ചെറുക്കന്റെ സ്വഭാവം കൊള്ളില്ലെന്നു നിങ്ങൾ തന്നെയല്ലേ പറഞ്ഞത്?”
“അതേ….പക്ഷെ …”
അയാൾ രഞ്ജിത്തിന്റെ ജോലിയുടെ കാര്യം മാത്രം ലളിതയോടു പറഞ്ഞു.
“നിങ്ങൾ തന്നെ അവളോട് പറഞ്ഞു നോക്കു എന്നെകൊണ്ട് പറ്റില്ല”.
“മോളെ”
“എന്താ അച്ഛാ”
“ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം…”
രാധ അച്ഛൻ എന്താണ് പറയാൻ പോകുന്നതെന്ന് ഊഹിച്ചു.
“രഞ്ജിത്തിന് ഗൾഫിൽ ഒരു ജോലി ശെരിയാക്കാം എന്ന് സജിത്ത് പറഞ്ഞിട്ടുണ്ട്…അതു സംസാരിക്കാനാണ് അവൻ വിളിച്ചത്.”
അച്ഛൻ മുഖത്ത് നോക്കിയല്ല സംസാരിക്കുന്നതു.
പിന്നെ അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു..
“അമ്മ അറിയണ്ട, മഠത്തിൽ വീട്ടിലെ അയാൾ ജയിലിന്ന് ഇറങ്ങാൻ പോകാണെന്നു കേട്ടു….”
രാധയുടെ മനസ്സൊന്നു പിടഞ്ഞു….
“അച്ഛൻ പറഞ്ഞു വരുന്നത്….?”
“ഏഹ്, വേറൊന്നുമല്ല….അയാൾ അന്ന് പറഞ്ഞ കാര്യം ഇന്ന് ഒന്നൂടി…സൂചിപ്പിച്ചു”.
പിന്നെ ആത്മഗതം പോലെ പറഞ്ഞു,
“അവനിപ്പോ റൗഡിത്തരത്തിനൊന്നും പോകാറില്ലെന്നാ കേക്കുന്നെ”.
രാധ ഒന്നും മിണ്ടിയില്ല…ഇത് അഴിക്കുംതോറും മുറുകുന്ന കുര്ക്കാണല്ലോ ദൈവമേ….