അവൾ കുഞ്ഞൂട്ടനേം കൂട്ടി അച്ഛന്റെയൊപ്പം വൈദ്യരുടെ അടുത്തേക്ക് പുറപ്പെട്ടു.
കുഞ്ഞൂട്ടനെ ഒരുക്കാൻ പെട്ട പാട് ഓർത്തു അവൾ വഴിനീളെ മനസ്സിൽ ചിരിച്ചു.
അച്ഛന്റെ പഴയൊരു ജുബ്ബയാണ് ആകെ അവനു പാകമായത്, അവനതു ഷർട്ട് പോലെയേ ഉള്ളൂ, ഒന്ന് ശക്തിയായി തുമ്മിയാൽ അതു കീറിപ്പോകും.
അവനെ മുണ്ടുടുപ്പിക്കാൻ പെട്ട പാട് ഓർത്തപ്പോൾ അവൾക്കു നാണം വന്നു…..
അവളുടെ ചിന്ത പലവഴിക്ക് നീണ്ടു, കുഞ്ഞുട്ടേട്ടന് തീരെ ദുർഗന്ധമില്ല, താൻ മുൻപും ആലോചിച്ചിട്ടുള്ളതാണ്, തന്റെ മൂക്ക് പൊരുത്തപ്പെട്ടു പോയതാവാൻ വഴിയില്ല, അവിടെ അവരുടെ പറമ്പിൽ കുളമുണ്ട്, അതിൽ കുളിക്കുന്നുണ്ടോ? അല്ലേൽ കിണറ്റിൽ നിന്നു വെള്ളം കോരി?
പദ്മനാഭൻ വൈദ്യർ കുഞ്ഞൂട്ടനെ വിശദമായിത്തന്നെ പരിശോധിച്ചു, വിശദമായി അവന്റെ ചരിത്രം ചോദിച്ചറിഞ്ഞു…..
“നമുക്കൊരു ശ്രമം നടത്തി നോക്കാം, ഞാനിപ്പോ അത്രമാത്രം പറയാനേ തയ്യാറുള്ളൂ…പിന്നെ ഒരു പ്രധാന കാര്യം….”
രാധ വൈദ്യരെ നോക്കി.
“പാതിക്ക് വെച്ചു നിർത്തരുത്, അതെനിക്ക് ഉറപ്പു തരണം…”
ഇല്ല!! രാധ ദൃഢമായ് പറഞ്ഞു.
വൈദ്യർ ആ ഉണ്ണിയാർച്ചയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
അദ്ദേഹം ഒരു കടലാസ്സെടുത്തു എന്തോ എഴുതി..
“നേരത്തെ പറഞ്ഞ പോലെ ഇതും ആ ഡിസ്പെന്സറിയിൽ കൊടുത്തോളൂ, എങ്ങനെ, എന്താന്നൊക്കെ ഞാൻ ഇതിൽ എഴുതിയിട്ടുണ്ട്..അവിടെ രവി എന്നൊരാളെ ഇത് കാണിക്കൂ.”
പിന്നെ ചന്ദ്രനോടായി പറഞ്ഞു,
“ഇപ്പൊ ഇങ്ങനെ പോട്ടെ, ഉഴിച്ചിലും കാര്യങ്ങളുമൊക്കെ നമുക്ക് പിന്നീടാലോചിക്കാം, തന്ന മരുന്ന് നേരത്തിനു കഴിക്കണം, എണ്ണയും തൈലവും കുളിക്കുന്നതിനു അര മണിക്കൂർ മുന്നേയെങ്കിലുമ് പുരട്ടുക.”
ഡിസ്പെൻസറി എന്നാണ് വൈദ്യർ പറഞ്ഞതെങ്കിലും, ഒരു ആശുപത്രി പോലെ ഉണ്ടായിരുന്നു ആ കെട്ടിടം, ഏതോ പഴയ മന വാങ്ങി മോഡിഫൈ ചെയ്തിരിക്കയാണ്.
വൈദ്യരുടെ വീട്ടിൽ നിന്നു കുറച്ചു ദൂരമുണ്ട് അവിടേക്കു, ഓട്ടോ കിട്ടാൻ ബുദ്ധിമുട്ടി.
“രവി സാർ?” ആരോ രവി ഇരിക്കുന്ന നേരെ കൈചൂണ്ടി.
“താങ്ക് യു”
ഒരു പത്തറുപതു വയസ്സ് തോന്നിക്കുന്ന മനുഷ്യൻ. അവൾ അയാൾക്ക് കുറിപ്പ് കൈമാറി, അയാൾ അവരെ ഒന്ന് നോക്കി വെയിറ്റ് ചെയ്യാൻ ആംഗ്യം കാണിച്ചു അകത്തു പോയി.
“അവിടെ ഇരുന്നോളൂ, ഡോക്ടർ ഒരാളെ പരിശോധിക്കയാണ്, അതു കഴിഞ്ഞു വിളിക്കും.”
അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ, ഒരു പെൺകുട്ടി അവരെ വന്നു വിളിച്ചു.
“ഇരിക്കൂ”,
അവരിപ്പോൾ ഒരു ഡോക്ടറുടെ മുന്നിലാണ്.