അവളുടെ ചൂടും പറ്റി കിടക്കാൻ വല്ലാത്ത സുഖം തോന്നി…എന്നും ഉണ്ടായിരുന്നെങ്കിൽ എന്നു വല്ലാത്തൊരു കൊതിയും പക്ഷെ, ഇവളുടെ മനസ്സിൽ ഞാൻ ഇപ്പോഴും ഒരു മൂത്ത സഹോദരനോടുള്ള അടുപ്പമാണോ എന്നറിയാതെ ഉള്ളിൽ ഉള്ള ഇഷ്ടം എങ്ങനെ പറയും എന്ന ചിന്ത എന്റെ ഉറക്കം കളഞ്ഞു.
***********************************
പിറ്റേന്ന് മുതൽ ഞാൻ ജോലി തെണ്ടാനിറങ്ങി, പഴയ പല്ലവി തന്നെ കേട്ട് ചെവി തഴമ്പിച്ചു തുടങ്ങി.
ഒന്നു രണ്ടിടത്ത് ഏറെക്കുറെ കിട്ടി എങ്കിലും നൈറ്റ് ഷിഫ്റ്റ് എടുക്കേണ്ടി വരും എന്ന് പറഞ്ഞതോടെ അമ്മുവിനെ കുറിച്ചോർത്തപ്പോൾ ഒഴിവാക്കേണ്ടി വന്നു…
ചാരു എനിക്കിപ്പോൾ ഫുൾ ആയിട്ടും അമ്മു ആയി,…
കയ്യിലേം തോളിലേം കുറെ തൊലി പെണ്ണിന്റെ നഘത്തിനിടയിൽ കേറ്റിയെങ്കിലും ചാരു വേരോടെ പെണ്ണ് എന്നിൽ നിന്നും പിഴുതുമാറ്റി,…എന്റടുത്തു നിന്നു മാത്രം അല്ല…ഇടയ്ക്ക് കൂടാൻ ചിക്കനും ബിയറും ഒക്കെ ആയി വരുന്ന നുണയനും അർജ്‌ജുനും മനീഷിനും നിത്യയ്ക്കും എല്ലാം ഇപ്പൊ അമ്മു ആണ്,…
ഒന്നു കൂട്ടായതോടെ എല്ലാത്തിന്റേം കയ്യിലും ഇപ്പൊ അവള് പിച്ചിപ്പറിച്ചു വെച്ച പാട് കാണാം അതു കാണുമ്പോഴാണ് ഒരാശ്വാസം…
എന്നും വൈകിട്ട് ഇരുട്ടും മുന്നേ വീട്ടിൽ എത്തണം പേടിച്ചു തൂറി ആയ പെണ്ണിന്റെ കല്പന …
കോലായിൽ എന്നെയും നോക്കി ഇരിക്കുന്ന ഇരുപ്പ് തന്നെ മതി ഒരു ദിവസത്തെ അലച്ചിലിന്റെ ക്ഷീണം മുഴുവൻ മാറാൻ….…
ടീച്ചറുടെ അടുത്ത് പോയി ഇരിക്കാൻ പറഞ്ഞിട്ടുണ്ടേലും എന്നും ചെന്ന് അവർക്ക് ബുദ്ധിമുട്ടാവേണ്ടെന്നു കരുതി ഇടയ്ക്ക് വല്ലോം പോവും എന്നല്ലാതെ എപ്പോഴും ചെന്നിരിപ്പൊന്നും ഇല്ല…
അന്നും ഇരുട്ടു വീഴും മുന്നേ ഞാൻ വീട്ടിലെത്തി കുളി കഴിഞ്ഞു ഈറൻ മാറാത്ത മുടി ആട്ടികളിച്ചു അമ്മു മുറ്റത്ത് തന്നെ ഉണ്ട്, തോട്ടത്തിലെ ചെടിയും നോക്കി കൊഴിഞ്ഞ ഇലയെല്ലാം കൂട്ടി നിന്ന പെണ്ണ് എന്നെ കണ്ടതും ഓടി വന്നു,..
കയ്യിൽ നിന്ന് ബാഗ് വാങ്ങി നടക്കുമ്പോൾ പതിവ് ചോദ്യം വന്നു…
എന്റെ നിരാശ നിറഞ്ഞ മറുപടി കേട്ടിട്ടാവും.
“സാരല്ല്യാ…നമ്മുക്ക് പെട്ടെന്നു ജോലി കിട്ടും ഏട്ടാ…”
എന്നെ നോക്കി ചിരിച്ചു കാണിച്ചു അമ്മു മുന്നേ നടന്നു,