ജിത്തുവിന് തിരിച്ചൊന്നും മറുത്ത് പറയാൻ കഴിഞ്ഞില്ല. ‘അമ്മ പറഞ്ഞാൽ കേട്ടില്ലെങ്കിൽ പോലും, സോണി പറഞ്ഞാൽ അവൻ കേൾക്കും. ഒരു കൂടപ്പിറപ്പില്ലാത്തത്തിന്റെ വിഷമം അറിയിക്കാത്തവൻ പറഞ്ഞാൽ അവൻ കേൾക്കാതിരിക്കോ? അങ്ങിനെ ജീവിതത്തിലാദ്യമായി, പരസ്പരം മനസ്സ് വായിച്ചിട്ടും ഒന്നും മിണ്ടാതെ അവർ ഒരുമിച്ചു തിരികെ പോയി. വീട്ടിൽ ചെന്നെത്തുമ്പോഴേക്കും അമ്മയുടെ മുൻപിൽ ഡ്രാമ കളിക്കാൻ അവൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരിന്നു. വീട്ടിലെത്തി, അംബികാമ്മയുടെ കയ്യിൽ നിന്ന് ഒരു ഗ്ലാസ് ചായവെള്ളവും കുടിച്ച് അവർ ചോദിക്കുന്നതിന് മാത്രം ചിരിച്ചു കൊണ്ട് മറുപടി കൊടുത്ത് അവൻ മുറിക്കകത്ത് കയറി വാതിലടച്ചു. ബാഗിനുള്ളിൽ, കെമിസ്ട്രി ബുക്കിനുള്ളിൽ സൂക്ഷിച്ചിരുന്ന കോകില കൊടുത്ത ഫോട്ടോ മെല്ലെയെടുത്ത് അതിൽ നോക്കി അവൻ നിശബ്ദം കരഞ്ഞു. കുറച്ചു നേരം അങ്ങിനെ അനങ്ങാതെ നിന്ന് അവൻ ആ ഫോട്ടോ തന്റെ ഡയറിക്കുള്ളിലെ അവസാന പേജിനുള്ളിൽ വച്ചുപൂട്ടി. തുണിയെല്ലാം ഊരി, വിവസ്ത്രനായി അവൻ കിടക്കയിലേക്ക് മലർന്നു വീണു. അമ്മ, അച്ഛൻ, സോണി… അവൻ ഉരുവിട്ടു. അവളുടെ പേര് വായിൽ നിന്നും പുറത്തേക്ക് വീഴാതിരിക്കാൻ കെണിഞ്ഞു പരിശ്രമിക്കുകയായിരുന്നു അവന്റെ മനസ്സ്.
മാസങ്ങൾ കടന്നു പോയി. ക്ലാസ്സിൽ പല മാറ്റങ്ങളും ഉണ്ടായി. ആദ്യമേ പറയാനുള്ളത്, സോണി പൂജയുമായി ലൈനായി. മരച്ചുവട്ടിലും ഫ്രീ പിരിയടിലും അവർ സല്ലപിച്ചു. പല ദിവസങ്ങളിലും ക്ലാസ്സ് കഴിഞ്ഞ് അവർക്ക് ഒരുമിച്ചു നടന്നു പോവാൻ ജിതിൻ തന്നെ അവസരമൊരുക്കി. ഫൈസൽ പിന്നീട് അവന്റടുത്ത് ചൊറയുമായി ചെന്നിട്ടില്ല. അവൻ അന്നയുമായി സീരിയസ് ആയെന്നു തോന്നി ജിതിന്. കെമിസ്ട്രി ക്ലാസ് എടുക്കാൻ പുതിയ ടീച്ചർ വന്നു. അവർ വന്നു ക്ലാസ് എടുക്കുമ്പോഴെല്ലാം അവൻ കോകിലയെ ഓർക്കുമായിരുന്നു. നോട്ട് ബുക്കിൽ അവളുടെ പേരും എഴുതി, അത് വെട്ടി, പിന്നെയും എഴുതി, സോണിയുടെ വായിലിരിക്കുന്നതും മേടിച്ച്, അവൻ പതിയെ പതിയെ അവളെപ്പറ്റിയുള്ള ചിന്തകൾക്ക് കടിഞ്ഞാണിടാൻ ശ്രമിച്ചു. ഒരു വ്യത്യാസവും ഇല്ലാതിരുന്നത് ക്ലാസ് ടെസ്റ്റുകളിൽ അവൻ വാങ്ങിയ മാർക്കുകളാണ്. എത്ര പഠിക്കാൻ ശ്രമിച്ചിട്ടും, ഒരു വ്യത്യാസവും ഇല്ലാതെ, അവന് പിടി കൊടുക്കാതെ, അത് മാത്രം അവനെ അവഗണിച്ചു.