കോകില മിസ്സ് 9 [കമൽ]

Posted by

“നിനക്കോ നാണമില്ല. എന്നെയും കൂടി നാണം കെടുത്തുമല്ലോ ചെക്കാ…” അവൾ അവന്റെ ചെവിട്ടിലെ പിടി വിട്ടു. ജിതിൻ ചെവി തിരുമ്മി ചിരിച്ചു കൊണ്ട് അവളെ കണ്ണിറുക്കിക്കാട്ടി.
“ഇന്നാ… ഇത് നിനക്ക് തരാൻ കൊണ്ടു വന്നതാ.” അവളത് അവനു നേരെ നീട്ടി. അവൻ കവർ വാങ്ങി പൊട്ടിച്ച് ഉള്ളിലുള്ളത് പുറത്തെടുത്തു. പുറത്തു വന്ന ഫോട്ടോയുടെ കനമുള്ള കട്ടിക്കടലാസിൽ കുഞ്ഞക്ഷരങ്ങളിൽ എന്തോ എഴുതിയിരിക്കുന്നു. അവൻ ആ കടലാസ് കഷ്ണം ഒന്നു കൂടി അടുപ്പിച്ചു പിടിച്ചു നോക്കി. “പ്രാണനിൽ കൊത്തിവച്ച, കാലത്തിന് വിട്ടു കൊടുക്കാത്ത ഒരു വസന്ത കാലത്തിന്റെ ഓർമ്മയ്ക്ക്”. അവൻ തെല്ലൊരു അതിശയത്തോടെ ആ കടലാസ് മറിച്ചു നോക്കി. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അവർ ഒരുമിച്ചു നിന്നെടുത്ത ക്ലാസ് ഫോട്ടോയായിരുന്നു അത്. അവന്റെ തൊട്ടടുത്ത് അവനിലും പൊക്കം കുറഞ്ഞ, മഞ്ഞ സരിയുടുത്ത ഒരു പെണ്ണ്, അവന്റെ പ്രേമ ഭാജനം, അവന്റെ കോകില നിൽക്കുന്നു. അത് കണ്ട മാത്രയിൽ അവന്റെയുള്ളിൽ സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റമുണ്ടായി. സന്തോഷം, സങ്കടം, പ്രണയം, നിരാശ, നൊസ്റ്റാൾജിയ… എന്നാൽ ഇതിന്റെയെല്ലാം അടിസ്ഥാനം സ്നേഹം തന്നെയെന്നും അവൻ മനസ്സിലാക്കുന്നു.

“ഇതെനിക്ക് തന്നാൽ, മി..സ്സി..ന്റെ കയ്യിൽ വേറെയുണ്ടോ? അതോ, നമ്മളെയൊക്കെ മറക്കാനാണോ പരുപാടി?” മിസ്സ് എന്ന് അഭിസംബോധന ചെയ്യാൻ അവന് മടിയുണ്ടായിരുന്നു. അവളത് മനസ്സിലാക്കി പുഞ്ചിരിച്ചെങ്കിലും അവൻ കളിയായി പറഞ്ഞ വാക്കുകൾ അവളുടെ ഉള്ളിൽ ചെന്ന് കൊണ്ടു.

“നിന്നെ മറക്കനോ? അതീ ജന്മത്തെനിക്ക് കഴിയുമെന്ന് തോന്നുന്നില്ല.” അവൾ പെട്ടെന്ന് പറഞ്ഞത് കേട്ട്, ആ പറഞ്ഞത് ഒന്നു കൂടി കേട്ടിരുന്നെങ്കിൽ എന്നാശിച്ച് അവനവളുടെ മുഖത്തേക്ക് നോക്കി. അവളും അമളി പിണഞ്ഞ പോലെ അവനിൽ നിന്നും നോട്ടം മാറ്റി. പ്രസന്നമായ അന്തരീക്ഷം പെട്ടെന്ന് നിശ്ശബ്ദമായത് പോലെ തോന്നി രണ്ടാൾക്കും. അവനവളുടെ മുഖത്തു നോക്കുന്നതെങ്ങിനെ എന്നാലോചിച്ചു മുഖം തിരിച്ചു മടിച്ചു നിന്നു. അവളുടെ മനസ്സ് പറഞ്ഞതിനെ ന്യായീകരിക്കാനുള്ള കാരണങ്ങൾ ഉണ്ടാക്കാൻ വിഫലമായി ശ്രമിച്ചു.
“ഇന്ന് പോയാൽ, ഇനി…. ഇനി കാണാൻ കഴിയുമെന്ന് തോന്നുന്നില്ല. അല്ലെ…” അവൻ തൊണ്ടയിടറാതിരിക്കാൻ പണിപ്പെട്ടു ചോദിച്ചു.
“അറിയില്ല.” അങ്ങിങ്ങായി അവരെ ശ്രദ്ധിച്ചും അല്ലാതെയും നടന്നു പൊയ്ക്കൊണ്ടിരുന്നവരെ ശ്രദ്ധിക്കാതെ അവൾ മറുപടി കൊടുത്തു.
“ഐ വിൽ മിസ്സ് യു കോകില…, ഞാൻ ഒരുപാട് മിസ്സ് ചെയ്യും നിങ്ങളെ. തിരിച്ചും അങ്ങിനെ തന്നെയായിരിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചോട്ടെ?”
കോകില ചിരിച്ചതെയുള്ളൂ. അവന്റെയുള്ളിൽ തോന്നിയ വികാരങ്ങൾ അവളുടെ മുഖത്തു നിന്നും അവൻ വായിച്ചെടുത്തു. എങ്കിലും, ഉള്ളിലെന്താണെങ്കിലും അവൾ മനസ്സ് തുറക്കാത്തത് എന്തു കൊണ്ടെന്ന് അവൻ ചോദിച്ചില്ല. ഇത്… ഇതിന്റെ അവസാനം ഇങ്ങനെ തന്നെയാവണം എന്ന് ദൈവം എഴുതി വച്ചിട്ടുണ്ട് എങ്കിൽ അത് ചോദ്യം ചെയ്യാൻ ഞാനൊര്? അവൻ കരുതി. അതേ ദൈവത്തോട് തന്റെ മനസ്സ് തന്റെ കൈവിട്ടു പോകരുതേ എന്നവൻ പ്രാർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *