ജിത്തുവിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അവളുടെ മുഖത്തേക്ക് അലക്ഷ്യമായി വീണു കിടന്ന മുടിയിഴകൾ അവളുടെ ചെവിക്ക് പിന്നിലേക്ക് മാടിയൊതുക്കി, ആ ചെറിയ വെളിച്ചത്തിലും തിളങ്ങുന്ന ചുവന്ന മൂക്കുത്തി കല്ലിലേക്ക് അവൻ ആർദ്രമായ് നോക്കി.
“എപ്പോഴാ നിനക്കെന്നോട് ഇഷ്ടം തോന്നിതുടങ്ങിയത്?” അവൻ ആകാംഷ മറച്ചു വെച്ചില്ല.
“അറിയില്ല ജിത്തൂ… എപ്പോഴോ, എന്റെ സ്വപ്നങ്ങളിൽ നീ വന്നു തുടങ്ങി. വെറുതേയിരിക്കുന്ന സമയത്തും എന്തെങ്കിലും ആലോചിച്ചു തുടങ്ങിയാൽ, അത് അവസാനിക്കുന്നത് നിന്റെ ഓർമ്മകളിലായി. വിദ്യക്ക് പെട്ടെന്ന് പിടി കിട്ടി, നമ്മുടെ കാര്യം. കാണുന്നത് പോലെയല്ല. അവൾക്ക് നല്ല ബുദ്ധിയാ.”
“അവർക്ക് ബുദ്ധി കൂടുതലായിട്ടല്ല, നീയൊരു പൊട്ടിപ്പെണ്ണായിട്ടാ നിനക്കങ്ങിനെ തോന്നിയത്. പൊട്ടിപ്പെണ്ണേ…”
കോകില അവന്റെ നെഞ്ചിൽ ഒരു കടി വച്ചു കൊടുത്തു.
“ആ… അടങ്ങിക്കിടക്ക് പെണ്ണേ….. നല്ലോണം നൊന്തു.” അവൻ നെഞ്ചു തിരുമ്മി.
“എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും. കേട്ടോടാ ചെക്കാ…” അവൾ അവന്റെ നെഞ്ചിൽ കടി കൊണ്ട ഭാഗത്ത് മൂക്കുരുമ്മി അവിടം മുത്തിയിട്ട്, അവിടെ മുഖം ചേർത്തു.
“ഇങ്ങനെ കിടന്നാൽ മതിയോ? പോവണ്ടേ?” അവൾ ധൃതി വെച്ച് അവന്റെ നെഞ്ചിൽ നിന്നും കവിൾ മാറ്റി ചോദിച്ചു.
“അത് പറഞ്ഞപ്പോഴാ, ആരാ ആ കൂടെ വന്നത്?”
“വിദ്യ. അവളെ കണ്ടിട്ട് നിനക്ക് മനസ്സിലായില്ലേ?”
“അല്ല, തലയിൽ കഷണ്ടിയുള്ള ആ അയാൾ… അയാളാരാ?”
“കഷണ്ടിയുള്ള ആളോ? അങ്ങിനെ ആരെയും ഞാൻ കണ്ടില്ലല്ലോ? നീ വേറെയാരെയെങ്കിലും ആയിരിക്കും കണ്ടത്. ഞാനും വിദ്യയും അവളുടെ കാറിലാ വന്നത്. പ്രിൻസിപ്പലിനെ കണ്ട് എന്തോ ആവശ്യത്തിനാ അവൾ വന്നത്. പിന്നെ… പിന്നെ നിന്നെ ഒരു നോക്ക് കാണാൻ വേണ്ടിയാ ഞാനും…”
“വിദ്യാ മിസ്സ് അന്വേഷിക്കില്ലെ തന്നെ?”
“ആ പിന്നേ… പത്തു മണിക്കു മുന്നേ തിരിച്ചു പോണംന്നാ അവൾ പറഞ്ഞത്. നമുക്ക് താഴേക്ക് പോവാം?”
“ഒരഞ്ച് മിനിറ്റ് കൂടി എന്റെ കൂടെ കിടക്ക് പെണ്ണേ… ഇന്നത്തെ കഴിഞ്ഞാൽ ഇനിയെന്നു കാണാനാ നമ്മൾ?”
“എന്റെ നമ്പർ നിനക്ക് ഞാൻ തന്നിട്ടുണ്ട്.”
“എപ്പോ… ” അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു.