കിവികളുടെ നാട്ടിലൊരു പ്രണയകാലം 1
Kivikalude Nattiloru Pranayakaalam Part 1 | Author : Oliver
അങ്കിള്‍ മരിച്ചിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം തികയുന്നു. ജിനു മാത്യുവെന്ന എനിക്കപ്പോള്‍ 16 വയസ്സായിരുന്നു പ്രായം. അങ്കിളിന്റെ നിർത്താതെയുള്ള കലപില സംസാരവും അലിവ് നിറഞ്ഞ ചിരിയുമൊക്കെ ഇപ്പോഴും ഞാനൊരുപാട് മിസ്സ് ചെയ്യുന്നുണ്ട്. അപ്പോൾ ആന്റി എന്തുമാത്രമായിരിക്കും അദ്ദേഹത്തെ മിസ്സ് ചെയ്യുന്നുണ്ടാവുക? രണ്ടുവര്‍ഷം മുന്‍പുവരെ ഞങ്ങളുടെ ന്യൂസിലാന്റിലെ വീടൊരു സ്വര്‍ഗ്ഗമായിരുന്നു. കളിയും ചിരിയും കൊച്ചുകൊച്ചു പിണക്കങ്ങളും കുസൃതികളും നിറഞ്ഞ ഒരു കൊച്ചു സ്വര്‍ഗ്ഗം.
ഒരുപക്ഷേ ദൈവത്തിനുപോലും അതുകണ്ട് അസൂയ തോന്നിയിട്ടുണ്ടാവും. അതുകൊണ്ടാവുമല്ലോ വിധിയൊരു ആക്സിഡന്റിന്റെ രൂപത്തില്‍ ഞങ്ങളുടെ സ്വര്‍ഗ്ഗത്തെ തച്ചുടച്ചത്. ഫിനാഷ്യൽ വർഷാവസാനമായതിനാൽ ആ രാത്രി ഏറെ വൈകിയാണ് അങ്കിള്‍ ജോലി തീർത്തിട്ട് വീട്ടിലേക്ക് കാറിൽ വന്നുകൊണ്ടിരുന്നത്. എതിരെ ഓവര്‍ടേക്ക് ചെയ്തു വന്നൊരു ട്രക്ക് മിന്നല്‍വേഗത്തിൽ കാറില്‍ വന്നിടിക്കുകയായിരുന്നു. ഒന്ന് വെട്ടിക്കാനുള്ള സമയം പോലും അങ്കിളിന് ദൈവം കൊടുത്തില്ല.
ഓക്ലാന്‍ഡിലെ ആള്‍പാര്‍പ്പില്ലാത്ത ആ കുന്നിന്‍ചരിവില്‍ ആരും തിരിഞ്ഞു നോക്കാനില്ലാതെ ചോര വാര്‍ന്നു അങ്കിള്‍ പോയി. ശവസംസ്കാരത്തിനായി അങ്കിളിന്റെ ബോഡിയും കൊണ്ട് ഞങ്ങള്‍ തിരുവല്ലയിലേക്ക് പറന്നു. എന്റെ ഡാഡിയും അങ്കിളുമൊക്കെ വളര്‍ന്നത് തിരുവല്ലയിലെ ഞങ്ങളുടെ കുടുംബവീട്ടിലായിരുന്നു. എന്നെങ്കിലും മരിച്ചാല്‍ നാട്ടില്‍ തന്നെ അടക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു.