പറഞ്ഞിട്ട് ഷാനു ഇടം കൈ കൊണ്ട് റവയിരുന്ന പാത്രം ചീനച്ചട്ടിയിലേക്ക് ചെരിച്ച്, അല്പാല്പമായി റവ ഇടുന്നതിനനുസരിച്ച് വലം കൈയിലെ തവി ഇളക്കിക്കൊണ്ടിരുന്നു …
ജാസ്മിന്റെ മരച്ചു പോയ ബോധമണ്ഡലം പതിയെ ഉണർന്നു തുടങ്ങി …
ഷാനു … അവൻ ഷാനു മാത്രമാണെന്ന് തിരിച്ചറിയുകയായിരുന്നു …
ഷാനു = ഷാനു …
ഉപ്പുപരൽ തൊണ്ടയിൽ കുരുങ്ങിയ പോലെ ജാസ്മിനു തോന്നി.
തന്റെ മനസ്സിലെ അവസാന സംശയത്തിന്റെ നൂലിഴ കടുംകെട്ട് അവന്റെ ഓരോ പ്രവർത്തികളാലും അഴിഞ്ഞു തുടങ്ങുന്നത് അവൾ അറിഞ്ഞു …
ഒരു പെണ്ണ് തേടുന്നതാരോ , അവൻ തന്നെയാണിവൻ …
ജാസ്മിനും പെണ്ണായിരുന്നുവല്ലോ….
അർദ്ധ നിമിഷം …
ഷാനു ഗ്യാസ് ഓഫ് ചെയ്ത് തിരിയുന്നതിനു മുൻപേ , മോളിക്ക് പിന്നിലേക്ക് ചേർന്ന് അവൾ ഷാനുവിന്റെ നെഞ്ചിൽ പിടി മുറുക്കി …
” ന്റെ മക്കളേ … ” എന്നൊരു വിളി മാത്രം പതിയെ, വളരെ നേർത്ത് പുറത്തേക്ക് വന്നു..
അവളുടെ മുറുക്കലിൽ ശ്വാസം കിട്ടാതായത് മോളിക്കാണ് …
“ചാസം മുട്ടണ് … ”
എന്നിട്ടും ജാസ്മിൻ പിടി വിട്ടില്ല …
” ച്ച് നീം പനി വരുത്തും ജാച്ചുമ്മ … ”
കഴിഞ്ഞ ദിവസത്തെ പനിയുടെ ഓർമ്മയിൽ മോളി പറഞ്ഞു.
അവളുടെ പിടി പതിയെ അയഞ്ഞു …
ഒരു നീർത്തുള്ളി അവളുടെ മിഴികളിൽ നിന്ന് കവിളിലൂടെ താഴേക്കുരുണ്ടു വീണു ..
അവനെ അവിശ്വസിച്ചത് തന്റെ തെറ്റു തന്നെയാണെന്ന് , അവളുടെ അർദ്ധമനസ്സ് പറഞ്ഞു.
9:20 AM
തകർത്തടിച്ചു പെയ്തിരുന്ന മഴയ്ക്ക് ഒരു ശമനവുമില്ലായിരുന്നു …
ഷാനുവിന്റെ മടിയിലായിരുന്നു മോളി.
ടി.വി യിൽ മഴക്കെടുതിയുടെ സ്ക്രോൾ ന്യൂസ് പായുന്നത് ശ്രദ്ധിച്ചു കൊണ്ടിരുന്നു …
പല സ്ഥലങ്ങളിലും വെള്ളം പൊങ്ങിയതും ആളുകൾ അകപ്പെട്ടതുമായ വാർത്തകൾ കടന്നുപോയ്ക്കൊണ്ടിരുന്നു …
ജാസ്മിൻ മുറിയിൽ തന്നെയായിരുന്നു.
ഷാനു സകല ജോലികളും തീർത്തു വെച്ചിരുന്നു …
തന്റെ മൊബൈലിൽ വാട്സാപ്പ് നോട്ടിഫിക്കേഷൻ വന്നതറിഞ്ഞ്, ന്യൂസിൽ തന്നെ ശ്രദ്ധിച്ചു കൊണ്ട് അവൻ ഫോണെടുത്തു.
ജാസ്മിന്റെ മെസ്സേജായിരുന്നു …