മോളി, ഇത്തരമൊരവസ്ഥയിൽ തന്നോട് ചോദിക്കുമ്പോൾ ഉള്ള തന്റെ മാനസികാവസ്ഥയും പ്രവർത്തിയും അവളൊന്നാലോചിച്ചു.
ഒരു തവണ, അല്ലെങ്കിൽ രണ്ടു തവണ മറുപടി കൊടുക്കും… പിന്നീടത് ദേഷ്യമാകും , ശകാരമാകും , പിന്നീടവളെ ഓടിച്ചു വിടും …
ഷാനു ക്ഷമയുടെ അങ്ങേയറ്റമാണ് ….
ആ അവനാണിന്നലെ ….!
വീണ്ടും ചിന്തകൾ വഴി പിരിഞ്ഞു …
അടുത്ത നിമിഷം തിളച്ച എണ്ണയിൽ കടുകും കറിവേപ്പിലയും മൊരിഞ്ഞ ഗന്ധം വന്നു …
ചിന്തകൾ വിശപ്പിനു വഴിമാറി …
ക്ഷീണവും വിശപ്പും അവളുടെ ജഠരാഗ്നിയെ ഇരട്ടിയാക്കി.
മർജ്ജാര പാദത്തോടെ അവളവരിലേക്കടുത്തു.
ശ്വാസം വിടാതെ, ഒരല്പം കുസൃതിയോടെ അവൾ മോളിക്കു പിന്നിൽ നിന്ന് എത്തിനോക്കി ..
ഇടം കൈ കൊണ്ട് അരിഞ്ഞു വെച്ച ക്യാരറ്റും , സവാളയും ഇഞ്ചിയും പച്ചമുളകും അവൻ ചീനച്ചട്ടിയിലേക്ക് തട്ടുന്നതും വഴറ്റുന്നതും അവൾ കണ്ടു ..
ഇടതു വശത്ത് വറുത്തു വെച്ച റവ അവൾ കണ്ടു ..
ഉപ്പുമാവാണ് പരിപാടി …..
വലത്തേ ഭാഗത്തിരുന്ന മഗ്ഗിലെ വെള്ളം, ഒരല്പം പിന്നോട്ട് മാറി ഷാനു ചീനച്ചട്ടിയിൽ ഒഴിച്ചു.
തല പിന്നോട്ടാക്കി ജാസ്മിൻ മോളിയെ തൊടാതെ നിന്നു .
ഡപ്പയിൽ നിന്ന് ഒരു നുള്ള് ഉപ്പെടുത്ത് അതിലിട്ട് തവികൊണ്ട് നന്നായി ഇളക്കിയിട്ട് , തവിയുടെ അറ്റത്തെ ഉപ്പുവെള്ളവുമായി ഷാനു , മോളിയുമായി തിരിഞ്ഞു ..
” ഉപ്പ് നോക്കുമ്മാ …..”
മോളിയും അപ്പോഴാണ് ജാസ്മിനെ കണ്ടത് ..
നിന്ന നിൽപ്പിൽ ജാസ്മിൻ പുകഞ്ഞു കത്തിപ്പോയി …
അവളുടെ ചിന്താ സരണികളുടെ ആയിരം കാതങ്ങളിലകലെപ്പോലും അതെങ്ങനെ സംഭവിച്ചുവെന്നും, അവനറിഞ്ഞുവെന്നും ഉത്തരമുണ്ടായിരുന്നില്ല ..
അറിയാതെ അവൾ വലത്തേ ഉള്ളം കൈ നീട്ടിപ്പോയി …
തന്റെ മരച്ച ഉള്ളം കൈയിൽ ആണ് തവി തൊട്ടതെന്ന് അവളറിഞ്ഞു..
അവന്റെ കണ്ണിലേക്ക് നോക്കി തന്നെ ഉള്ളം കൈ അവൾ നാക്കിലേക്ക് ചേർത്തു.
യാന്ത്രികമായി തന്നെ കുഴപ്പമില്ല എന്നയർത്ഥത്തിൽ അവൾ ശിരസ്സിളക്കിപ്പോയി..
മോളിയുമായി ഷാനു തിരിഞ്ഞു …
വെള്ളം തിളച്ചിരുന്നു ….
” ഇതായോ ഇക്കാക്കാ…?”
” ആയി മോളിക്കുട്ട്യേ …. “