” ന്നോട് ക്ഷമിക്കുട്ടോ ….”
“ഷാനൂട്ടാ ….”
” സത്യായിട്ടും ഞാൻ മരിക്കും ട്ടോ ….”
ടൈപ്പ് ചെയ്തിട്ടവൾ മോളി കാണാതെ വിങ്ങിപ്പൊട്ടി..
ആ സമയം പുറത്തൊരു കൊള്ളിയാൻ വീശി ….
അത് പതിൻമടങ്ങായി അവളുടെ നെഞ്ചിലും വീശി ….
ഷാനു ….
അവൻ വല്ല അവിവേകവും കാണിച്ചിരിക്കുമോ ….?
തന്നിലുണ്ടായ ചിന്തകളൊക്കെ അവനിൽ ഉണ്ടാകുമെന്ന് നൂറു ശതമാനം ഉറപ്പാണ് …
അപ്പോൾ …..?
ശൈത്യക്കാറ്റേറ്റതു പോലെ ജാസ്മിൻ ഒന്ന് കുളിരു കോരി ….
” ന്റെ പടച്ചോനേ…..” ഒരു വിളിയോടെ അവൾ സിറ്റൗട്ടിലേക്കോടി …
എങ്ങോട്ടാ പോവ്വാ ….?
എവിടെയാ തിരയുക ….?
ഒരു വേള അവൾ മഴയിലേക്ക് കുതിക്കാനാഞ്ഞു …
സൺഷേഡിൽ നിന്ന് പതിക്കുന്ന ജലനൂൽ ധാര, പുറത്തെ ബൾബിന്റെ പ്രകാശത്തിൽ തിളങ്ങിക്കൊണ്ടിരുന്നു …
അതിലും വലിയൊരു തിളക്കം വഴിയുടെ അങ്ങേയറ്റം ഒന്ന് മിന്നിയതു പോലെ അവൾക്ക് തോന്നി..
ഒരു കാറ്റു വീശി …
അവളുടെ അഴിഞ്ഞുലഞ്ഞ മുടിക്കെട്ട് പിന്നിലേക്ക് പറന്നു …
വെളിച്ചം അടുത്തു വന്നു കൊണ്ടിരുന്നു …
കോടമഞ്ഞിൽ മുനിഞ്ഞു കത്തുന്ന പ്രകാശ വൃത്തത്തിലേക്ക് മിടിക്കുന്ന ഹൃദയവുമായി അവൾ നോക്കി നിന്നു …
അതെ …..!
ഇങ്ങോട്ടാണ് വരുന്നത് ….!
പുതുമഴ കൊണ്ട ബാല്യം പോലെ അവളുടെ മനസ്സൊന്നു തുള്ളിയുലഞ്ഞു …
വരുന്നുണ്ടവൻ…..
ന്റെ ഷാനു …..!
കണ്ണീരിൽ പ്രകാശമൊന്നണഞ്ഞു..
സ്കൂട്ടി പോർച്ചിലേക്ക് എത്തിയിരുന്നു …
വണ്ടി സ്റ്റാൻഡിലിട്ട് ഷാനു സീറ്റ് ബോക്സ് തുറക്കുന്നതും ഒരു കവറെടുക്കുന്നതും അവൾ കണ്ടു …
കോട്ടൂരി വണ്ടിയിലേക്കിട്ടിട്ട് ചുവരിന്റെ ഓരം ചേർന്ന് അവൻ സിറ്റൗട്ടിലേക്ക് കയറി …
ചലിക്കാനാവാതെ ജാസ്മിൻ നിന്നു …
ഒരു കാറ്റുകൂടി വീശി …
അവനിൽ നിന്ന് അടയ്ക്കാമരത്തിന്റെ ഗന്ധം അവൾക്ക് അനുഭവേദ്യമായി …
” ഇ… യ്യ് ഏടാരുന്നു ….?”
“പറയാം മ്മാ …” അവൻ അകത്തേക്ക് കയറി .. പിന്നാലെ കയറിയ ജാസ്മിൻ വാതിലടച്ചു.
അവന്റെ ശരീരത്തും വസ്ത്രങ്ങളിലും മണ്ണും ചെളിയും പുരണ്ടിരിക്കുന്നത് കണ്ടവൾ നിയന്ത്രണം വിട്ടലറി…