ഒരക്ഷരം ഉരിയാടാതെ അവൾ വേച്ചു വേച്ചു തിരികെ മുറിയിലേക്ക് വന്നു …
താൻ മനസ്സിൽ കെട്ടിപ്പൊക്കിയ ചില്ലുകൂടാരം ഒരു നൊടി കൊണ്ട് തകർന്നുടയുന്നത് അവളറിഞ്ഞു …
ചില്ലുകൾ ഹൃദയം കീറിമുറിക്കുന്നതും രക്തം വാർക്കുന്നതും അവളറിഞ്ഞു …
12: 10 PM
” എവിടെപ്പോയതാ …?”
കരഞ്ഞു തളർന്നു മയങ്ങിയ ജാസ്മിൻ ഉണർനപ്പോൾ അവന് മെസ്സേജ് വിട്ടു …
ഒരു ടിക്ക് മാത്രം വീണു …
അവൾ അവന്റെ ഫോണിലേക്ക് ബല്ലടിപ്പിച്ചു.
മുഴുവൻ റിംഗ് ചെയ്ത് തീർന്നതല്ലാതെ ഫോൺ അവൻ എടുത്തില്ല …
അവൾ വീണ്ടും വാട്സാപ്പിലേക്ക് വന്നു …
രണ്ടു മിനിറ്റ് അവൾ അതിലേക്ക് തന്നെ നോക്കിയിരുന്നു …
ആ സിഗ്നലും പിഴച്ചിരിക്കുന്നു ….
അതിനു മാത്രം പാതകം താൻ ചെയ്തോ എന്നൊരാത്മപരിശോധനയോടെ അവൾ കിടക്കയിൽ തല തല്ലിക്കരഞ്ഞു …
3:45 PM
“എന്താ വിളിച്ചിട്ട് എടുക്കാത്തെ …?”
“എവിടെയാ ….?”
ഒരൊറ്റ ടിക്ക് മാത്രം..
വികാരവിക്ഷോഭത്താൽ കണ്ണീരുണങ്ങിയ അവളുടെ കവിളുകൾ വിറച്ചു കൊണ്ടിരുന്നു ….
4: 40 PM
അന്ന് ചോറ് വെച്ചതുമില്ല, ആരും കഴിച്ചതുമില്ല …
മോളിക്ക് കുശാലായിരുന്നു..
അളവൊന്നുമില്ലാതെ പാത്രങ്ങളോടെ തന്നെ ജാസ്മിൻ പലഹാരങ്ങൾ അവളുടെ മുൻപിൽ കൊണ്ടുവന്നിട്ടു കൊടുത്തു.
അഴിഞ്ഞുലഞ്ഞ മുടിയും ചുളിങ്ങിക്കൂടിയ നൈറ്റിയും ധരിച്ച് സിറ്റൗട്ടിലും ഹാളിലുമായി അവൾ മനസ്സു പോലെ തന്നെ ഓടി നടന്നു.
ഒരു വേള സിറ്റൗട്ടിൽ നിന്ന് അവൾ ഫോണിൽ വീണ്ടും ടൈപ്പ് ചെയ്തു …
” ന്നോട് പിണക്കാ….?”
“വേഗം വാടാ …..”
“അന്നെ കാണാതെ വയ്യാ ട്ടോ ….”
പുറത്ത് തകർക്കുന്ന മഴയിലേക്ക് , കോട പുതച്ചു കിടക്കുന്ന പ്രകൃതിയിലേക്ക് വഴിക്കണ്ണുമായി അവൾ നിന്നു … കണ്ണുകളും പെയ്യുകയായിരുന്നു ….
6: 30 PM
ഷാനു … ( 26 missed call)
അതിലേക്ക് നോക്കി ജാസ്മിൻ നിർവ്വികാരതയോടെ സെറ്റിയിലിരുന്നു …
ബൾബുകൾക്ക് വെളിച്ചം പോരാ എന്ന് കണ്ണുകൾക്കു മുന്നിലിരുന്ന് കണ്ണീർപ്പാട വിളിച്ചു പറഞ്ഞു …
” ഇയ്യില്ലാതെ വയ്യാ ട്ടോ ….”