അത് കല്ലുവെച്ച നുണയാണെന്ന് ജാസ്മിനറിയാമായിരുന്നു .. ഒരു മിഠായി പോലും ഒറ്റയ്ക്ക് വാങ്ങി കഴിക്കുന്നവനല്ല ഷാനു . അഥവാ അവൻ കഴിച്ചിട്ടുണ്ടെങ്കിൽ രണ്ടെണ്ണം പാർസലായി ഇവിടെത്തുമായിരുന്നു …
” കഴിക്കണ്ട … പുറത്തേക്ക് വാ…”
അവളൊന്നു കൂടി ശ്രമിച്ചു.
“നല്ല ക്ഷീണം ണ്ട് മ്മാ …”
” ആ റൂമിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത എന്ത് ക്ഷീണാ അനക്ക് …?”
” ങ്ങക്കറിയൂലാ ….?”
അവളുടെ വായടപ്പിച്ചു കളഞ്ഞു അവൻ …
” ഒൻപതരയ്ക്കുള്ളിൽ ഛർദ്ദിച്ചാൽ മറ്റേ ഗുളിക കൂടി കഴിക്കണം … ”
ജാസ്മിൻ അനങ്ങിയില്ല.
അവളുടെ മിഴികൾ പൊട്ടിത്തുടങ്ങിയിരുന്നു …
” ഞാൻ കിടക്കാൻ പോണ് … ”
അവന്റെ ഓൺലൈൻ സ്റ്റാറ്റസ് മറയുന്നത് അവൾ കണ്ടു ..
ദേഷ്യത്തോടെയും സങ്കടത്തോടെയും അവൾ കട്ടിലിലേക്ക് വീണു …
ഇന്നലെ ഈ സമയം …..
ഇന്ന് ഈ സമയം ….
ഇതിനിടയിൽ സംഭവിച്ച കാര്യങ്ങൾ അവൾ മനസ്സാ പരിശോധിച്ചു …
ഇഴ കീറി പരിശോധിച്ചിട്ടും ഷാനുവിൽ ഒരു തെറ്റും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, എല്ലാം തന്റെ വെറുമൊരു തെറ്റിദ്ധാരണയുടെ പുറത്താണെന്ന് അവൾ തിരിച്ചറിയുകയും ചെയ്തു.
ആ നിമിഷം കട്ടിലിൽ കിടന്ന ഫോൺ ബെല്ലടിച്ചു.
ആത്മഹർഷത്താൽ അവൾ ഫോൺ ചാടിയെടുത്തു …
ഇക്ക കോളിംഗ് …
അവളുടെ മുഖം ഒരു നിമിഷം മ്ലാനമായി.
തനിക്കു സംഭവിക്കുന്നതെന്തെന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു …
കോൾ അറ്റന്റ് ചെയ്തവൾ സ്പീക്കർ മോഡിലിട്ടു.
“മഴയാണോ അവിടെ … ”
” പെരും മഴയാ…”
” കുട്ട്യോളോ ..?”
” മോളി ഇവിടുണ്ട് , ഷാനു അപ്പുറത്താ …”
“അതെന്താ കിടപ്പു മാറ്റിയോ ..?”
” ചിലപ്പോഴൊക്കെ അങ്ങനാ…” അവളെങ്ങും തൊടാതെ പറഞ്ഞു..
ഷാഹിർ പിന്നീട് അതിനേക്കുറിച്ച് സംസാരിച്ചില്ല , ചിലപ്പോൾ താൻ കുറഞ്ഞ ദിവസത്തെ ലീവിന് വരുമെന്നും ഉറപ്പു പറയാറായിട്ടില്ലെന്നും അവൻ പറഞ്ഞു …
” എന്താ പ്രത്യേകിച്ച് …?”
” ആ നാറിയുടെ കാര്യം തന്നെ … ” ഷാഹിർ ദേഷ്യത്തിലായി …