ഖൽബിലെ മുല്ലപ്പൂ
Khalbile Mullapoo | Author : Kabaninath
” പോരണ്ടായിരുന്നു .. അല്ലേ ഷാനൂ ….”
പ്രകമ്പനം കൊള്ളിക്കുന്ന ഇടിമിന്നലിനൊപ്പം ചരൽ വാരിയെറിയുന്നതു പോലെ കാറിനു മുകളിലേക്ക് മഴത്തുള്ളികൾ വന്നലച്ചു .
” ഞാൻ പറഞ്ഞതല്ലേ ജാസൂമ്മാ … പുലർച്ചെ പോന്നാൽ മതീന്ന് … ” ജലപാതത്തെ കഷ്ടപ്പെട്ടു വടിച്ചു നീക്കുന്ന വൈപ്പറിലേക്ക് കണ്ണയച്ചു കൊണ്ട് ഷഹനീത് പറഞ്ഞു.
എതിരെ ഒരു വാഹനം പോലും വരുന്നുണ്ടായിരുന്നില്ല , രണ്ടോ മൂന്നോ വലിയ വാഹനങ്ങളല്ലാതെ ഒന്നും തന്ന അവരെ കടന്നുപോയിട്ടില്ല.
” എന്താ ചെയ്ക…?” ജാസ്മിൻ പിറുപിറുത്തു …
“മോളി ഉറങ്ങിയോ ….?”
“ഉം …. ”
ഷഹനീതിന്റെ സഹോദരിയാണ് മോളി എന്ന് ഓമനപ്പേര് വിളിക്കുന്ന മൂന്നര വയസ്സുകാരി ഷഹാന …
ഷഹനീതും ഉമ്മ ജാസ്മിനും ഷാജഹാൻ മാഷുടെ വീട്ടിലേക്കുള്ള യാത്രയിലാണ്.
“മഴ തോരുന്ന ലക്ഷണമൊന്നുമില്ല … ” ഗ്ലാസ്സിനു പുറത്തേക്ക് ഇരുട്ടിലേക്ക് നോക്കി ജാസ്മിൻ പറഞ്ഞു.
“ഏതോ ഒരു കൊടുങ്കാറ്റ് വീശാനുണ്ടെന്ന് എഫ്.ബിയിൽ കണ്ടിരുന്നു ….” ഷാനു പറഞ്ഞു.
പടിഞ്ഞാറത്തറയിൽ നിന്നും വാരാമ്പറ്റ റോഡിലേക്ക് തിരിഞ്ഞ ശേഷം തുടങ്ങിയ മഴയാണ് … തരുവണയിൽ നിന്ന് പുറപ്പെടുന്ന നേരം മഴ ചാറി തുടങ്ങിയിരുന്നു …
“തിരികെ പോയാലോ ഷാനൂ … “ജാസ്മിൻ ചോദിച്ചു.
“ഇനി മൂന്നോ നാലോ കിലോമീറ്റർ അല്ലേ ഉള്ളൂ ഉമ്മാ … കുറച്ചു നേരം കൂടി നോക്കാം. തിരിച്ചു പോയാലും മഴ കുറയുന്നില്ലല്ലോ….’
ആ സമയം ജാസ്മിന്റെ കയ്യിലിരുന്ന ഫോൺ ബെല്ലടിച്ചു ..
” ഉപ്പയാണ് ….” ഫോണിന്റെ ഡിസ്പ്ലേയിലേക്ക് നോക്കി ജാസ്മിൻ പറഞ്ഞു..
“പ്ലീസ് ജാസൂമ്മാ .. മറ്റേ കാര്യം ഒന്ന്
ഓർമ്മിപ്പിച്ചേക്കണേ …”
“അയ്യടാ ….” പറഞ്ഞു കൊണ്ട് ജാസ്മിൻ ഫോണെടുത്തു.
” അതേ, വഴിയിലാണ് … നല്ല മഴയാണ് ”
ജാസ്മിൻ മറുപടി കൊടുക്കുമ്പോൾ ഷഹനീത് അവളെ നോക്കി ദൈന്യതയോടെ മുഖം കൊണ്ട് യാചിച്ചു.