“‘ ഞങ്ങളിങ്ങനെ സംസാരിച്ചോണ്ടിരുന്നപ്പഴാ ആന്റപ്പൻ ജാൻസീടെ മോളെ പറ്റി പറയുന്നേ … പിള്ളേരല്ലേ ..കോളേജല്ലേ .. വല്ല പ്രണയവും തോന്നി ഓരോന്നൊപ്പിച്ചു വെച്ചിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ … എന്നാപ്പിന്നെ ജാൻസിയോട് വാക്കാലൊന്ന് പറഞ്ഞേക്കാമെന്ന് കരുതി ഇറങ്ങീതാ .. ഞാനീ പട്ടാളത്തിലായത് കൊണ്ട് ഒന്നും വെച്ച് താമസിപ്പിക്കുവേല .അതാ അവന്റെയിഷ്ടം പറഞ്ഞപ്പോ സമയോം കാലോം ഒന്നും നോക്കാത്തിറങ്ങിപ്പൊന്നേ “‘
അത് കേട്ടപ്പോഴാണ് ജാൻസി മമ്മിക്കും മെർളിക്കും ഒപ്പം തനിക്കും സമാധാനമായത്
“‘കേറി വാ ..” ജാൻസി മമ്മി ഹാളിലെ സോഫയിലേക്ക് കൈ ചൂണ്ടി
“‘ആ … ഇരിക്കടാ ആന്റപ്പാ … മോളെ ..നീ രണ്ട് ഗ്ലാസ് വെള്ളം ഇങ്ങെടുത്തോ . വേറൊന്നും വേണ്ട “‘ അപ്പൻ കസേരയിലിരുന്നിട്ട് പറഞ്ഞു .
“‘ ജാൻസിക്ക് അറിയാമോന്നറിയത്തില്ല .. എന്റെ പെമ്പറന്നോരു മരിച്ചു . ഇവനൊറ്റ മോനാ . ഞങ്ങള് കൂട്ടുകാരെ പോലെയാ . അത്യാവശ്യം സ്വാതത്ര്യമൊക്കെ ഞാൻ കൊടുത്തിട്ടുണ്ടേ . എന്നുവെച്ചു അധികം കുരുത്തക്കേടൊന്നും ഇവൻ കാണിച്ചിട്ടുമില്ല … ഇപ്പഴാണെ ഒന്നോർത്തു നോക്കിക്കേ ജാൻസി … മോളെ ഇഷ്ടമാണെന്ന് എന്നോട് നേരിട്ട് അല്ലെ പറഞ്ഞെ ..അല്ലാതെ പ്രേമിച്ചു പേരുദോഷമൊന്നും വരുത്തീട്ടില്ലല്ലോ .. പിന്നെ നമ്മടെയൊക്കെ കാലമല്ല . പിള്ളേര് പ്രേമിക്കട്ടെ … ഇനി അതും കൊണ്ട് നിങ്ങക്കൊരു വേഷമോം ഉണ്ടാവില്ല .. ഉണ്ടായാൽ …ഡാ മോനെ ആന്റപ്പാ … ഇവരുടെ മുന്നീ വെച്ച് ഞാൻ പറയുവാ … കയ്യും കാലും തല്ലിയൊടിച്ചു പള്ളീൽ കൊണ്ടോയി കെട്ടിക്കും ഞാൻ ഇവളെ കൊണ്ട് ..ആ അതൊക്കെ പോട്ടെ ..എടി കൊച്ചേ ..ഞാൻ ഞങ്ങടെ കാര്യം പറഞ്ഞതെ ഉള്ളൂ …നിനക്കിഷ്ടമാണോ ഇവനെ “‘
മെർളി വെള്ളം കൊണ്ട് ടീപ്പോയിൽ വെച്ചിട്ട് മമ്മിയുടെ പുറകിലേക്ക് മാറി ..
“‘ആ ..കണ്ടോ കണ്ടോ ജാൻസി പെണ്ണിന്റെ നാണം …എന്നാ പിന്നെ പിള്ളേര് പ്രേമിക്കട്ടെ … ഞാനിറങ്ങുവാ കേട്ടോ …ഡി മോളെ .. മോതിരമൊന്നുമില്ല ..എന്നാലും ഈ വാച്ചങ്ങു കെട്ടി കൊടുത്തേക്ക് ..ഡാ ആന്റപ്പാ ..നീയിവൾടെ കയ്യിലും കെട്ടിക്കേ “” അപ്പൻ കൊണ്ട് വന്ന കവറിൽ നിന്ന് ഒരു ജോഡി വാച്ചെടുത്തു നീട്ടിയപ്പോൾ താൻ അമ്പരന്നു പോയി … അപ്പനിത്ര റൊമാന്റിക്കാണോ ?