“നീ ഇപ്പൊ എവിടാ..?
എന്റെ സ്വരം സ്വല്പം പരുഷമായിരുന്നു.
“വീട്ടില് അല്ലാതെവിടാ !
അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു.
“എനിക്ക് ഇപ്പൊ തന്നെ നിന്നെ കാണണം… എവിടെക്കാ വരണ്ടേ..?
“എന്ത് പറ്റി രമണാ…
അവൾ ചിരിയോടെ പറഞ്ഞു.
“നീ കൂടുതല് കൊഞ്ചണ്ട.. ഞാൻ എവിടെക്കാ വരണ്ടേ അത് പറ..!
എന്റെ പരിചിതമല്ലാത്ത സ്വരം കേട്ട് അവൾ ഒരു നിമിഷം നിശബ്ദമായി.പിന്നെ പതിയെ പറഞ്ഞു.
“എന്റെ വീടിനടുത്തുള്ള ഗ്രൗണ്ടില്ലേ അവിടെ വന്നാ മതി. ഞാനവിടെ കാണും. “
ഞാൻ വണ്ടിയെടുത്ത് അവളുടെ വീട്ടിലേക്ക് വിട്ടു. ആകെ രണ്ട് കിലോമീറ്ററെ ഒള്ളൂ.പണ്ട് പ്രേമിച്ച്
നടന്ന സമയത്ത് ജിഷ്ണുവിന്റെ ഉപദേശം കേട്ട് അവളുടെ വീടിനു മുന്നിലൂടെ കുറെ സൈക്കിൾ ചവിട്ടി നടന്നതാണ്. ഞാൻ ഗ്രൗണ്ടിൽ എത്തിയപ്പോൾ
അവൾ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.കറുപ്പ് നിറത്തിലുള്ള മിഡിയും വെള്ള ടോപ്പും ആണ് വേഷം.എന്നെ കണ്ടതും അവൾ പുഞ്ചിരിയോടെ അടുത്തേക്ക് വന്നു. എനിക്ക് പക്ഷെ അവളെ നോക്കി ചിരിക്കാൻ കഴിഞ്ഞില്ലാ.ഞാൻ അവളെ ഒരു മരത്തിന്റെ മറവിലേക്ക് മാറ്റി നിർത്തി.എനിക്കാകെ ടെമ്പർ തെറ്റിയിരുന്നു.
നിനക്കെന്നോട് എന്തെങ്കിലും ഉണ്ടോ? “
ഞാൻ രൂക്ഷമായി അവളെ നോക്കിക്കൊണ്ട് ചോദിച്ചു.
“അങ്ങനെ ചോദിച്ചാൽ….
അവളൊന്ന് പരുങ്ങിക്കൊണ്ട് തലതാഴ്ത്തി.
ചോദിച്ചാൽ…?
“ഇഷ്ടമാണ് നിന്നെ…. “
അവൾ തലകുനിച്ചുകൊണ്ട് ഉത്തരം നൽകി. അത് അവളുടെ വായിൽ നിന്ന് തന്നെ കേട്ടപ്പോൾ എനിക്ക് പിന്നേം ദേഷ്യം കൂടുകയാണ് ചെയ്തത്.
“എന്നാ അങ്ങനെ ഇഷ്ടപ്പെടണ്ട.!
എനിക്ക് നിന്നെ ഇഷ്ടമേ അല്ല. പണ്ടെങ്ങോ എന്തോ ഉണ്ടായെന്നും പറഞ്ഞു എന്റെ പിന്നാലെ നടന്ന് ശല്യം ചെയ്‌താൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം. നാണമില്ലല്ലോടി നിനക്ക്.. !അവളെന്റെ അമ്മയെ വിളിച്ച് ചാക്കിലാക്കാൻ നോക്കുന്നു. മേലാൽ എന്നോട് മിണ്ടി പോവരുത് ഊളെ.. !
ഞാൻ അവളുടെ നേരെ കൈ ചൂണ്ടി അലറി.എന്നിട്ടും അവൾ യാതൊരു ഭാവ വ്യത്യാസവും ഇല്ലതെ എന്നെ തന്നെ നോക്കി നിക്കുന്നത് എന്നെ ശരിക്കും അമ്പരപ്പിച്ചു.
“കഴിഞ്ഞോ?..
അവൾ ശാന്തമായി എന്റെ കണ്ണിലേക്കു നോക്കി.