മാഷ് മേശമേലിരുന്ന ബുക്കിൽ നിന്നും ഒരു പേപ്പർ കീറിയെടുത്ത് ഫോൺ നമ്പരെഴുതി അവൾക്ക് നേരെ നീട്ടി.
അവളത് വാങ്ങി നോക്കി.
”ബുദ്ധിമുട്ടാകില്ലങ്കിൽ വൈകിട്ട് വിളിക്കുകയോ വാട്ട്സ്ആപ്പിൽ വരുകയോ ചെയ്യു… ആലോചിച്ചിട്ട് അപ്പോൾ പറയാം.”
അത്രയും പറഞ്ഞിട്ട് മാഷ് പുറത്തേയ്ക്കിറങ്ങി നടന്നു.
ഒരു നിമിഷം അവൾ ആ പോക്ക് നോക്കി ഇരുന്നു പോയി.
” ഒരു സ്ത്രീയെ തനിച്ചിരുത്തിയിട്ട്…. പോകുന്നെന്ന് പോലും പറയാതെ … ഛെ…”
എവിടെയെങ്കിലും അയാളുണ്ടോയെന്ന് നോക്കിയിട്ട് റോഡിനോരം ചേർന്ന് അവൾ നടന്നു.
പകലിനെ പൊള്ളിക്കുന്ന അസഹ്യമായ ചൂട് വകവയ്ക്കാതെ നടക്കുകയാണ് അൻസിയ .ഓർമകളിൽ മിന്നിമറയുന്നത് കഴിഞ്ഞ മണിക്കൂറുകളിലെ സംഭവങ്ങൾ മാത്രം. വേണ്ടാന്ന് വിചാരിക്കുമ്പോഴും ഓർക്കാൻ പ്രേരിപ്പിക്കുന്ന മുഖം വിജയൻ മാഷിന്റേത് തന്നെ.
ആദ്യം കണ്ടപ്പോഴുള്ള അംബരപ്പും ദേഷ്യവുമല്ലാതെ നീണ്ടു നിൽക്കുന്ന ആളിക്കത്തൽ ആ മുഖത്ത് കണ്ടിരുന്നില്ല.
എന്തൊരു പൗരുഷമാണ് കാണാൻ. അഞ്ചര അടിയിൽ കൂടുതൽ തോന്നിക്കുന്ന പൊക്കം അധികം വെളുപ്പോ,അധികം കറുപ്പോ തോന്നിക്കാത്ത കളർ.ഷേവ് ചെയ്ത് മിനുസപ്പെടുത്തിയ തുടുത്ത കവിളുകൾ കട്ടിയുള്ള മീശയ്ക്ക് ഭംഗി കൂട്ടി .മേശപ്പുറത്ത് കൈകൾ മടക്കി,കസേരയിൽ അലസമായി മാഷിരുന്നപ്പോൾ… അറിയാതെ എത്രനേരമാണ് തന്റെ കണ്ണുകൾ ആ കൈകളിലെ കറുത്ത രോമരാജികളിൽ പതിഞ്ഞിരുന്നത്.
ഒന്നും മിണ്ടാതെ പുറത്തിറങ്ങിയപ്പോഴാണ് അയാൾ ധരിച്ചിരുന്ന മെറൂൺ കളർഷർട്ട് കണ്ണിൽ തെളിഞ്ഞത്.തന്റെ ചുരിദാറിന്റെ ഷാളും മെറൂൺ കളറല്ലേ?
ഛെ… താനെന്തൊക്കെയാണ് ചിന്തിക്കുന്നത്…? അയാൾ എങ്ങനെയൊക്കെയായാൾ തനിക്കെന്താ … അയാൾ കല്യാണം കഴിച്ചതാണോ അല്ലയോ എന്നു പോലും തനിക്കറിയണ്ട ആവശ്യമില്ല.തന്റെ ഉദ്ദേശം വേറെയാണ് അത് മതി .
”ഇനി കല്ല്യാണം കഴിച്ചതാണോ…?” ശ്ശൊ… ആവശ്യമില്ലാത്ത ചോദ്യങ്ങൾ താൻതന്നോട് തന്നെ ചോദിക്കുന്നുവല്ലോ അള്ളാഹുവേ…
”പുതിയ അവതാരാണല്ലോ… ഈ നാട്ടീ… കണ്ടിട്ടില്ലാല്ലോ…”
ആ ചോദ്യമാണ് അവളെ സ്വബോധത്തിലെത്തിച്ചത്.
ഹോളുകൾ മാറിയിട്ട ഉടുപ്പിന്റെ ബട്ടൻസും,നിലത്തിഴയുന്ന മുണ്ടിന്റെ കോന്തലയും ,ഒട്ടിയ കവിളിന്റെ സയഡിലേയ്ക്ക് പിരിച്ച് വെച്ച നരവീണ മീശയും, വെള്ളി കയറി അലസമായി കിടക്കുന്ന തലമുടിയും മെലിഞ്ഞ ശരീരവും.നിലത്തുറക്കാത്ത കാലും
കണ്ടാലറിയാം മദ്യപിച്ച് ലക്കുകെട്ടുള്ള പോക്കാണന്ന്.
ആരാണീ… വൃത്തികെട്ടവൻ…?
ഉൾപേടിയോടെ റോഡിനിരുവശവും നോക്കിയെങ്കിലും ആരെയും കാണാത്തതു കൊണ്ട് അവൾ വേഗം നടന്നു. അല്ല അതൊരു ഓട്ടം തന്നെയായിരുന്നു.
”ഓ… ഒരുക്കുരൻ പീസാണല്ലോടി നീ.ഞാ … ഞാനിവിക്കെ തന്നെണ്ട്…”
പുറകിൽ നിന്നും വിളിച്ചു പറയുന്നത് അവൾ കേട്ടിട്ടും മൈന്റ് ചെയ്യാതെ, ഒരർത്ഥത്തിൽ ജീവനും കൊണ്ടോടുക തന്നെയായിരുന്നു അവൾ.
ഈ അവസരത്തിൽ, തന്നെ തനിച്ചാക്കി പോയ മാഷിനോട് അവൾക്ക് ദേഷ്യം തോന്നി.
കനൽ പാത 2 [ഭീം]
Posted by