ഒരു നിമിഷം അവരുടെ കണ്ണുകൾ കൂട്ടിമുട്ടി .അവളുടെ കണ്ണുകൾ നനഞ്ഞുവോ? അയാൾക്ക് സംശയമായി.പെട്ടെന്ന് കണ്ണുകൾ മാറ്റിയിട്ട് അർദ്ധോക്തിയിൽ വീണ്ടും അവളെ നോക്കി.
”നിങ്ങൾ ചെയ്തത് ശരിയാണെന്ന് തോന്നുന്നുണ്ടോ? എനിക്കിവിടെ മറ്റൊരാളിന്റെ ആവശ്യമില്ല.”
അയാൾ അറുത്തുമുറിച്ച് പറഞ്ഞു.
” അ … അത് …. മാഷേ… ഞാൻ ….”
”നിങ്ങളറങ്ങി പോണം … എനിക്കിവിടെ ആരുടെയും ആവശ്യമില്ലന്ന് പറഞ്ഞില്ലേ ….”
അവളെ മുഴുപ്പിക്കാൻ സമ്മതിക്കാതെ അയാൾ ഇടക്ക് കയറി പറഞ്ഞു.
പിൻന്മാറാൻ അവളും തയ്യാറായില്ല. എങ്ങനെയോ സംഭരിച്ച ധൈര്യത്തോടെ കുട്ടികൾ കേൾക്കാത്ത വിധം മാഷിനടുത്തെത്തി പറഞ്ഞു…
” മാഷേ… കുട്ടികളുടെ മുന്നിൽവെച്ച് ഇങ്ങനെ അപമാനിക്കരുത്. പ്ലീസ്….”
വിജയൻ മാഷ് അല്പമൊന്നടങ്ങിയെങ്കിലും ദേഷ്യം വിട്ടുമാറിയിരുന്നില്ല.
”നിങ്ങൾ ഞാൻ ചോദിച്ചതിന് ഉത്തരം പറയാത്തതെന്താ..?”
ചീറ്റ പുലിയെ പോലെ നിൽക്കുന്ന ഇയാൾക്ക് മുന്നിൽ പൂച്ചയെ പോലെ നിന്നിട്ടും കാര്യമില്ല. അപമാനിതയായി ഇറങ്ങി പോകുന്നതിനേക്കാൾ ധൈര്യത്തോടെ രണ്ട് വാക്ക് പറഞ്ഞിട്ട് പോകാം എന്നോർത്ത് അവൾ ക്ലാസിന് പുറത്തിറങ്ങി.
” മാഷേ… ചെയ്തത് വലിയ തെറ്റ് തന്നെയാണ്… ഞാൻ പൊയ് കൊള്ളാം. വന്നു പോയില്ലേ… ഈ ക്ലാസ്സ് തീർക്കാനുള്ള സമയമെങ്കിലും തരണം.ഇനിയും മാഷിന് എന്നെ അപമാനിക്കണമെങ്കിൾ ക്ലാസ്സ് കഴിഞ്ഞ് ഓഫീസിലേക്ക് വരാം…”
അത് കേട്ട് വിജയൻ മാഷ് ഇതികർത്തവ്യമൂഡനായി നിന്നു പോയി.
റോഡിലൂടെ ഒന്നു രണ്ട്സൈക്കിളുകൾ കടന്നു പോയി. ഘട ഘടാ …. സൗണ്ടുണ്ടാക്കി ഒരോട്ടോയും . അപ്പോഴാണ് റോഡിനപ്പുറത്തെ മതിലിനകത്ത് നിന്ന് ഐഷാ താത്ത നോക്കുന്നത് കണ്ടത്.
ചുണ്ടനക്കവും കൈ ആഗ്യവും കണ്ടപ്പോൾ അവിടെന്താണ് സംഭവം എന്നാണ് താത്ത ചോദിക്കുന്നതെന്ന് മാഷിന് മനസ്സിലായി. ഒന്നുമില്ലായെന്ന് തലയാട്ടി കൊണ്ട് മാഷ് അടുത്ത ക്ലാസിലേയ്ക്ക് കയറി.
ക്ലാസ്സെടുക്കുമ്പോഴും .. ആരാണിവൾ? എന്താണ് ഇവളുടെ ഉദ്ദേശം എന്ന ചിന്ത അയാളുടെ മനസ്സിനെ കലുഷിതമാക്കി. ഇടയ്ക്ക് കുട്ടികളും പുതിയ ടീച്ചറെ പറ്റി അന്വേഷിക്കാതിരുന്നില്ല.ക്ലാസ്സ് കഴിഞ്ഞിരുന്നെങ്കിൾ … അവൾക്കെന്താണ് പറയാനുള്ളതെന്ന് അറിയാമായിരുന്നു.
ആകാംശാഭരിതമായ നിമിഷങ്ങൾ മണിക്കൂറുകൾക്ക് വഴിമാറി.
ക്ലാസ്സ് കഴിഞ്ഞ് കുട്ടികൾ പുറത്തിറങ്ങി. മാഷും അവർക്കൊപ്പം ഇറങ്ങി. അവിടെയും വിജയൻ മാഷിന് അതിശയമാണ് തോന്നിയത്.ഇന്നലെവരെ ,ചലപിലാന്ന് ബഹളം വെച്ച് കളിച്ച് ചിരിച്ച് റോഡിലേക്ക് ഇറങ്ങുന്ന കുട്ടികളെയല്ല കാണാൻ കഴിഞ്ഞത്. വളരെ അച്ചടക്കത്തോടെ വരിവരിയായി നടന്നു പോവുകുന്ന അനുസരണയുള്ള കുട്ടികളെയാണ് കണ്ടത്. ഭാവവ്യത്യാസങ്ങളില്ലാതെ കുട്ടികൾ അവളോടും യാത്ര പറയുമ്പോൾ മാഷിന്റെ മുത്തേയ്ക്ക് പാളി വീഴുന്ന അവളുടെ നോട്ടം കാണാതിരിക്കാൻ അയാൾക്കായില്ല.
കനൽ പാത 2 [ഭീം]
Posted by