: നിനക്ക് ഓടിക്കാൻ അറിയുമോ…
: ആഹ്.. അച്ഛന് നല്ലൊരു അംബാസഡർ ഉണ്ടായിരുന്നു… അത് ഓടിക്കുമായിരുന്നു…
: എന്ന ഇത് നേരത്തെ പറയണ്ടേ…
സ്വപ്നയുടെ ചിട്ടയായ ഡ്രൈവിംഗ് ആസ്വദിച്ചുകൊണ്ട് ഹരി പാസ്സഞ്ചർ സീറ്റിലിരുന്നു. പുറത്തെ കാഴ്ചകളേക്കാൾ ഹരിക്ക് മനോഹാരിത തോന്നിയത് സ്വപ്നയെ നോക്കിയിരിക്കുമ്പോഴാണ്.
ഉച്ച കഴിഞ്ഞ് എറണാകുളത്ത് എത്തി രണ്ടുപേരും ഒരുമിച്ച് ഹരിയുടെ വീട്ടിലേക്കാണ് പോയത്. സ്വപ്നയുടെ അമ്മയുമൊത്ത് ഭക്ഷണം കഴിച്ച ശേഷം അവരെ രണ്ടുപേരെയും വീട്ടിൽ കൊണ്ടുവിട്ട് ഹരി നേരെ പോയത് ഓഫീസിലേക്കാണ്. രാമേട്ടനുമായി ഒത്തിരി സംസാരിച്ച ശേഷം ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അന്നാമ്മ ഹരിയെ വിളിക്കുന്നതും വരുന്ന ശനിയാഴ്ച രാത്രിയിൽ മൂന്നാറിലുള്ള അവരുടെ ഗസ്റ്റ് ഹൗസിൽ ഒരുക്കിയിരിക്കുന്ന വിരുന്നിനെക്കുറിച്ച് ഓർമിപ്പിക്കുന്നതും. ഹരി സന്തോഷപൂർവം അന്നാമ്മയുടെ ക്ഷണം സ്വീകരിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തു. അന്നാമ്മയ്ക്ക് ലാലാ ഗ്രൂപ്പിൽ നിക്ഷേപം നടത്തിയാൽ കൊള്ളാമെന്ന് അവർ ഹരിയോട് സൂചിപ്പിക്കുകയൂം ചെയ്തതോടെ ഹരിക്ക് കാര്യങ്ങളുടെ ഏകദേശ രൂപം മനസ്സിലായിട്ടുണ്ട്.
രാത്രി ഹരി വീട്ടിലെത്തുമ്പോഴേക്കും വൈഗ ഭക്ഷണമൊക്കെ റെഡിയാക്കി കാത്തിരിക്കുകയാണ്.
: ഇന്ന് കാക്ക മലർന്ന് പറക്കുമല്ലോ എന്റെ ഈശ്വരാ…
: കളിയാക്കണ്ട.. ഇനിയെന്നും കാക്കയും പൂച്ചയുമൊക്കെ മലർന്ന് തന്നെ പറക്കും. ഇനി എന്നും ഞാൻ ഉണ്ടാക്കും ഏട്ടൻ കഴിക്കും
: എന്തോ തട്ടിപ്പ് ഉണ്ടല്ലോ…
: ഒന്നുമില്ല പോയി കുളിച്ചിട്ട് വാ… നമുക്ക് ഒരിടംവരെ പോകാനുണ്ട്
: എവിടാണെന്ന് പറ… എന്നിട്ട് കുളിക്കാം
: ശ്യാമേട്ടന്റെ വീട്ടിൽ… പാവം… ഒറ്റയ്ക്കായതുകൊണ്ട് ആള് മര്യാദയ്ക്ക് ഭക്ഷണം പോലും കഴിക്കാറില്ല
: അച്ചോടാ…. അണപൊട്ടി ഒഴുകുവാണല്ലോ സ്നേഹം. ഞാൻ ഒരുത്തൻ ഇത്രയും നാൾ കരിയും പുകയും കൊണ്ടപ്പോഴൊന്നും ഇല്ലാത്ത സ്നേഹമാണല്ലോ പെണ്ണിന് അവളുടെ കമ്മീഷണറോട്
: ഹീ… ഒന്ന് വേഗം പോയി കുളിച്ചിട്ട് വാടോ ഹരിയേട്ടാ..