കടിച്ചാൽ തിരിച്ച് കടിക്കുന്ന പോലീസുകാരുണ്ടോ നമ്മുടെ കൂട്ടത്തിൽ…. വിശ്വസിക്കാൻ കൊള്ളാവുന്നവർ ആയിരിക്കണം
: എത്രപേര് വേണം മാടത്തിന്… കൂടിപ്പോയാൽ ഒരു സ്ഥലം മാറ്റം.. അല്ലാതെ തലയൊന്നും പോവില്ലലോ.. മാഡം പറ. പ്രതാപനും പിള്ളേരും റെഡിയാ..
: ഇതിന്റെ പേരിൽ നിങ്ങൾക്ക് ആർക്കും ഒരു നടപടിയും നേരിടേണ്ടി വരില്ല.. എല്ലാം ഞാൻ നോക്കിക്കോളാം..
: ഇപ്പൊ തന്നെ വിട്ടാലോ…
: ഇന്ന് വേണ്ട… നാളെ രാത്രി ഇതേ സമയം. കൂടെ ഒരു ആറുപേരെ കൂട്ടിക്കോ. ബാക്കിയൊക്കെ ഞാൻ പറയാം. ഞാനൊന്ന് കമ്മീഷണറെ കണ്ടിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം..
: മാഡം.. കമ്മീഷണർ…
: പേടിക്കണ്ട… അത് ഞാൻ നോക്കിക്കോളാം..
………/…………/………../…………
രാവിലെതന്നെ കമ്മിഷണറെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ച വൈഗ അദ്ദേഹത്തിന്റെ അനുവാദത്തോടെ ഒരു രഹസ്യ ഓപ്പറേഷന് തയ്യാറെടുത്തു. പ്രതാപൻ തിരഞ്ഞെടുത്ത ആറ് പേരടങ്ങുന്ന ടീമിനെ നയിക്കുക വൈഗാലക്ഷ്മിയാണ്. അതിൽ അതിയായ എതിർപ്പ് കമ്മീഷണർ പ്രകടിപ്പിച്ചുവെങ്കിലും വൈഗയുടെ സമ്മർദ്ദത്തിൽ അയാൾ വഴങ്ങി.
: വൈഗ നീതന്നെ പോകണമെന്ന് എന്താ ഇത്ര നിർബന്ധം.. സ്മാർട്ടായ എത്രയോ പോലീസുകാരുണ്ട് നമ്മുടെ ടീമിൽ
: സോറി സാർ… ഇത് എന്റെയൊരു പ്രതികരമാണെന്ന് കൂട്ടിക്കോ…
: ആവേശവും ആദർശവുമൊക്കെ നല്ലതാണ് പക്ഷെ ഇത് ബോംബെയാണ്.. അവരുടെ പിന്നാമ്പുറം നമുക്കറിയില്ല.. കരുത്തരായ നാല് പൊലീസുകാരെ കീഴ്പ്പെടുത്തിയ പക്കാ ക്രിമിനൽസിന്റെ അടുത്തേക്കാണ് നീ പോകുന്നതെന്ന് ഓർക്കണം… നിനക്ക് അറിയാമല്ലോ, മുകളിൽ നിന്നും ഇപ്പോൾ തന്നെ പറഞ്ഞുതുടങ്ങിയിട്ടുണ്ട് ഞാനാണ് നിന്നെ സംരക്ഷിക്കുന്നതെന്ന്.. ഈ ഓപ്പറേഷൻ കൂടിയായാൽ മിക്കവാറും ഒരു ട്രാൻസ്ഫർ ഉറപ്പാണ്…
: അത് കുഴപ്പില്ല സാർ… സർവീസ് ബോംബെയിൽ തന്നെ തികച്ചോളാമെന്ന് എനിക്ക് ഒരു നേർച്ചയും ഇല്ല… പിന്നെ തോട്ടത്തിൽ അവറാച്ചന്റെ പിന്നാമ്പുറം എന്നേക്കാൾ നന്നായി ആർക്കെങ്കിലും അറിയോ സാറേ…
: വൈഗയോട് പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം… എന്നാലും നിന്റെ കുടുംബത്തോടുള്ള സ്നേഹംകൊണ്ട് പറയുന്നതാ.. സൂക്ഷിക്കണം.
: താങ്ക് യു സർ…
…………….
സന്ധ്യ മയങ്ങിയ നേരത്ത് വൈഗാലക്ഷ്മിയുടെ നേതൃത്വത്തിലുള്ള ടീം ന്യൂ ഏജ് ബാറിന്റെ ഗ്ലാസ് ഡോർ ചവിട്ടിത്തുറന്ന് അകത്തേക്ക് കടന്നതും ബാർ ജീവനക്കാരായ ഗുണ്ടകൾ ചാടി വീണു. പോലീസ് യൂണിഫോമിൽ വന്ന ഉദ്യോഗസ്ഥരെ കണ്ട് ചിലരെങ്കിലും അമ്പരന്നെങ്കിലും ആന്റണിയുടെ ഗുണ്ടകൾ പിന്നോട്ട് പോയില്ല. വൈഗയുടെ ടീമിനെ ബ്ലോക്ക് ചെയ്ത് നിൽക്കുന്ന സംഘത്തെ വകഞ്ഞുമാറ്റി ആന്റണി വൈഗയ്ക്ക് മുന്നിൽ കൈയുംകെട്ടി നിന്ന് അവളെ അടിമുടി നോക്കി…