: പാവം കുട്ടി… അല്ലെ രാമേട്ടാ
: ഹരി ആരുടെ കാര്യമാ ഈ പറയുന്നേ…
: ഹേയ് ഒന്നുമില്ല… ഞാൻ വേറെ എന്തോ ആലോചിച്ച് പറഞ്ഞതാ
: ശരി വാ… നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് അവൾ എന്നെ വിളിച്ചിരുന്നു. സമയത്ത് ചെന്നില്ലെങ്കിൽ അവളുടെ വായിലിരിക്കുന്നത് ഞാൻ കേൾക്കേണ്ടി വരും..
: അപ്പൊ വിട്ടാലോ…
കാറുമായി വീടിന്റെ മുറ്റത്തേക്ക് എത്തിയതും വൈഗാലക്ഷ്മി അകത്തുനിന്നും പുറത്തേക്ക് ഓടിയെത്തി. കാറിൽ നിന്നും പുറത്തേക്കിറങ്ങിയ ഹരിയെ ഓടിച്ചെന്ന് കെട്ടിപിടിച്ച അവളെ ഹരി എടുത്ത് പൊക്കി രണ്ടുവട്ടം കറങ്ങിയ ശേഷം അവളുടെ നെറ്റിയിൽ ഒരുമ്മകൊടുത്ത് അവളെ അടിമുടിയൊന്ന് നോക്കി.
: എന്ത് കോലമാടി പെണ്ണെ ഇത്… നിനക്കവിടെ കഴിക്കാനൊന്നും കിട്ടാറില്ലേ.. ആകെ വാടിയപോലുണ്ടല്ലോ
: ഇത് ഏട്ടൻ എന്നെ എപ്പോ കണ്ടാലും പറയുന്നതാ.. ഇനി ഞാൻ ബോളുപോലെ ആവണോ…അല്ലേലും നമ്മള് കണ്ടിട്ട് ഇപ്പൊ ഒരുമാസം തികഞ്ഞില്ലല്ലോ…
: ഇതാ മോളെ ഭംഗി… ഇവൻ പറയുന്നതൊന്നും കേൾക്കണ്ട.
: ഏട്ടന് വയസായില്ലേ അങ്കിളേ… അതിന്റെ അസൂയയാണ്..
: അത് നിനക്ക് പറഞ്ഞാൽ മനസിലാവില്ല… പെങ്ങളുടെ മുഖമൊന്ന് വാടിയാൽ മതി ആങ്ങളമാരുടെ ചങ്ക് പിടയും.. എനിക്ക് നീയല്ലാതെ വേറെ ആരാടി ഉള്ളത്…
: ഇന്നൊരു പെണ്ണിന് കേക്ക് മുറിച്ച് വായിൽ വച്ചുകൊടുക്കുന്നത് കണ്ടല്ലോ… അവളില്ലേ ഏട്ടന്
: അപ്പൊ ഏതുനേരവും കാമറ നോക്കി ഇരിപ്പാണല്ലേ..
: അയ്യേ… എന്നോട് അങ്കിൾ വിളിച്ചു പറഞ്ഞിട്ട് നോക്കിയതാ.. അല്ല, ഇതുപോലൊരു സംഭവം ആ ഓഫിസിൽ ആദ്യമായിട്ടല്ലേ. എന്തുപറ്റി… ഏട്ടന് ഒരാളോട് ഇത്ര വിശ്വാസം തോന്നാൻ.. അല്ലെങ്കിൽ ജാതകം വരെ നോക്കിയാലും ബോധിക്കാത്തത് ആണല്ലോ
: നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ മാറ്റാമെടി…
: ഹേയ് അത് വേണ്ട.. എന്റെ ഏട്ടൻ ഒരാളെ നല്ലത് പറയണമെങ്കിൽ അത് ഒരു ഭൂലോക സംഭവമായിരിക്കും. പിന്നെ ആള് കൊള്ളാം.. എനിക്ക് ഇഷ്ടായി.
: എന്ന രാമേട്ടനെ പറഞ്ഞുവിട്ടാലോ… പെണ്ണ് ചോദിക്കാൻ
: അയ്യട മോനെ.. സമയമാവുമ്പോ ഞാൻ പറയാം ട്ടോ.. ഇനി എന്റെ പുന്നാര ആങ്ങള വന്നേ… മുറിയൊക്കെ ആകെ അലങ്കോലമായി കിടക്കുവാ…എല്ലാമൊന്ന് തൂത്തുവാരി വൃത്തിയാക്കണം.