തുറന്നപ്പോൾ അതിൽ നിരവധി ആഭരണങ്ങൾ!!! മറ്റൊന്നും ആലോചിക്കാതെ, അതിൽനിന്നും രണ്ട് മാലകൾ എടുത്ത് ചെപ്പ് പഴയപടി വച്ച് പാളി അടച്ചതും കണ്ണാടിയിൽ, തൻ്റെ പിറകിൽ അതാ അവൾ നിൽക്കുന്നു… കൈയ്യിൽ ഒരു കത്തി. രവി ഞെട്ടി. പെട്ടെന്ന് പ്രതികരിച്ചാൽ ഇവൾ ഒച്ചയെടുത്ത് ആളെകൂട്ടും എന്നത് നൂറുതരം.
“നിങ്ങൾ.. നിങ്ങൾ ആരാ…” ഭയം കാരണം ശബ്ദം പുറത്ത് വന്നില്ല. പക്ഷേ അവരുടെ കൈയ്യിൽ ഇരിക്കുന്ന കത്തി വിറയ്ക്കുന്നുണ്ടായിരുന്നു. ഇവിടെ അവരെക്കാൾ ധൈര്യം പ്രകടിപ്പിക്കേണ്ടത് താനാണെന്ന് രവി തിരിച്ചറിഞ്ഞു.
“ഞാൻ ഒരു മോഷ്ടാവാണ്… ഇറങ്ങിയത് കക്കാനും… എനിക്ക് ആവശ്യത്തിനുള്ളത് ഞാൻ എടുത്തു… ബാക്കി അവിടെ വച്ചിട്ടുണ്ട്… പിന്നെ, എന്നെ കുത്തി പരിക്കേൽപ്പിക്കാനാണ് ഭാവമെങ്കിൽ, ഞാനും അത് തിരിച്ച് ചെയ്യും… അല്ല ഒച്ചയെടുത്ത് ആളെ കൂട്ടാനാണെങ്കിൽ ഞാൻ പറയും, ഇയാളാണ് എന്നെ വിളിച്ചുവരുത്തിയതെന്ന്…” ശബ്ദം താഴ്ത്തി അതും പറഞ്ഞ് രവി കട്ടിലിൽ ഇരുന്നു. രവിക്ക് ഉൾഭയം ഉണ്ടെങ്കിലും അത് പുറത്ത് കാട്ടിയില്ല.
“ഇയാൾ എന്തൊക്കെയാ പറയുന്നത്… ഞാൻ വിളിച്ചുവെന്നോ… ” അവരുടെ ശബ്ദത്തിൽ നല്ല വിറയൽ.
“എന്നെ കുടുക്കാൻ ശ്രമിച്ചാൽ ഞാൻ പറയും എന്നേ ഉദ്ദേശിച്ചുള്ളൂ…” രവി പറഞ്ഞു.
“വേണ്ടാ… പിന്നെ, നിങ്ങൾ ഇവിടെ വന്നിട്ടുമില്ല.. ഞാൻ നിങ്ങളെ കണ്ടിട്ടുമില്ല… അതുകൊണ്ട് വേഗം പൊക്കോ….ഞാനൊരു പ്രശ്നവും ഉണ്ടാക്കില്ല…” അവർ ചുമരിൽ ചാരി പറഞ്ഞു.
“ഇവിടെനിന്ന് എന്തൊക്കെ എടുത്തൂ…” അൽപ്പനേരത്തിന് ശേഷം അവർ ശാന്തമായി എന്ന് രവിക്ക് തോന്നി.