അവളെ ഞാൻ അവസാനമായി കാണുന്നതന്നാണ്. ഒരു മാസം മുന്നേ, അമ്മ പറഞ്ഞറിഞ്ഞിരുന്നു, അവളും കുടുംബവും നാട്ടിലേക്ക് തിരിച്ചു പോവുകയാണെന്ന്. തലേ ദിവസം അവളുടെ വീട്ടിൽ നിന്നും എന്തൊക്കെയോ ഒച്ചപ്പാടും ബഹളങ്ങളും കേട്ടിരുന്നുവത്രെ. അതിന്റെ പിറ്റേന്ന് അവൾ നാട്ടിലേക്ക് വണ്ടി കയറി. ഞാനുറക്കം കഴിഞ്ഞു വെളുപ്പിനെ എണീറ്റ് വന്നപ്പോൾ ആ വാർത്തയെന്നെ അറിയിച്ചതും എന്റെ അമ്മ തന്നെ. അവളന്ന് അവൾക്ക് വയറ്റിലുണ്ടെന്ന് പറഞ്ഞ അന്ന് മുതൽ ഞാൻ തീ തിന്നാത്ത ദിവസങ്ങളില്ല. നല്ല സ്വപ്നങ്ങൾ കാട്ടണമേ എന്ന് പ്രാർത്ഥിച്ചു കിടക്കാത്ത രാത്രികളില്ല. ആരോടും തുറന്നു പറയാൻ കഴിയാത്ത ഭാരമായി ഞാനാ കാര്യം ഉള്ളിൽ കൊണ്ടു നടന്നു. കാജലെന്നെ അറിയിച്ച വാർത്തയാണോ അതോ അവൾ നാട്ടിലേക്ക് തിരികെ പോയ വാർത്തയാണോ എന്നെ കൂടുതൽ വിഷമിപ്പിച്ചത് എന്നെനിക്ക് അറിയാൻ വയ്യ. ക്ളീൻ ഷേവ് ചെയ്തു നടക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഞാൻ അന്ന് മുതൽ ക്ഷൗരക്കത്തി കണ്ടിട്ടില്ല. നിവിൻ പോളിയെയോ, പ്രിത്വിരാജിനേയോ കണ്ടിട്ടല്ല. അങ്ങനെ തോന്നി. ഇപ്പൊ നല്ല കട്ടിത്താടിയുണ്ട്. നിരാശാകാമുകനാണോ എന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും ചോദ്യത്തിന് ഞാൻ ചിരിച്ചു കാട്ടി. അവരോട് ഞാനെന്തുത്തരം പറയാൻ? ഒരു പക്ഷെ അവളുടെ വീട്ടുകാർ കാര്യങ്ങളൊക്കെ അറിഞ്ഞു കാണും. അവളെ അതിന്റെ പേരിൽ തല്ലിക്കാണും. അതായിരിക്കും അന്നമ്മ കേട്ടെന്ന് പറഞ്ഞ ബഹളങ്ങളൊക്കെ. എങ്കിൽ, അത്ര മാന്യനാണെങ്കിൽ അവളെപ്പോയി കൂടെക്കൂട്ടി ഒരുമിച്ചു ജീവിക്കെടാ എന്നെന്റെ ഉള്ളിൽ നിന്നാരോ പറഞ്ഞു. തെറ്റു ചെയ്തു കഴിഞ്ഞുള്ള മനസ്സാക്ഷിക്കുത്ത്. ശെരിക്കും എന്താണ് തെറ്റ്? തെറ്റും ശെരിയും ഒക്കെ വേർതിരിച്ചറിയാൻ നമ്മുടെയീ ചുരുങ്ങിയ അറിവ് മാത്രം കൊണ്ട് നമ്മൾ യോഗ്യരാണോ? എന്റെ തെറ്റ് ചിലപ്പോൾ മറ്റാരുടെയെങ്കിലും ശെരിയായിരിക്കാം. നമ്മൾ തെറ്റെന്നു വിളിക്കുന്നത്, എന്തെങ്കിലും കാര്യം തെറ്റായിക്കാണാൻ നമ്മൾ കണ്ടു പിടിക്കുന്ന ഒരു ന്യായം മാത്രമാണെന്നാണ് എന്റെ പക്ഷം.
ഇപ്പൊ ഞാനിരിക്കുന്ന സ്ഥലത്തു നിന്നും തിരഞ്ഞു നോക്കിയാൽ കാണാം അന്നവൾ എന്നോട് അവസാനമായി സംസാരിച്ച സ്ഥലം. എന്തോ അങ്ങോട്ട് നോക്കിയിരിക്കാൻ തോന്നുന്നില്ല. ഉള്ളിലെന്തോ കൊത്തിവലിക്കും പോലെ. നാലഞ്ചു സിഗരറ്റ് പുകച്ചു തീർത്തു. ഇത്രയൊന്നും മുൻപ് പതിവുണ്ടായിരുന്നില്ല. ഒരു ദിവസം മൂഡുണ്ടെങ്കിൽ മാത്രം രണ്ടെണ്ണം. അതും വലിക്കണമെന്ന് നിർബന്ധമില്ല. ഇന്നിങ്ങോട് വരുന്ന വഴി ഒരു പാക്കറ്റ് വാങ്ങി. ഇരുന്നൊരോന്ന് ആലോചിച്ചു കൂട്ടി തച്ചിന് വലിച്ചു. കാറ്റും കൊണ്ട് ചാരിയിരുന്ന തെങ്ങിൻ ചുവട്ടിൽ നിന്നും പോകാൻ എണീറ്റപ്പോൾ പോക്കറ്റിൽ കിടന്ന മൊബൈൽ ശബ്ദിച്ചു. പരിചയമില്ലാത്ത നമ്പർ കണ്ട് കോൾ എടുക്കണോ വേണ്ടയോ എന്ന് ഞാൻ ശങ്കിച്ചു. ഒടുക്കം ആരെയോ പ്രതീക്ഷിച്ചേട്ടന്ന പോലെ കോൾ ബട്ടൻ അമർത്തി ഫോണ് ചെവിയിലേക്ക് വെച്ചു.
“ചെട്ടാ…”
മറുതലക്കൽ നിന്നും കേട്ട ശബ്ദത്തിനുടമയെ തിരിച്ചറിയാൻ എനിക്ക് അല്പം പോലും ബുദ്ധിമുട്ടേണ്ടി വന്നില്ല.
“കാജൽ”
നിറഞ്ഞ പുഞ്ചിരിക്കിടയിലൂടെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു. എന്റെ കണ്ണുകൾ ഈറനണിഞ്ഞു. കാതങ്ങൾക്കപ്പുറം, മറ്റൊരു നാട്ടിൽ എന്റെ പെണ്ണും, ഞാനവൾക്ക് പകർന്നു കൊടുത്ത ജീവനും സുഖമായിരിക്കുന്നു എന്ന വാർത്ത എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. കാണുവാനുള്ള കൊതി, അവളെ എങ്ങിനെ പറഞ്ഞറിയിക്കണം എന്നെനിക്കറിയില്ലായിരുന്നു. അപ്പോഴും ഞാൻ ചിന്തിച്ചു. ഞാനീപ്പെണ്ണിനെ പ്രേമിച്ചിരുന്നോ? അറിയില്ല.
കാജൽ [കമൽ]
Posted by