” നീ ഈ ലോകത്ത് ഒന്നുമല്ലേ?? ” എന്റെ പഞ്ചിങ് ബാഗിൽ ഉള്ള ഇടിയുടെ ഫോഴ്‌സ് കുറഞ്ഞത് കൊണ്ട് ആവും നന്ദു അങ്ങനെ ചോദിച്ചത്.
” ഞാൻ നാളെ തറവാട്ടിൽ പോവുന്ന കാര്യം ആലോചിക്കുക ആയിരുന്നു. ” ഞാൻ ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു. തറവാട്ടിൽ കാവിൽ തുള്ളൽ നടക്കുകയാണ്. അച്ഛനും എന്റെ രണ്ടാനമ്മയും രണ്ടു ദിവസം മുന്നേ തന്നെ പോയി. അച്ചുന് സെം exam ആയത് കൊണ്ട് ഞാനും അച്ചുവും ആരതിയും അഞ്ചുവും പോയില്ല. നാളെ പോണം. മൈൻഡ് റിലാക്സ് ചെയ്യാൻ തറവാട് നല്ലൊരു ഓപ്ഷൻ ആണ്.
കാവ്, നാഗരാജനും, കരിനാഗയക്ഷിയും, കുഴിനാഗയക്ഷിയും, രക്ഷസും, ഗന്ധർവനും, യക്ഷിയും, മുത്തപ്പനും ഒക്കെ കുടിഇരിക്കുന്ന സ്ഥലം. ഞങ്ങളുടെ തറവാട് കാക്കുന്നത് ഇവർ ആണ് എന്നാണ് മുത്തശ്ശി പറയുന്നത്. എല്ലാ കൊല്ലവും ഇവരെ പ്രീതിപെടുത്താൻ തുള്ളൽ നടത്തും. ഒന്നാം ദിവസത്തെ ഭസ്മകളത്തിൽ തുടങ്ങി അവസാനം പൂർണ കളത്തിൽ അവസാനിക്കുന്ന പത്തു ദിവസത്തെ ചടങ്ങ്. കുടുംബത്തിലെ എല്ലാരും ഒത്തു കൂടുന്ന ചടങ്ങ് ആണ്. എന്തൊക്ക മിസ്സ് ചെയ്താലും ഞാൻ തുള്ളലിന് തറവാട്ടിൽ പോവും. ഇതിൽ ഒക്കെ വിശ്വാസം ഉള്ളത് കൊണ്ട് ആണോ എന്ന് ചോദിച്ചാൽ അല്ല. എനിക്ക് ഈ കളം വരയ്ക്കുന്നത് കാണാൻ ഇഷ്ടം ആണ്. എന്റെ ഡ്രോയിങ്സിന് ഒക്കെ നിറവും ജീവനും നൽകുന്നതിൽ കുഞ്ഞിലേ കണ്ട് വളർന്ന ഈ കളമെഴുത്തും ചായങ്ങളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
” നീ തുള്ളലിന് വരുന്നില്ലന്ന് തന്നെ ആണോ തീരുമാനം?? ” ഞാൻ നന്ദുവിനോട് ചോദിച്ചു. അവൻ അതേ എന്ന അർഥത്തിൽ തല ആട്ടി. എല്ലാ കൊല്ലവും എന്റെ കൂടെ വരുന്നവൻ ആണ് ഇത്തവണ എന്തോ പരുപാടി ഉണ്ട് അത്രേ. കുറച്ച് നാൾ ആയി ഞാൻ ശ്രദ്ധിക്കുന്നു. ഞാൻ അറിയാത്ത എന്തോ ഒന്ന് അവന്റെ മനസ്സിൽ കയറി കൂടിയിട്ടുണ്ട്. ഐഷു ആയി ബന്ധം ഉള്ള എന്തോ ആണ് എന്നാ എനിക്ക് തോന്നുന്നത്. അത് കൊണ്ട് തന്നെ ഞാൻ അതിനെ കുറിച്ച് അധികം അന്വേഷിക്കാൻ നിന്നില്ല.
” നമുക്ക് ഒരു ഡ്യൂവൽ നോക്കിയാലോ?? ” നന്ദു ഗ്ലൗസ് കൈയിൽ ഇട്ടു കൊണ്ട് ചോദിച്ചു. ഞാൻ സമ്മതിച്ചു. ഞങ്ങൾ റിങ്ങിൽ കയറി. നന്ദു fighting സ്റ്റാൻഡ്സിൽ നിന്നു. സുദേവന്റെ റിതം കോപ്പി ചെയ്ത് എന്റെ നേരെ പാഞ്ഞു വന്നു. അവന്റെ കോംബോ പഞ്ചുകളും കിക്കുകളും എന്റെ നേരെ use ചെയ്തു. ഞാൻ അതൊക്കെ ബ്ലോക്ക് ചെയ്ത് കൗണ്ടർ അറ്റാക്ക് നടത്തി.
” നന്ദു നിന്നെ ഞാൻ ഒരു കാര്യം ഏർപ്പെടുത്തി ഇരുന്നല്ലോ, അത് എന്തായി?? ” ഏറെ നേരം നീണ്ട റിങ് പ്രാക്ടീസിനിടയിൽ ഞാൻ ചോദിച്ചു. അവൻ സംശയ പൂർവ്വം എന്നെ നോക്കി.
” ആ പെങ്കൊച്ചിന്റെ കാര്യം ആണോ?? ” അവൻ ചോദിച്ചപ്പോ ഞാൻ അതേ എന്ന് പറയുമ്പോലെ തലയാട്ടി.