അറിയാത്ത സന്തോഷം എവിടേയോ പോയി മറഞ്ഞു. നെഞ്ച് പൊട്ടുന്ന പോലെ, ഏറെ ആഗ്രഹിച്ചത് എന്തോ കയ്യെത്തും ദൂരത്തിൽ വരെ എത്തിയിട്ട് പെട്ടന്ന് ദൂരേക്ക് എവിടെയോ പോയി മറഞ്ഞത് പോലെ ഒരു തോന്നൽ. ഉള്ളിൽ എവിടേയോ നാമ്പ് ഇട്ട് തുടങ്ങിയ പ്രതീക്ഷയുടെ ഒരു നാളം പെട്ടന്ന് അണഞ്ഞു പോയത് പോലെ.
എനിക്ക് അങ്ങനെ ഒരു അവസ്ഥയിൽ അവിടെ നിൽക്കാൻ ആയില്ല. ഞാൻ മുകളിലേക്ക് പോയി, ബാത്‌റൂമിൽ കയറി മുഖം ഒന്ന് കഴുകി.
” പൊട്ടി “കണ്ണാടിയിൽ തെളിഞ്ഞ പ്രതിബിംബത്തിൽ നോക്കി വിളിച്ചിട്ട് വെറുതെ ഒന്ന് ചിരിച്ചു. പിന്നെ പല്ല് ഒക്കെ തേച്ചു എന്റെ കട്ടിലിൽ വെറുതെ അങ്ങനെ മലന്നു കിടന്നു. മനസ്സ് ഒന്ന് ശാന്തം ആയി എന്ന് തോന്നിയപ്പോ ഞാൻ എഴുന്നേറ്റു താഴേക്ക് ചെന്നു. പുള്ളി അപ്പോഴും tv യുടെ മുന്നിൽ അങ്ങനെ ഇരിക്കുകയാണ്. പക്ഷെ മനസ്സ് ഇവിടെ ഒന്നുമില്ലന്ന് ആ മുഖം കാണുമ്പോഴേ അറിയാം. ഇപ്പോഴും എന്തക്കയോ ആലോചനയിൽ തന്നെയാണ്. ആ മുഖത്തു മനുഷ്യനെ ഭയപ്പെടുത്തുന്ന വല്ലാത്ത ഒരു തരം വന്യത, ഓർക്കാൻ ഇഷ്ടം ഇല്ലാത്ത എന്തോ ആലോചിച്ചു കൂട്ടുകയാണ് എന്ന് വ്യക്തം ഒരുപക്ഷെ….
” ഏട്ടാ ഇത് എന്ത് ആലോചിച്ച് ഇരിക്കുകയാ??, എഴുന്നേറ്റുവാ ബ്രേക്ക് ഫാസ്റ്റ് കഴിക്കാം ” ആതു ഇതൊന്നും ശ്രദ്ധിക്കാതെ പുള്ളിയുടെ കയ്യിൽ കുലുക്കി വിളിച്ചു. ആലോചനയിൽ നിന്ന് ഞെട്ടി ഉണർന്ന അയാൾ ആദ്യം ഒന്ന് ഞെട്ടി, പിന്നെ അവളെ അടിമുടി നോക്കി മുഖം ഒക്കെ ദേഷ്യം കൊണ്ട് വിറച്ചു.
” ചി, വിടെടി ” അയാൾ അവളെ നോക്കി അലറി. ആതു അത് കെട്ട് പേടിച്ചു പുറകിലേക്ക് മാറി. പിന്നെ കണ്ണ് ഒക്കെ നിറഞ്ഞു തിരികെ ഓടാൻ പോയി.
അന്നേരം ആവണം പുള്ളി തിരികെ സെൻസിലേക്ക് വന്നത് പുള്ളിയും ഞെട്ടി എന്ന് വ്യക്തം. ഞാൻ ആതുവിനെ ആശ്വസിപ്പിക്കാൻ ആയി അവളുടെ അടുത്തേക്ക് നടന്നു. എന്ത് പറഞ്ഞ് ആണ് ഞാൻ അവളെ സമാധാനിപ്പിക്കുക. അവളുടെ മനസ്സ് വല്ലാത മുറിവ് ഏറ്റിട്ടുണ്ട് എനിക്ക് മനസ്സിലായി, അവൾ അത്ര കണ്ടു അയാളെ സ്നേഹിക്കുന്നുണ്ട്, എനിക്ക് അയാളോട് വല്ലാത്ത ദേഷ്യം വരുന്നത് ഞാൻ അറിഞ്ഞു. ആതു അവളും എനിക്ക് പ്രീയപ്പെട്ടവരും വേദനിക്കാൻ ഇട വരില്ല എന്ന ഒറ്റ കരാറിൽ ആണ് ഞാൻ ഇയാൾക്ക് മുന്നിൽ താലി കെട്ടാൻ തല കുനിച് കൊടുത്തത് എന്നിട്ട് ഇപ്പൊ…
ഞാൻ ആതുവിന്റെ അരികിൽ എത്തുന്നതിന് മുന്നേ തന്നെ അയാൾ അവിടെനിന്നും ഓടി പോവാൻ തുടങ്ങിയ അവളുടെ കയ്യിൽ കയറി പിടിച്ചു.
” അയ്യേ… ഏട്ടന്റെ കാന്താരി ഇത്തറേ ഉള്ളോ?? മോശം മോശം മോശം ഒന്ന് പേടിപ്പിച്ചപ്പോഴേ കണ്ണ് ഒക്കെ നിറഞ്ഞല്ലോ?? ” നിറഞ്ഞ പുഞ്ചിരിയോടെ ആണ് അയാൾ അവളോട് ചോദിച്ചത്. ആ മുഖത്തു നിന്ന് ദേഷ്യം ഒക്കെ മാറി ഒരുതരം വാത്സല്യവും കുസൃതിയും ഒക്കെ ആണ്. ആതുവിനു അത്ഭുതം. എങ്കിലും അവൾക്ക് അവളുടെ സങ്കടം നിയന്ത്രിക്കാൻ ആയില്ല. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.