” എന്താണ് നീ അവനും എന്തേലും പറഞ്ഞു അടിപിടി ആയോ? ”
” ഏയ്യ് ഇല്ല അമ്മ ” എന്ന് മറുപടി പറഞ്ഞിട്ട് ഞാൻ അമ്മയുടെ മടിയിലേക്ക് ചാഞ്ഞു. അമ്മ എന്നെ സംശയത്തോടെ നോക്കി. അമ്മ എന്ന് വിളിച്ചത് കൊണ്ട് ആവും. എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് അമ്മക്ക് മനസ്സിലായിട്ടുണ്ട് എങ്കിലും അമ്മ ഒന്നും ചോദിച്ചില്ല. എന്റെ മുടിയിൽ ചുമ്മാ തഴുകി. അങ്ങനെ കിടന്നപ്പോ നല്ല ആശ്വാസം ഉണ്ട്.
” അച്ചോടാ, കുഞ്ഞാവ ചാച്ചുവാണോ?? ” പരിചയം ഉള്ള ശബ്ദം ഞാൻ കണ്ണ് തുറന്നു നോക്കി. ഐഷു.
” നീ ഇത് എപ്പോ വന്ന്?? ” ഞാൻ അത്ഭുതം കൂറി.
” മോള് ഇരിക്ക് ഞാൻ ചായ എടുക്കാം ” എന്നും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി.
” നിന്റെ പനി ഒക്കെ എങ്ങനെ ഉണ്ട് മോളെ? ” അവൾ എന്റെ നെറ്റിൽ തൊട്ട് കൊണ്ട് ചോദിച്ചു.
” എനിക്ക് പനി ആണെന്ന് നീ എങ്ങനെ അറിഞ്ഞു, അല്ല ഞാൻ ഇവിടെ ഉണ്ടെന്ന് ആരാ പറഞ്ഞെ?? ” ഞാൻ അവളോട് ചോദിച്ചു.
” അതൊക്കെ ഞാൻ അറിയും മോളെ ” അവൾ പിരികം ഒക്കെ പൊക്കി വലിയ കാര്യം പോലെ പറഞ്ഞു.
” ആതു പറഞ്ഞു കാണും അല്ലേ ”
” ആതു അല്ല, പറഞ്ഞത് അല്ലാതെയും ഇതൊക്കെ അറിയാൻ എനിക്ക് റിസോർസ് ഒക്കെ ഉണ്ട് ” ഐഷു അത് പറഞ്ഞപ്പോ അവളുടെ മുഖത്തു ഒരു തിളക്കം ഉണ്ടായിരുന്നു. അത് കണ്ടപ്പോഴേ എനിക്ക് ആളെ മനസ്സിലായി.
” അപ്പൊ നന്ദേട്ടൻ ആണ് പറഞ്ഞത് അല്ലേ?? രണ്ടും ഉടക്ക് ഒക്കെ തീർത്തോ?? ” ഞാൻ ചോദിച്ചപ്പോ പെണ്ണിന്റെ ചുണ്ടിൽ ഒരു ചിരി വിരിയാതെ ഇരുന്നില്ല.
” ഞങ്ങൾ തമ്മിൽ എന്ത് പിണക്കം. ഞാൻ ചുമ്മാ ചെറിയ ഒരു ഡോസ് കൊടുത്തത് അല്ലേ. അല്ല നിന്റെ കാര്യം എന്തായി പെണ്ണേ. അജേട്ടൻ എന്തിയെ?? ”
” എന്റെ എന്ത് കാര്യം വെറുതെ കെട്ടി ആടുന്ന വേഷം അല്ലാതെ എന്ത് ” ഞാൻ ഇത്രയും പറഞ്ഞിട്ട് അവളെ ഒന്ന് നോക്കി.
“അമ്മൂസേ ഞങ്ങൾ എന്റെ റൂമിൽ കാണുമെ ” അമ്മയോട് വിളിച്ചു പറഞ്ഞിട്ട് ഞാൻ ഐഷുനേം വിളിച്ചു റൂമിലേക്ക് ചെന്നു.