“മുഹൂർത്തായി…വരന്മാർ രണ്ടാളും ഇരുന്നോളു..”അവിടെ നിന്ന കർമ്മി പറഞ്ഞു.എന്റെ ഹാർട് ബീറ്റ് കൂടി കൂടി വന്നു. ഒരു പേടി നെഞ്ചിൽ ഉടലെടുത്തു. ഒപ്പം ഒരു വയർ വേദനയും. എങ്ങനെയൊക്കെയോ മനസിനെ പറഞ്ഞു മനസിലാക്കി ഞാനവിടെ ഇരുന്നു.
വൈകാതെ തന്നെ താലപ്പൊലിയുമായി കുറച്ച് പെൺകുട്ടികൾ നടന്നു വന്നു. അവരുടെ പിറകിലായി രണ്ട് സുന്ദരികളും. ഞാൻ ജീവിതത്തിൽ ഒരിക്കലും വേണ്ട എന്ന് പറഞ്ഞ നിമിഷം തന്നെ എന്റെ ജീവിതത്തിൽ ദാ നടക്കാൻ പോകുന്നു…ഞാൻ ചെയുന്നത് മണ്ടത്തരമോ എടുത്ത് ചാട്ടമോ ആണോ എന്ന പേടി ഇപ്പോഴും മനസിലുണ്ട്.
മാധവി നേരെ പോയി അരുണിന്റെ അരികിലായി ഇരുന്നു. മാനസി എന്റെ അരികിലും. സത്യത്തിൽ അപ്പോഴാണ് എന്റെ മനസ്സ് ഒന്ന് ശാന്തമായത്.
“പേടിയുണ്ടോ..?”പതിഞ്ഞ സ്വരത്തിൽ മാനസി എന്നോടായ് ചോദിച്ചു.
“ചെറുതായി…
“ഇനി അധികം സമയം ഇല്ല.. തീരുമാനത്തിൽ മാറ്റം ഉണ്ടെങ്കിൽ വേഗം പറ.
“ഇനി വല്ലതും പറഞ്ഞാൽ നാട്ടുകാർ എന്നെ വടിച്ചെടുക്കും.
അത് കേട്ട് അവൾ ഒന്ന് ചിരിച്ചു.
അവിടെ നിന്ന കർമ്മി എന്തൊക്കെയോ ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചു. ഒടുവിൽ താലി കെട്ടാനുള്ള സമയം ആയി. താലി വാങ്ങിയതും ചെണ്ടമേളം പോലെ എന്റെ കൈ കിടന്ന് വിറക്കാൻ തുടങ്ങി.ഒന്ന് താലി കെട്ടി പ്രാക്ടീസ് ചെയ്യാൻ പോലും സമയം കിട്ടിയില്ലലോ. എന്തായാലും എങ്ങനെയോ അവളുടെ കഴുത്തിൽ കൊണ്ട് ഞാൻ താലി വെച്ചു. പിറകിൽ നിന്ന ഏതോ ചേച്ചിമാർ ബാക്കി കാര്യം നോക്കി 🥵. അങ്ങനെ ആ കാര്യത്തിൽ ഒരു തീരുമാനമായി.
“സോറി…”പതിഞ്ഞ സ്വരത്തിൽ മാനസി വീണ്ടും എന്നോടായി പറഞ്ഞു. ഒരു ചിരിയിൽ ഞാൻ മറുപടിയിൽ ഒതുക്കി.
എന്തായാലും രണ്ടാളുടെയും അമ്മമാർ കല്യാണം കഴിഞ്ഞപാടെ നല്ല ഹാപ്പി ആയി. രാധിക ആന്റി എന്റെ അരികിൽ വന്നു ചേർത്ത് പിടിച്ചു ഒരുപാട് പൊട്ടിക്കരഞ്ഞു, കുറെ നന്ദിയും പറഞ്ഞു. മാധവിയും അരുണും ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. പെണ്ണിന്റെ ഭാഗത്ത് നിന്ന് ഒരു ഫോട്ടോഗ്രാഫർ മാത്രേ ഉണ്ടായിരുന്നുള്ളു. എനിക്കും മാനസികും പിക് എടുക്കാൻ വലിയ താല്പര്യം ഇല്ലായിരുന്നു, അതിനാൽ കുറച്ചു പിക്സ് എടുത്ത ശേഷം അവർ രണ്ട് പേരുടെയും പിക്സ് എടുക്കാനായി അവർ പോയി. ഞാനും മാനസിയും പ്രേത്യേകിച് ഒന്നും സംസാരിച്ചില്ല. ഇടയ്ക്കിടയ്ക്ക് തമ്മിലൊന്നു നോക്കും. അത്രേ ഉള്ളു. പിന്നെ സംസാരിക്കാൻ ചുറ്റും കുറേ അമ്മായിമാർ വള വള എന്ന് സംസാരിച്ചു നടപ്പുണ്ട്.