ചേച്ചി ഷാർജയിലേക്ക് പോകുന്ന കാര്യമറിഞ്ഞപ്പോൾ അനിയേട്ടൻ ചേച്ചിയുടെ തീരുമാനത്തെ ചോദ്യംചെയ്യാൻ മുതിർന്നില്ല. ഈ കാര്യത്തിൽ എന്നല്ല മറ്റ് എന്ത് കാര്യത്തിലായിരുന്നാലും അനിയേട്ടൻ ഇപ്പൊ ചേച്ചിയോട് ഒന്നുംതന്നെ പറയാൻ നിൽക്കില്ല, പറഞ്ഞാലും ചേച്ചി അത് അനുസരിക്കാൻ പോകുന്നില്ല എന്ന് അനിയേട്ടന് നന്നായി അറിയാം. അത്രയ്ക്ക് താളം തെറ്റി മാറിയിരുന്നു അവരുടെ ജീവിതവും മനസ്സും, അതുകൊണ്ടുതന്നെ അനിയേട്ടൻ ഒന്നും മിണ്ടാൻ പോയില്ല.
തിരുവല്ല തൃക്കുന്നം തറവാട് എന്ന് പറഞ്ഞാൽ അറിയാത്തവരായി ആരും തന്നെയില്ല, അത്രയ്ക്ക് പേരുകേട്ട തറവാടാണ് തൃക്കുന്നം തറവാട്, പേരിൽ മാത്രമല്ല സമ്പാദ്യംകൊണ്ടും വളരെ ഉയരങ്ങളിലാണ് തൃക്കുന്നം തറവാട്, ആ തറവാട്ടിലെ വിശ്വനാഥന്റേയും രാധ വിശ്വനാഥന്റേയും രണ്ടാമത്തെ മകൻ ഹരി വിശ്വനാഥനും ഭാര്യ സീതാലക്ഷ്മിയും ഷാർജയിലെ വലിയ ഒരു ഹോസ്പിറ്റലിൽ മാസം ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഡോക്ടർമാരാണ്..
തൃക്കുന്നം തറവാട്ടിൽ രണ്ടര വർഷമായി വീട്ട്ജോലിക്ക് നിന്ന് വരികയായിരുന്നു കൃപയേച്ചിയുടെ അമ്മ അജിത, കൃപയേച്ചിയുടെ ജീവിതത്തിലെ കഷ്ടപ്പാടുകളും ദുരിതങ്ങളും കേട്ടപ്പോൾ വിശ്വനാഥന്റെ ഭാര്യ രാധയാണ് തന്റെ ഭർത്താവിന്റെ അറിവോടെ മകനോട് ഈ കാര്യം ആവശ്യപ്പെട്ടത്.. അടുത്ത മാസം നാട്ടിൽ വന്നതിനുശേഷം അതിൽ ഒരു തീരുമാനം എടുക്കാം എന്ന് ഹരി പറയുകയും ചെയ്തു.
അങ്ങനെയാണ് കൃപയേച്ചിക്ക് ഷാർജയിലേക്ക് ജോലി ശെരിയാകുന്നത്. നാട്ടിലേക്ക് വന്ന ഹരിയും ഭാര്യ സീതയും നാട്ടിൽ വന്ന് കൃപയേച്ചിക്ക് ഷാർജയിലേക്ക് പോകാൻ വേണ്ടുന്ന കാര്യങ്ങൾ എല്ലാം ചെയ്തു, ഒരാഴ്ച്ച കഴിഞ്ഞ് അവർ പോകുമ്പോൾ അവർക്കൊപ്പം ചേച്ചിയെ കൊണ്ടുപോകാനായിരുന്നു അവരുടെ തീരുമാനം. ഹരിയുടെ അമ്മയുടെ അകന്ന ബന്ധുവാണ് ‘വിനോദ്,’ ഹരിയും ഭാര്യ സീതയും ജോലി ചെയ്യുന്ന അതേ ഹോസ്പിറ്റൽ ലാബ് ടെക്നിഷനാണ്, ഹരിയും സീതയും നാട്ടിലേക്ക് വന്നപ്പോൾ വിനോദും അവരുടെ ഒപ്പം നാട്ടിലേക്ക് വന്നിരുന്നു. പക്ഷെ ഹോസ്പിറ്റലിലെ തിരക്ക് കാരണം പെട്ടന്നുതന്നെ ഹരിക്കും സീതക്കും തിരികെ പോകേണ്ടി വന്നു, കൃപയേച്ചിയെ ഒപ്പം കൊണ്ടുപോകാൻ അവർക്ക് സാധിച്ചില്ല, വിനോദ് ഒരാഴ്ച്ച കഴിഞ്ഞ് തിരികെ ഷാർജയിലേക്ക് പോകുമ്പോൾ ഒപ്പം കൃപയേച്ചിയെയും കൂട്ടി ചെല്ലാനാണ് അവർ പറഞ്ഞിട്ട് പോയത്..