ഞാൻ ഷോപ്പ് തുറന്നു മുകളിലത്തെ നിലയിലേക്ക് പോയി. ഏതാനും മിനിറ്റുകൾക്ക് ശേഷം പുള്ളിയും എത്തി. കൈയിൽ ഒരു കെട്ടുമുണ്ടായിരുന്നു.
“അഫ്സലിനെന്തു പറ്റി?” പരുക്കൻ സ്വരത്തിൽ അയാൾ ചോദിച്ചു.
“ആള് ഔട്ട് ഓഫ് ടൗൺ ആണ്. ” ഞാൻ പറഞ്ഞു.
പുള്ളി പിന്നെ കൈയിൽ ഇരുന്ന കെട്ട് എടുത്തു കസേരയിൽ വച്ചു. ആ തുണിക്കെട്ടിൽ നിന്ന് ഒരു ബോക്സ് വലിച്ചൂരി മേശമേലേക്ക് വച്ചു. പിന്നെ അത് എന്റെ നേർക്ക് നീക്കി വച്ചു.
ഞാനത് തുറന്നു.
ഒരു ഗോൾഡൻ യെല്ലോ പ്രീമിയം സിൽക്ക് വെഡിങ് സാരീ. അതിന്റെ മടക്കുകൾ ഞാൻ നിവർത്തി. ആ മടക്കുകൾക്കുള്ളിൽ അടുക്കി വച്ചത് പോലെ ഒൻപതു പീസുകൾ. എന്റെ കൈയൊന്നു വിറച്ചു. ഒൻപതു പീസുകൾ, നാലര കിലോ… ഏതാണ്ട് ഒന്നരക്കോടിയുടെ മുതൽ..
“എങ്കിൽ ഞാൻ ഇറങ്ങുന്നു. അഫ്സൽ വിളിച്ചു പറഞ്ഞിട്ടുണ്ടല്ലോ..” അബ്ദുക്കയുടെ കനത്ത ശബ്ദം കാതിൽ വീണപ്പോൾ ആണ് ഞാൻ ഞെട്ടലിൽ നിന്നും പുറത്തു വന്നത്.
ഞാൻ ബോക്സ് അടച്ചു. പിന്നെ പുള്ളിയെ നോക്കി യന്ത്രികമായി ഒന്നു തലയാട്ടി.
“ഡെലിവറി ലൊക്കേഷൻ മെസ്സേജ് വരും.”
എന്നെ ഒന്ന് കൂടി നോക്കിയ ശേഷം പുള്ളി ഇറങ്ങിപ്പോയി.
ഞാൻ സാധനം ലോക്കറിലേക്ക് മാറ്റി. പിന്നെ ബാക്കി പുള്ളി കൊണ്ടുവന്ന ഐറ്റംസ് എല്ലാം സമീറയുടെ സെക്ഷനിലേക്ക് എടുത്തു വച്ചു. അതൊക്കെ അടുത്ത ദിവസം വന്നിട്ട്പുള്ളിക്കാരി നോക്കിക്കോളും.
ഇനിയിപ്പോൾ ഡെലിവറി ലൊക്കേഷൻ വരുന്ന വരെയും നോക്കിയിരിക്കണം. ഏതു പാതാളത്തിൽ ആണാവോ?.