” അജൂ ഇവിടെ എല്ലാവരും ചെയ്യുന്ന പണിയാണ്.. അതിങ്ങനെ വലിയ കുറ്റമൊന്നുമല്ല.. നീ എത്ര പേര് ഈ കേസിൽ ജയിലിൽ പോയി കണ്ടേക്കുന്നു.. അതൊക്കെ വിട്.. ഞാൻ അവിടെ ഉണ്ടെങ്കിൽ ഇപ്പോൾ നിന്നോട് ഇങ്ങനെ ആവശ്യപ്പെടുമായിരുന്നോ?.. പിന്നെ അജൂ നിനക്ക് ഓരോ സഹായങ്ങൾ ആവശ്യം വന്നപ്പോൾ ഞാനേ ഉണ്ടായിരുന്നുള്ളൂ.. അന്നൊന്നും നീ ഈ പറഞ്ഞ പോലെ ഒരു ബുദ്ധിമുട്ടും ഞാൻ പറഞ്ഞിട്ടില്ല..”
അയാളുടെ സ്വരത്തിലെ നീരസം എനിക്ക് മനസ്സിലായി.. ചെറ്റ… ഫ്ലാറ്റും, വണ്ടിയും ഒക്കെ എടുക്കാൻ ഉള്ള സാമ്പത്തിക സഹായമാണ് നാറി ഉദ്ദേശിച്ചത്…
“ഇക്ക അതൊന്നും ഞാൻ മറന്നിട്ടില്ല.. പക്ഷേ ഇങ്ങനെയൊരു കാര്യം.. ഇക്കയെന്റെ അവസ്ഥയൊന്നു മനസ്സിലാക്കു…”
എന്റെ സ്വരത്തിലെ ദയനീയത കേട്ടപ്പോൾ ഞാൻ അങ്ങേരുടെ വാക്കിൽ വീണെന്ന് പുള്ളിക്ക് മനസ്സിലായി.. പുള്ളിയുടെ ടോൺ മാറി…
“അജൂ… എന്റെ അവസ്ഥ നിനക്കറിയാല്ലോ? ഇത്രയും വിലയുള്ള സാധനം ഞാൻ നിന്നെ വിളിച്ച് ഏൽപ്പിക്കുമ്പോൾ തന്നെ ഞാൻ നിന്നെ എന്തുമാത്രം വിശ്വസിക്കുന്നുവെന്ന് നീ അറിയണം..”
പിന്നെയും പിന്നെയും ഇക്ക എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അയാളുടെ സഹായം സ്വീകരിച്ചു പോയതിനാൽ, ആ നേരത്തെ എന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. എന്റെ ദുരഭിമാനം എന്നെ കൊണ്ട് അവസാനം യെസ് പറയിച്ചു.
“ഇക്ക, ഈ ഒരൊറ്റ തവണത്തേക്ക് മാത്രം, ഇനിയൊരിക്കലും എന്നോട് ഇത്തരം കാര്യങ്ങൾ പറയരുത്.”
പുതിയൊരു തെറ്റിന്റെ വഴിയിലേക്ക് പോകും മുൻപ് ഏവരും പറയുന്ന ഡയലോഗ് തന്നെ ഞാനും ആവർത്തിച്ചു.