അവളാ മൃദുലമായ കൈകൾ എടുത്തു എന്റെ തലയിൽ മസ്സാജ് ചെയ്യാൻ തുടങ്ങി. ആ കൈ വിരലുകൾ എന്റെ തലയുടെ വശങ്ങളിലൂടെ പാഞ്ഞു നടന്നു.
അനിർവചനീയമായൊരാനന്ദം എന്നെ മൂടുന്നത് പോലെ തോന്നി. എന്റെ മനസ്സിലെ ടെൻഷൻ ഒക്കെ എവിടേക്കോ പോയി മറഞ്ഞു. എന്റെ മനസ്സിൽ ഞാൻ ഭാരം കുറഞ്ഞു ഒഴുകി നടക്കുന്ന പോലെ തോന്നി.
ആ വിരലുകൾ പകരുന്ന സുഖം ആസ്വദിച്ചു ഞാനാ കസേരയിലേക്ക് ഒന്നുകൂടി ചേർന്നിരുന്നു. ഈ സുഖം ഇങ്ങനെ ജീവിതം മുഴുവൻ കിട്ടിയിരുന്നെങ്കിലെന്ന് ഞാൻ ആശ്വസിച്ചു പോയി. ആ വിരലുകൾ അപ്പോഴും നിർത്താതെ മസ്സാജ് ചെയ്തു കൊണ്ടേയിരിക്കുവായിരുന്നു.
അടച്ച കൺപോളകൾക്ക് മുകളിൽ ഒരു നനുത്ത കാറ്റ് വന്നു പതിച്ചപ്പോൾ ആണ് ഞാൻ കണ്ണു തുറന്നത്.അവളെന്റെ കണ്ണുകളുടെ മുകളിൽ ഊതിയതാണ്. അപ്പോൾ കണ്ട കാഴ്ച,
കണ്ണ് തുറന്നു നോക്കിയത് എന്റെ മുഖത്തോട് ചേർന്ന് നിൽക്കുന്ന സമീറയുടെ പവിഴ ചുണ്ടുകളിലേക്കാണ്. ഓഹ്ഹ് നനവാർന്ന ആ ചുണ്ടുകൾ ഒന്ന് നുകരാൻ തോന്നി. വളരെ പ്രയാസപ്പെട്ടു ഞാനെന്റെ മനസ്സിനെ അടക്കി നിർത്തി.
” ഇപ്പോൾ ഓക്കേ ആയോ ” അവൾ ചിരിച്ചു കൊണ്ടെന്റെ മുടികളിൽ വിരലോടിച്ചു ചോദിച്ചു.
ഒരു നിമിഷം കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്താലോന്നു ഞാൻ ആലോചിച്ചു.
“നീ അടിപൊളിയാ… എന്തോരു സമാധാനം ഇപ്പോൾ. നിനക്കറിയാമോ, നിന്നോടൊപ്പമുള്ള ഈ ശാന്തമായ നിമിഷങ്ങൾ ഇങ്ങനെയെന്നും കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.”
ആ കൈകൾ പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
ആ കണ്ണുകൾ ഒന്ന് തിളങ്ങി, കവിളുകൾ അരുണാഭമായി ഒരു ക്ഷണ നേരത്തേക്ക് മാത്രം.. പിന്നെ സ്വത സിദ്ധമായ ചിരിയോടെ അവളെന്റെ മൂക്കിൽ പിടിച്ചു വലിച്ചു.
” പഞ്ചാര വർത്താനം മതിയാക്കി മോൻ ജോലി ചെയ്യാൻ നോക്ക്. ഞാൻ താഴോട്ട് ചെല്ലട്ടെ ”
അവൾ താഴേക്ക് നടന്നു, “താങ്ക്സ് ” ഞാൻ തിരിഞ്ഞു വിളിച്ചു പറഞ്ഞു.
അവൾ തിരിഞ്ഞു മൃദുവായി പുഞ്ചിരിച്ചു, അവളുടെ കണ്ണുകൾ ഞാൻ പറഞ്ഞത് മനസ്സിലാക്കുന്നതിന്റെ ആഴം ഉൾക്കൊള്ളുന്ന പോലെ തോന്നി.
ഞാൻ ജോലിയിലേക്ക് തിരിഞ്ഞു. വൈകുന്നേരം പോകുകയാണെന്ന് പറയാൻ അവൾ കയറി വന്നു. സാധാരണ അങ്ങനെ വരാറില്ല. അപ്പോൾ ഞാനവൾക്ക് പ്രിയപ്പെട്ടതായി തുടങ്ങി.